ശ്രീനഗർ: പാർട്ടി മീറ്റിങ്ങിനായി ഇറങ്ങാനൊരുങ്ങിയ പീപ്പിൾസ് ഡൊമാക്രാറ്റിക് പാർട്ടി (പി.ഡി.പി) നേതാക്കളെ പൊലീസ് തടഞ്ഞതായി ആക്ഷേപം. ജമ്മുകശ്മീരിെൻറ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനു ശേഷം ആദ്യ യോഗം ചേരാനായി ഇറങ്ങിയ പി.ഡി.പി നേതാക്കളെയാണ് പൊലീസ് തടഞ്ഞത്. പാർട്ടി വക്താവ് വഹീദുറഹ്മാനാണ് സംഭവം അറിയിച്ചത്.
' കശ്മീരിൽ സ്വാതന്ത്രം പൂർണമായി പുന:സ്ഥാപിക്കപ്പെട്ടിരിക്കുന്നുവെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. എന്നാൽ, പാർട്ടി മീറ്റിങ്ങിനായി പുറപ്പെട്ടപ്പോൾ പി.ഡി.പി നേതാക്കളെ പൊലീസ് തടഞ്ഞു. പിന്നെ എന്തു സ്വാതന്ത്ര്യത്തെ കുറിച്ചാണ് നിങ്ങൾ പറയുന്നത്'' - പി.ഡി.പി വക്താവ് ട്വീറ്റ് ചെയ്തു.
പാർട്ടി പ്രസിഡൻറ് മഹ്ബൂബ മുഫ്തി തടവറയിലായതിനാൽ ഭാവി കാര്യങ്ങൾ ചർച്ചചെയ്യാൻ ജനറൽ സെക്രട്ടറി ജി.എൻ ലോനെയായിരുന്നു മീറ്റിങ് വിളിച്ചിരുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മീറ്റിങ് കൂടാൻ ഡിവിഷണൽ കമീഷണറോടും പൊലീസ് അധികൃതരോടും അനുവാദം തേടിയെങ്കിലും മറുപടി ലഭിച്ചിരുന്നില്ലെന്നും പി.ഡി.പി വക്താവ് പറഞ്ഞു.
പാർട്ടി നേതാവ് നയീം അക്തറിനെ പൊലീസ് തടയുന്ന വിഡിയോയും പുറത്തു വിട്ടിട്ടുണ്ട്. ' താങ്കളെ പുറത്ത് വിടരുതെന്ന് മുകളിൽ നിന്ന് അറിയിപ്പുണ്ടെന്ന് ' പൊലീസ് പറഞ്ഞതായും നയീം അക്തർ പറഞ്ഞു.
2019 ആഗസ്റ്റ് അഞ്ചിനായിരുന്നു സംസ്ഥാനത്തിന് അർധ സ്വാതന്ത്ര പദവി നൽകിയിരുന്ന 370ാം വകുപ്പ് റദ്ദാക്കിയതായി പാർലമെൻറ് അറിയിച്ചത്. പിന്നീട് കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ ഒന്നടങ്കം തടവിൽ പാർപ്പിക്കുകയായിരുന്നു. മുൻ മുഖ്യമന്ത്രിമാരായ ഡോ. ഫാറൂഖ് അബ്ദുല്ല, മകൻ ഉമർ അബ്ദുല്ല, പീപ്പ്ൾസ് കോൺഫറൻസ് നേതാവ് സജ്ജാദ് ലോൺ എന്നിവരെ മോചിപ്പിച്ചെങ്കിലും പി.ഡി.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ മഹ്ബൂബ മുഫ്തിയുടെ കരുതൽ തടങ്കൽ മൂന്ന് മാസം കൂടി നീട്ടുയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.