ന്യൂഡൽഹി: പാർലമെന്‍റിൽ അതിക്രമിച്ച് കയറിയ അക്രമികൾക്ക് പാസ് നൽകിയ ബി.ജെ.പി എം.പിയെ ചോദ്യം ചെയ്യാത്തതിൽ വിമർശനവുമായി കോൺഗ്രസ്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും അക്രമികൾക്ക് പാസ് നൽകിയ ബി.ജെ.പി എം.പി പ്രതാപ് സിൻഹയെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ചോദിച്ചു.
"ലോക്‌സഭയിലെ അതീവ ഗുരുതരമായ സുരക്ഷാവീഴ്ച രാജ്യത്തെ ഞെട്ടിച്ചിട്ട് കൃത്യം ഒരാഴ്ചയായി. അന്വേഷണം ആരംഭിച്ചതായി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ലോക്‌സഭാ സ്പീക്കറും പറയുന്നു. എന്നാൽ, രണ്ട് അക്രമികളുടെ ലോക്‌സഭ പ്രവേശനത്തിന് സൗകര്യമൊരുക്കിയ ബി.ജെ.പി എം.പി പ്രതാപ് സിൻഹയെ ഏഴ് ദിവസം കഴിഞ്ഞിട്ടും ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണ്? - ജയ്റാം രമേശ് ചോദിച്ചു.
അക്രമികൾക്കെതിരെ യു.എ.പി.എ ചുമത്തിയിട്ടും പാസ് നൽകിയ എം.പിയെ ചോദ്യം ചെയ്യാത്തത് വിചിത്രമാണെന്നും പാർലമെന്‍റിൽ ഉണ്ടായ അക്രമത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രതികരണം ആവശ്യപ്പെട്ട 142 ഇൻഡ്യ എം.പിമാർ സസ്പെൻഷനിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർലമെന്റ് സുരക്ഷാ വീഴ്ച്ച ചോദ്യം ചെയ്ത എം.പിമാരെ സസ്പെൻഡ് ചെയ്തതിനെതിരെ ഡിസംബർ 22 ന് ഇൻഡ്യ മുന്നണി രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കിയിട്ടുണ്ട്.
ഇരുസഭകളിലേയും എം.പിമാരുടെ സസ്പെൻഷൻ ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷം അഭിപ്രായപ്പെട്ടു. എന്നാൽ സസ്പെൻഷനിലായ എം.പിമാർ ലോക്സഭ സ്പീക്കറെ അപമാനിച്ചു എന്ന് പറഞ്ഞാണ് കേന്ദ്രസർക്കാർ സസ്പെൻഷനെ ന്യായീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.