ന്യൂഡൽഹി: മുംബൈയെ പാക് അധീന കശ്മീറുമായി ഉപമിക്കുകയും ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെടുത്തി ആരോപണങ്ങൾ ഉയർത്തിയും വിവാദത്തിലായ കങ്കണ റണാവത്തിനെതിരെ ആഞ്ഞടിച്ച് നടിയും മുൻ കോൺഗ്രസ് നേതാവുമായിരുന്ന ഊർമിള മതോന്ദ്കർ.
കങ്കണ ഇരവാദവും വനിത കാർഡും ഇറക്കി കളിക്കുകയാണെന്നും ആദ്യം സ്വന്തം സംസ്ഥാനമായ ഹിമാചൽ പ്രദേശിലെ മയക്ക് മരുന്ന് മാഫിയക്കെതിരെ പോരാടൂ എന്നും അവർ ഉപദേശിച്ചു . ഇന്ത്യ ടുഡേയുടെ മറാത്തി വെബ് ചാനലിനോട് സംസാരിക്കുകയായിരുന്നു ഊർമിള.
'മയക്ക് മരുന്നുമായി ബന്ധപ്പെട്ട പ്രശ്നം രാജ്യമൊട്ടാകെ നേരിടുന്നതാണ്. ഹിമാചലാണ് മയക്കുമരുന്നുകളുടെ ഉത്ഭവസ്ഥാനമെന്ന് അവർക്ക് (കങ്കണ) അറിയുമോ ആവോ. അവർ ആദ്യം സ്വന്തം സംസ്ഥാനത്ത് നിന്ന് തന്നെ തുടങ്ങട്ടെ'- ഊർമിള പറഞ്ഞു.
മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിന് കൈമാറാത്ത ഇവർക്ക് എന്തിനാണ് ജനങ്ങളുടെ നികുതി പണത്തിൽ നിന്ന് വൈ പ്ലസ് സുരക്ഷ നൽകുന്നതെന്നും ഊർമിള ചോദിച്ചു.
മുംബൈ നഗരത്തിനെതിരെ കങ്കണ നടത്തിയ വിവാദ പരാമർശത്തിനെതിരെയും അവർ പ്രതികരിച്ചു. മുംബൈക്കെതിരെ അത്തരം പരാമർശങ്ങൾ നടത്തുേമ്പാൾ ആ നഗരത്തിനെ മാത്രമല്ല, ആ സംസഥാനത്തിലെ ജനങ്ങളെ കൂടിയാണ് നിങ്ങൾ അപമാനിക്കുന്നതെന്ന് അവർ പറഞ്ഞു.
ജയ ബച്ചനെപ്പോലെ ഒരാൾക്കെതിരെ സംസ്കാരമുള്ള ഒരാളും ആ രീതിയിൽ പ്രതികരിക്കില്ലെന്നും അവർ പറഞ്ഞു. എന്നിരുന്നാലും കങ്കണയുടെ പാലി ഹില്ലിലുള്ള ഓഫിസ് കെട്ടിടം ബി.എം.സി പൊളിച്ച നടപടിയെ അംഗീകരിക്കില്ലെന്നും കൂട്ടിച്ചേർത്തു. ഇക്കാര്യങ്ങൾക്കെതിരെ പ്രതികരിച്ചാൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നതിനാലാണ് ബോളിവുഡ് താരങ്ങൾ ഈ വിഷയങ്ങളിൽ പ്രതികരിക്കാത്തതെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.