പശ്ചിമ ബംഗാളിൽ ഇടത്-കോൺഗ്രസ് സഖ്യം സാധ്യമാകുന്നതിൽ മുസ്ലിം പണ്ഡിതൻ അബ്ബാസ് സിദ്ദീഖിയും അദ്ദേഹത്തിെൻറ പാർട്ടി ഇന്ത്യൻ സെക്കുലർ ഫ്രണ്ടും (ഐ.എസ്.എഫ്) അപ്രതീക്ഷിത വിലങ്ങുതടിയാകുന്നതായാണ് റിപ്പോർട്ടുകൾ. ബംഗാളിൽ 294 സീറ്റുകളിൽ 70 എണ്ണമാണ് സിദ്ദീഖി ചോദിക്കുന്നത്. അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായി സഖ്യം വേണമെന്നും വാശിപിടിക്കുന്നു. കോൺഗ്രസിനാകട്ടെ എ.ഐ.എം.ഐ.എം സഖ്യത്തോട് ഒട്ടും താൽപര്യമില്ല. സിദ്ദീഖി ആവശ്യപ്പെടുന്ന സീറ്റുകൾ വല്ലാതെ കൂടിപ്പോയെന്നും കോൺഗ്രസ് നേതൃത്വം പറയുന്നു. ഇടതു കക്ഷികളാകട്ടെ, വിട്ടുവീഴ്ചകളിൽ കുഴപ്പമില്ലെന്ന നിലപാടിലും.
വിഷയം ചർച്ച ചെയ്യാൻ ചൊവ്വാഴ്ച ചേർന്ന ഇടത്-കോൺഗ്രസ് യോഗം പ്രശ്നം പരിഹരിക്കാനാവാതെ അലസിപ്പിരിഞ്ഞതോടെ തെരഞ്ഞെടുപ്പിന് കഷ്ടി രണ്ടു മാസം മാത്രം ബാക്കിനിൽക്കെ പ്രതിസന്ധി ഗുരുതരമായി തുടരുകയാണ്.
സംസ്ഥാനത്തെ മുൻനിര മുസ്ലിം കേന്ദ്രമായ ഫുർഫുറ ശരീഫ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 34 കാരനായ പണ്ഡിതൻ സിദ്ദീഖി കഴിഞ്ഞ മാസമാണ് സ്വന്തം കക്ഷിയായി ഐ.എസ്.എഫിന് രൂപം നൽകുന്നത്. എന്നിട്ടും, ഒട്ടും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് അദ്ദേഹത്തിെൻറത്.
''ഇടത് പക്ഷവും കോൺഗ്രസും പോലുള്ള മതേതര കക്ഷികളുമായി സഖ്യം വേണമെന്ന് ഞങ്ങൾക്കുണ്ട്. പക്ഷേ, സംസ്ഥാനത്തുടനീളം ഞങ്ങളുടെ സ്വാധീനവും പിന്തുണയും അവർ മനസ്സിലാക്കണം''- സിദ്ദീഖിയുടെ ആവശ്യമിതാണ്. സീറ്റുചർച്ചകൾ വരുേമ്പാൾ അരികിലേക്കു മാറ്റിനിർത്തുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും സിദ്ദീഖി പറയുന്നു.
ഐ.എസ്.എഫ് വന്നോട്ടെയെന്ന് വെക്കുേമ്പാഴും ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മിനെ പൊറുപ്പിക്കാനാവില്ലെന്നാണ് കോൺഗ്രസ് തീരുമാനം. ''ഐ.എസ്.എഫിനെ കൂടെ കൂട്ടാൻ തത്ത്വത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. പക്ഷേ, സീറ്റുകളുടെ എണ്ണത്തിൽ അന്തിമ ചർച്ച പൂർത്തിയായിട്ടില്ല. സഖ്യം സാധ്യമാകാൻ കൂട്ടായ ശ്രമം ഉണ്ടാകണം''- കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി പറയുന്നു.
അതേ സമയം, എ.ഐ.എം.ഐ.എമ്മുമായി സഖ്യം ഇല്ലെന്ന് ചൗധരി ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. എന്നു മാത്രമല്ല, പുതുതായി രൂപം നൽകിയ കക്ഷികൾ ഇത്തരം ആവശ്യങ്ങളുമായി സമീപിക്കുന്നത് ശരിയല്ലെന്നും വെബ് പോർട്ടലായ 'ദി പ്രിൻറി'നോട് അേദ്ദഹം പറയുന്നു.
എന്നാൽ, ഗ്രാമീണ ബംഗാളിലെ മുസ്ലിം വോട്ടുകൾ നിർണായകമായതിനാൽ വിട്ടുവീഴ്ചയാകാമെന്നാണ് സി.പി.എം നിലപാട്.
''തൃണമൂലും ബി.ജെ.പിയും തോൽക്കണമെന്ന് ആഗ്രഹിക്കുന്ന കക്ഷികളുമായി സഖ്യത്തിനാണ് ഞങ്ങളുടെ നീക്കം. ചില വിടവുകൾ ഇപ്പോഴും നിലനിൽക്കുന്നു. അവ നികത്താനാണ് ശ്രമം തുടരുന്നത്'' -പറയുന്നത് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം മുഹമ്മദ് സാലിം. ഐ.എസ്.എഫുമായി സഖ്യസാധ്യതകളുടെ ചുമതല വഹിക്കുന്നയാൾ കൂടിയാണ് സാലിം.
''നിലവാരമുള്ള സഖ്യമാണ് തേടുന്നത്. ഓരോ മണ്ഡലത്തിലെയും വിജയ സാധ്യത നോക്കണം. വിശ്വാസ്യതയും വേണം. െഎ.എസ്.എഫിന് ചില സീറ്റുകളിൽ വലിയ സ്വാധീനമുണ്ട്. അത് ഞങ്ങൾക്കറിയാം. കോൺഗ്രസിനും ചില പ്രശ്നങ്ങളുണ്ട്. ഭിന്നതകൾ തീർക്കാനാണ് ശ്രമം'' -സാലിം പറയുന്നു.
പാർട്ടി നടത്തിയ മണ്ഡലതല സർവേക്കു ശേഷമാണ് 70 സീറ്റുകൾ വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയതെന്ന് സിദ്ദീഖി പറയുന്നു.
'മാൾഡ, മുർഷിദാബാദ്, ഹൂഗ്ളി, ഇൗസ്റ്റ് മിഡ്നാപൂർ, നദിയ, സൗത്ത്- നോർത്ത് 24 പർഗാന എന്നിവിടങ്ങളിലാണ് ഐ.എസ്.എഫ് മത്സരിക്കാനുദ്ദേശിക്കുന്നത്.
എന്നാൽ, മാൾഡയും മുർഷിദാബാദും ഇത്രയും കാലം കോൺഗ്രസിന് കരുത്തായി നിന്ന മേഖലകളാണ്. ഇവ വിട്ടുനൽകാൻ പാർട്ടി ഒരിക്കലും തയാറല്ല.
എന്നാൽ, ചോദിച്ച സീറ്റുകൾ വിട്ടുനൽകാൻ തയാറാണെങ്കിൽ അവരുമായി സഖ്യം ചേർന്ന് വോട്ട് വീതംവെച്ചു പോകുന്നത് ഒഴിവാക്കുമെന്ന് സിദ്ദീഖി പറയുന്നു.
''കോൺഗ്രസ് ഒരു ആവശ്യം മുന്നോട്ടുവെച്ചതായി മനസ്സിലാക്കുന്നു. പക്ഷേ, ഇതുപോലൊരു പോരാട്ടത്തിൽ ഭിന്നത മറന്ന് ഒന്നായി പോകണം. അവർ നിബന്ധനകളാണ് സംസാരിക്കുന്നതെങ്കിൽ എനിക്കും നിബന്ധനകളുണ്ട്. എ.ഐ.എം.ഐ.എം പൂർണ സ്വാതന്ത്ര്യം നൽകിയാണ് സഖ്യത്തിന് തയാറായത്. അവരുമായി സീറ്റ് വിഭജന ചർച്ചകളും പുരോഗമിക്കുകയാണ്''- സിദ്ദീഖി നയം വ്യക്തമാക്കുന്നു.
തന്നെ തൃണമൂൽ സമീപിച്ചതായും സിദ്ദീഖി പറയുന്നു. ''മമത തെൻറ പ്രതിനിധിയെ വിട്ടിരുന്നു. തെരഞ്ഞെടുപ്പ് ധാരണ വേണമെന്നായിരുന്നു ആവശ്യം. 44 സീറ്റ് വേണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്. അത് അവർ തള്ളി. ചർച്ച അവസാനിക്കുകയും ചെയ്തു''.
വികസനം മമതയെ തുണക്കുമെന്ന് വിദഗ്ധർ
ഐ.എസ്.എഫ് ഇടത്-കോൺഗ്രസ് സഖ്യത്തിനൊപ്പം ചേരുന്നത് തൃണമൂലിനും മുഖ്യമന്ത്രി മമത ബാനർജിക്കും ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
''ഇടത്-കോൺഗ്രസ്-ഐ.എസ്.എഫ് സഖ്യം വരുന്നതോടെ മുസ്ലിം വോട്ട് ചിതറിപ്പോകുന്നത് ഒഴിവാകും''- രാഷ്ട്രീയ നിരീക്ഷകൻ പ്രഫ. സമീർ ദാസ് പറയുന്നു.
ഐ.എസ്.എഫ് അവർക്കൊപ്പം ചേരുന്നതോടെ ഇടത്-കോൺഗ്രസ് സഖ്യത്തിന് ഹിന്ദു വോട്ടുകൾ കുറയും. മറുവശത്ത്, ഐ.എസ്.എഫ് വന്നതോടെ തൃണമൂൽ വിട്ട മുസ്ലിം വോട്ടുകൾ തിരികെ തൃണമൂൽ പാളയത്തിൽ തെന്ന എത്തുകയും ചെയ്യും''.
എന്നാൽ, ''ബി.ജെ.പി-തൃണമൂൽ ദ്വന്ദം മാത്രമായി മാറിയ സംസ്ഥാന രാഷ്ട്രീയത്തിൽ ഐ.എസ്.എഫ് കൂടി ചേർന്ന ഇടത്-കോൺഗ്രസ് സഖ്യത്തിന് വിള്ളലുണ്ടാക്കാനാകുമെന്ന്'' മറ്റൊരു നിരീക്ഷകനായ പ്രഫ. അബ്ദുൽ മതീൻ പറയുന്നു. മാൾഡ, മുർഷിദാബാദ്, സൗത്ത്- നോർത്ത് 24 പർഗാനാസിൽ വോട്ടുകൾ കാര്യമായി ഉലയുന്നത് മമതയെ ബാധിക്കും. മറ്റിടങ്ങളിൽ വിഭജിച്ചുനുറുങ്ങാൻ സാധ്യത കുറവ്. എന്നുവെച്ചാൽ, സഖ്യം സാധ്യമായാൽ മമതക്ക് വലിയ നേട്ടമുണ്ടാകേണ്ടതില്ല''.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.