യശ്വന്ത് സിൻഹ പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാർഥി

ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പൊതുസ്ഥാനാർഥിയായി മു​ൻകേന്ദ്രമന്ത്രി യശ്വന്ത് സിൻഹ. സ്ഥാനാർഥിത്വം മുൻനിർത്തി തൃണമൂൽ കോൺഗ്രസിൽനിന്ന് രാജിവെച്ച അദ്ദേഹത്തെ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സി.പി.എം, ആം ആദ്മി പാർട്ടി, ടി.ആർ.എസ് എന്നിവയടക്കം രണ്ടു ഡസനോളം പാർട്ടികൾ പിന്തുണക്കും.

എൻ.സി.പി നേതാവ് ശരദ്പവാറിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിപക്ഷ നേതാക്കളുടെ യോഗമാണ് 84കാരനായ യശ്വന്ത്സിൻഹയെ പൊതുസ്ഥാനാർഥിയായി അംഗീകരിച്ചത്. നേരത്തേ പരിഗണിച്ച ശരദ്പവാർ, ഫാറൂഖ് അബ്ദുല്ല, ഗോപാൽകൃഷ്ണ ഗാന്ധി എന്നിവർ വിസമ്മതം അറിയിച്ചതിനെ തുടർന്നാണ് യശ്വന്ത് സിൻഹയെ നിശ്ചയിച്ചത്. തൃണമൂലിൽനിന്ന് രാജിവെക്കുമെങ്കിൽ സിൻഹയെ പിന്തുണക്കാമെന്നായിരുന്നു കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും നിലപാട്.

ജനാധിപത്യത്തിനും മതേതരത്വത്തിനും മോദിസർക്കാർ കൂടുതൽ പരി​ക്കേൽപിക്കാതിരിക്കാൻ പറ്റിയ ഒരാൾ രാഷ്ട്രപതി സ്ഥാനത്ത് വരണമെന്ന അഭിലാഷത്തോടെയാണ് പൊതുസ്ഥാനാർഥിയെ നിർത്തുന്നതെന്ന് പ്രതിപക്ഷ നേതൃയോഗം വ്യക്തമാക്കി. പ്രതിപക്ഷത്തിനുകൂടി ​സ്വീകാര്യനായൊരു സംയുക്ത സ്ഥാനാർഥിയെ നിർത്തുന്ന കാര്യത്തിൽ ഭരണകക്ഷിയുടെയും സർക്കാറിന്റെയും ഭാഗത്തുനിന്ന് ഗൗരവപ്പെട്ട ശ്രമങ്ങളൊന്നും ഉണ്ടായില്ല. അതേസമയം, കേന്ദ്ര ഏജൻസികളെ പ്രതിപക്ഷത്തിനുനേരെ ആയുധമാക്കുകയാണ് സർക്കാറെന്നും യോഗം കുറ്റപ്പെടുത്തി.

പ്രതിപക്ഷ പാർട്ടികളുടെ ആദ്യ യോഗത്തിന് മുൻകൈയെടുത്ത തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ചൊവ്വാഴ്ചത്തെ യോഗത്തിന് എത്തിയില്ല. സ്ഥാനാർഥി നിർണയ ശ്രമങ്ങളിൽ കോൺഗ്രസും സി.പി.എമ്മും മറ്റുമായുള്ള നീരസമാണ് കാരണം. അതേസമയം, കോൺഗ്രസിൽ നിന്നല്ല, രാഷ്ട്രപതി സ്ഥാനാർഥി സ്വന്തം ക്യാമ്പിൽ നിന്നായത് മമതക്ക് സന്തോഷകരം. കോൺഗ്രസുമായുള്ള പൊരുത്തക്കേടുകൾക്കിടയിൽ കഴിഞ്ഞ യോഗത്തിൽനിന്ന് വിട്ടുനിന്ന തെലങ്കാന രാഷ്​ട്രസമിതി, ആം ആദ്മി പാർട്ടി എന്നിവ പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ബി.ജെ.പിക്ക് ഒറ്റക്ക് 48 ശതമാനം വോട്ടുള്ള രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥിക്ക് ജയസാധ്യതയില്ല. എന്നാൽ, ശക്തമായ മത്സരവും ഐക്യത്തിന്റെ സന്ദേശവുമാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്. പൊതുസ്ഥാനാർഥിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷ നേതൃയോഗം പ്രത്യേക സമിതി രൂപവത്കരിച്ചിട്ടുണ്ട്.  

രാഷ്ട്രപതി സ്ഥാനാർഥിയായി മത്സരിക്കുന്നതിനായി യശ്വന്ത് സിൻഹ തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു. വലിയ ദേശീയ ലക്ഷ്യത്തിനായി പാർട്ടിയിൽനിന്നും വിട്ടു നിൽക്കേണ്ട സമയമായെന്നും പ്രതിപക്ഷ ഐക്യത്തിനുവേണ്ടി പ്രവർത്തിക്കേണ്ട സമയമായന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. തന്‍റെ തീരുമാനത്തെ മമത ബാനർജി അംഗീകരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. രാഷ്ട്രപതി സ്ഥാനാർഥിയാകണമെങ്കിൽ തൃണമൂലിൽനിന്നു രാജിവെക്കണമെന്ന് കോൺഗ്രസും ഇടതുപാർട്ടികളും ഉപാധി വച്ചിരുന്നു. ഈ ഉപാധി അംഗീകരിച്ചു കൊണ്ടാണ് പാർട്ടി വിട്ടത്.

1960 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ സിന്‍ഹ, 1984ൽ ഐ.എ.എസ് ഉപേക്ഷിച്ച് ജനതാ പാർട്ടിയിൽ ചേർന്നതോടെയാണ് രാഷ്ട്രീയത്തിൽ സജീവമായത്. 1986ൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി. 1988ൽ രാജ്യസഭാംഗമായെങ്കിലും 1989ൽ ജനതാദൾ രൂപവത്കരിക്കപ്പെട്ടപ്പോൾ അതിലേക്ക് കൂടുമാറി. പാർട്ടി ജനറൽ സെക്രട്ടറിയായ അദ്ദേഹം 1990ൽ ചന്ദ്രശേഖർ മന്ത്രിസഭയിൽ കേന്ദ്ര ധനമന്ത്രിയായി. പിന്നീട് വീണ്ടും ബി.ജെ.പിയിലെത്തി. 1996ൽ പാർട്ടിയുടെ ദേശീയ വക്താവായി. വാജ്പേയി മന്ത്രിസഭയിൽ ധനമന്ത്രിയായും വിദേശകാര്യ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. മോദിയുമായി തെറ്റിപ്പിരിഞ്ഞ് 2018ൽ പാർട്ടിവിട്ട് 2021ലാണ് തൃണമൂലിൽ ചേർന്നത്. 

നേരത്തെ ശരത് പവാറിനെയും ഫറൂഖ് അബ്ദുല്ലയെയും ഗോപാൽകൃഷ്ണഗാന്ധിയെയും രാഷ്ട്രപതി സ്ഥാനാർഥിയായി പരിഗണിച്ചിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പ് സംബന്ധിച്ച് ചർച്ചചെയ്യാൻ പ്രതിപക്ഷപാർട്ടികളുടെ രണ്ടാഘട്ട യോഗം ശരത് പവാറിന്‍റെ അധ്യക്ഷതയിൽ ഇന്ന് നടക്കും. തൃണമൂൽ കോൺഗ്രസിന്‍റെ പ്രതിനിധിയായി നാഷണൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയോഗത്തിൽ പങ്കെടുക്കും. ജൂലൈ 18നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ കാലാവധി ജൂലൈ24 ന് അവസാനിക്കും.  

Tags:    
News Summary - Yashwant Sinha Is Opposition Candidate For President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.