ദിണ്ഡുഗൽ/കോട്ടയം: പത്തനംതിട്ടയിൽനിന്ന് ബംഗളൂരുവിലേക്ക് പോയ അന്തർ സംസ്ഥാന സ്വകാര്യ ബസ് അപകടത്തിൽപെട്ട് യാത്രക്കാരും രക്ഷാപ്രവർത്തകനുമടക്കം മൂന്നുപേർ മരിച്ചു. അപകടത്തിൽപെട്ട ബസിൽനിന്ന് പുറത്തിറങ്ങിയവരെ മറ്റൊരു ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. പത്ര ഏജൻറ് മുണ്ടക്കയം പറത്താനം മൂന്നാനപ്പള്ളിയിൽ സണ്ണി ജോസഫിെൻറ മകൻ ജിനു ജോസഫ് (28), കട്ടപ്പന നരിയമ്പാറ പുതിയകാവ് ദേവീക്ഷേത്രം ചെയർമാൻ കെ.കെ. തങ്കപ്പെൻറ അനുജനും ട്രസ്റ്റ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായ കെ.കെ. രാജൻ (67), കൊല്ലം അഞ്ചാലുംമൂട് ചിറ്റിലക്കാട്ട് തെക്കേതിൽ ബൈജു (ഷാജി) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പത്തിലേറെ േപർക്ക് പരിക്കുണ്ട്.
ഞായറാഴ്ച രാവിലെ തമിഴ്നാട്ടിലെ ദിണ്ഡുഗലിന് സമീപം വേദസന്തൂരിലാണ് അപകടം. മഴയെത്തുടർന്ന് ബസ് തെന്നിമറിയുകയായിരുന്നു. അപകടത്തിൽ പരിക്കേൽക്കാതെ ജിനുവും രാജനും രക്ഷപ്പെട്ടിരുന്നു. തുടർന്ന് ഇരുവരും ബസിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ഇതുവഴി മിനി ലോറിയിൽ വരുകയായിരുന്ന ബൈജുവും രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. ബസിൽ കുടുങ്ങിയവരെ പുറത്തിറക്കുന്നതിനിടെ ഇവരെ പിന്നില്‍നിന്ന് വന്ന മറ്റൊരു ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ജിനു ബംഗളൂരു അഡോബി സിസ്റ്റംസ് ഐ.ടി കമ്പനിയിൽ സോഫ്റ്റ്വെയർ എൻജിനീയറിങ് സീനിയർ എക്സിക്യൂട്ടിവാണ്. ശനിയാഴ്ച വൈകീട്ട് ആറിനാണ് മുണ്ടക്കയത്തുനിന്ന് പുറപ്പെട്ടത്. രണ്ടാഴ്ചയിൽ ഒരിക്കൽ വീട്ടിൽ വന്നിരുന്ന ജിനു സ്ഥിരം ബസിലും വിമാനമാർഗവുമാണ് ബംഗളൂരുവിലേക്ക് യാത്ര ചെയ്തിരുന്നത്. അഞ്ചുവർഷമായി െഎ.ടി മേഖലയിൽ ജോലിചെയ്യുന്ന ജിനു ഒന്നരവർഷം മുമ്പാണ് അഡോബി സിസ്റ്റംസിൽ ചേർന്നത്. ജിനുവിെൻറ സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് പറത്താനം സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍. മാതാവ്: ആൻസി, സഹോദരൻ: ജിജു. രാജെൻറ സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: ബിജേഷ്, വിജി, ബിജു. മരുമക്കൾ: സുരേഖ രാജേഷ്, ഷാദിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.