മു​ഹ​മ്മ​ദ് ഷാ​ഫി വ​ട​ക​ര റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ ഓ​ഫി​സി​ൽ​

‘പ്രതികള്‍ മൈസൂരുവില്‍ ഇറക്കിവിട്ടു, അവിടെനിന്ന് ബസിൽ താമരശ്ശേരിയിലെത്തി’ -തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവ്

താമരശ്ശേരി/വടകര: ക്വട്ടേഷൻസംഘം തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവ് താമരശ്ശേരി പരപ്പന്‍പൊയില്‍ കുറുന്തോട്ടികണ്ടി മുഹമ്മദ് ഷാഫി(38) നാട്ടിൽ തിരിച്ചെത്തി. പ്രതികള്‍ മൈസൂരുവില്‍ ഇറക്കിവിടുകയും അവിടെനിന്ന് ബസിൽ താമരശ്ശേരിയിലെത്തുകയുമായിരുന്നുവെന്ന് ഷാഫി പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ആറോടെയാണ് തച്ചംപൊയിൽ ഒതയോത്തെ ഭാര്യവീട്ടിലെത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ഷാഫി എത്തിയ വിവരം കുടുംബാംഗങ്ങള്‍ പൊലീസില്‍ അറിയിച്ചതിനെ തുടർന്ന് വീട്ടിലെത്തിയ അന്വേഷണസംഘം ഷാഫിയെ വടകര റൂറൽ എസ്.പി ഓഫിസിലേക്ക് കൊണ്ടുപോയി വിവരങ്ങൾ ശേഖരിച്ചു.

തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ ഇയാളെ വടകര റൂറൽ ജില്ല പൊലീസ് മേധാവിയുടെ ഓഫിസിലെത്തിച്ച് മൊഴിയെടുത്തു. കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയും കോഴിക്കോട് റൂറൽ എസ്.പിയുടെ ചുമതലയുള്ള വയനാട് എസ്.പി ആനന്ദ്ഗുരുവും ഷാഫിയെ കണ്ടെത്തിയതോടെ വടകരയിൽ എത്തിയിരുന്നു. രാത്രി എട്ടുമണിയോടെ ഇയാളെ താമരശ്ശേരിയിലേക്ക് കൊണ്ടുപോയി.

ഏപ്രിൽ ഏഴിനു രാത്രി വീട്ടിലെത്തിയ ആയുധധാരികളായ നാലംഗ ക്വട്ടേഷൻ സംഘമാണ് മുഹമ്മദ് ഷാഫിയെയും ഭാര്യ സെനിയയെയും തട്ടിക്കൊണ്ടുപോയത്. സെനിയയെ പിന്നീട് വഴിയിൽ ഇറക്കിവിടുകയായിരുന്നു. വിദേശത്ത് നടന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നായിരുന്നു അന്വേഷണസംഘത്തിന്റെ നിഗമനം.

പ്രതികളെ കുറിച്ച് പൊലീസിന് ദിവസങ്ങളോളം ഒരു സൂചനയും ലഭിച്ചിരുന്നില്ല. ഇതിനിടയിലാണ് കാർ വാടകക്ക് നൽകിയ കാസർകോട് സ്വദേശിയെയും കാറും കസ്റ്റഡിയിലെടുത്തത്. ഇയാളിൽനിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാസര്‍കോട്, കർണാടകയിലെ ദക്ഷിണ കന്നട സ്വദേശികളായ അബ്ദുറഹ്മാന്‍, ഹുസൈന്‍, മുഹമ്മദ് നൗഷാദ്, ഇസ്മയില്‍ ആസിഫ് എന്നിവരെ കസ്റ്റഡിയിലെടുക്കുകയും തിങ്കളാഴ്ച അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

അറസ്റ്റ് ചെയ്തവരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഷാഫിയെ ഒളിപ്പിച്ചുതാമസിപ്പിച്ചതെന്നു കരുതുന്ന കർണാടക അതിർത്തി പ്രദേശങ്ങളിലെ ക്വട്ടേഷൻ സംഘാംഗങ്ങളുടെ വീടുകൾ പരിശോധിച്ചിരുന്നു.

പിടിയിലാവാതിരിക്കാൻ ഫോൺ ഉപയോഗിക്കാതെയാണ് ഇവർ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറി താമസിച്ചുകൊണ്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് അന്വേഷണം ശക്തമായതോടെ പ്രതികൾ ഷാഫിയെ മൈസൂരുവിലെത്തിച്ച് വിട്ടയക്കുകയായിരുന്നു.

Tags:    
News Summary - 10 days after abduction, Thamarassery native expat shafi returned home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.