തിരുവനന്തപുരം: പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയുമായി 10 വർഷത്തെ പരിചയമുണ്ടെന്നും കഴിഞ്ഞ ജൂലൈ മുതലാണ് അടുത്ത ബന്ധം തുടങ്ങിയതെന്നും പരാതിക്കാരി. തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. മോശം പെരുമാറ്റം തുടങ്ങിയതോടെ ബന്ധത്തിൽനിന്ന് അകലാൻ ശ്രമിച്ചു. ഇതോടെ മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവം തുടങ്ങി. ആദ്യം പരാതി നൽകിയത് വനിത സെല്ലിലായിരുന്നു. പിന്നീടാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയതെന്നും അവർ പറഞ്ഞു.
എം.എൽ.എക്കെതിരായ പീഡന പരാതി സത്യസന്ധമാണ്. കേസ് പിൻവലിക്കാൻ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. ഇത് വേണ്ടെന്ന് പറഞ്ഞപ്പോൾ പെരുമ്പാവൂരിലുള്ള മുൻ വാർഡ് മെമ്പറായ ഒരു സ്ത്രീ വിളിച്ചു ഭീഷണിപ്പെടുത്തി. പൊലീസുകാരനെ കൊണ്ട് വിളിപ്പിച്ചും ഭീഷണിയുണ്ടായി. വീണ്ടും ബുദ്ധിമുട്ടിച്ചപ്പോഴാണ് പരാതി നൽകിയത്.
14ാം തീയതി വീട്ടിൽ വന്ന് കോവളത്തേക്ക് കൂട്ടിക്കൊണ്ടു പോയത് എം.എൽ.എയാണ്. ഇവിടെവെച്ച് തന്നെ പരസ്യമായി ഉപദ്രവിക്കുന്നത്ത് കണ്ട് നാട്ടുകാർ ഓടിക്കൂടി. പൊലീസും സ്ഥലത്തെത്തി. എന്നാൽ, ഭാര്യയാണെന്ന് പറഞ്ഞ് എം.എൽ.എ രക്ഷപ്പെട്ടു. മർദനത്തിൽ പരിക്കേറ്റ തന്നെ എം.എൽ.എ തന്നെയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കൊണ്ടുപോയത്.
എം.എൽ.എയുടെ ഫോൺ തന്റെ കൈയിലില്ല. ഫോൺ എന്റെ കൈയിലാണെങ്കിൽ അദ്ദേഹം തനിക്കെതിരെ പരാതി നൽകാത്തത് എന്തുകൊണ്ടാണ്? കോടതിയിൽ നൽകിയ മൊഴിയിൽ താൻ ഉറച്ചുനിൽക്കും. കേസെടുത്ത ശേഷം മാധ്യമങ്ങളെ വീണ്ടും കാണും. കൂടുതൽ കാര്യങ്ങൾ പറയാനുണ്ടെന്നും അവർ പറഞ്ഞു.
സെപ്റ്റംബർ 14ന് കോവളത്തുവെച്ച് എം.എൽ.എ മർദിച്ചതായി 28നാണ് തിരുവനന്തപുരം പേട്ടയിൽ താമസിക്കുന്ന ആലുവ സ്വദേശിനിയായ അധ്യാപിക സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്. കമീഷണർ ഇത് കോവളം പൊലീസിന് കൈമാറി. തിങ്കളാഴ്ച വൈകീട്ട് സ്റ്റേഷനിൽ ഹാജരായ യുവതിയെ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കേസിന്റെ വിശദാംശങ്ങൾ കോടതി കോവളം പൊലീസിനോട് ആവശ്യപ്പെട്ടു.
എൽദോസിനെതിരെ സ്ത്രീയെ തട്ടിക്കൊണ്ടുപോയി മർദിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, വീട്ടിൽ അതിക്രമിച്ചു കടക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കോവളം പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്. കോവളം പൊലീസിനെതിരെയും ആരോപണമുള്ളതിനാൽ ജില്ല ക്രൈംബ്രാഞ്ചിന് കേസ് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.