കേരളത്തിൽ ഒരു കിലോമീറ്റർ ദേശീയപാത നിർമിക്കാൻ 100 കോടി

ന്യൂഡൽഹി: ഭൂമിവിലയുടെ 25 ശതമാനം സംസ്ഥാന സർക്കാർ വഹിക്കാമെന്ന് ഉറപ്പുനൽകിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാക്കുമാറ്റിയെന്നും ഇതുമൂലം കേരളത്തിൽ ഒരു കിലോമീറ്റർ ദേശീയ പാത നിർമിക്കാൻ ചെലവ് 100 കോടി രൂപയാണെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.

ലോക്സഭയിൽ ചോദ്യോത്തേര വേളയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഭൂമിവിലയുടെ 25 ശതമാനം സംസ്ഥാന സർക്കാർ നൽകാമെന്ന് ഉറപ്പുനൽകിയ മുഖ്യമന്ത്രി, ഇത്രയും തുക നൽകാൻ സംസ്ഥാനത്തിന് കഴിയില്ലെന്ന് വിശദീകരിച്ച് പിന്നീട് തനിക്ക് കത്തെഴുതി. അങ്ങനെയെങ്കിൽ സംസ്ഥാനം നൽകുന്ന നിർമാണ സാമഗ്രികളുടെ റോയൽറ്റിയും സംസ്ഥാന ജി.എസ്.ടിയും ഒഴിവാക്കിത്തരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ എത്തുമ്പോൾ ഇക്കാര്യങ്ങൾ വിശദമായി ചർച്ചചെയ്യും.

കേരളത്തിൽ റോഡ് നിർമിക്കണമെങ്കിൽ കിലോമീറ്ററിന് 100 കോടി രൂപ ചെലവാകുമെന്നതാണ് സ്ഥിതിയെങ്കിൽ എങ്ങനെ അതിനു കഴിയും? ഈ തുക എവിടെ നിന്ന് കണ്ടെത്തും? സമയബന്ധിതമായി പണി നടക്കണം. അഴിമതി ഉണ്ടാകരുത്. റോഡിന് ഗുണമേന്മ ഉറപ്പാക്കണം. ഭൂമി വിട്ടുകൊടുക്കേണ്ടി വരുന്നവരെ പ്രയാസപ്പെടുത്തരുത്. ഇത്തരം നല്ല ഉദ്ദേശ്യത്തോടെ കാര്യങ്ങൾ മുന്നോട്ടു നീക്കുമ്പോൾ, അധികാര സ്ഥാനങ്ങളിൽ ഉള്ളവർതന്നെ പിന്മാറുന്നു. ഭൂമി ഏറ്റെടുക്കലിന് ബന്ധപ്പെട്ട എല്ലാവരിൽനിന്നും അഭിപ്രായം കേട്ട് ഒരു മാസത്തിനകം തന്നെ ദേശീയപാത നിയമത്തിൽ ഭേദഗതി കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - 100 crores to build one kilometer national highway in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.