തിരുവനന്തപുരം: വിഷയ മിനിമം പുനഃസ്ഥാപിച്ചുള്ള ആദ്യ സ്കൂൾ വാർഷിക പരീക്ഷ ഈ അധ്യയന വർഷം എട്ടാം ക്ലാസിലെ വിദ്യാർഥികൾക്കായി നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
2025-26 അധ്യയന വർഷം എട്ട്, ഒമ്പത് ക്ലാസുകളിലും 2026-27 അധ്യയന വർഷം എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലും പൊതുപരീക്ഷയിൽ വിഷയ മിനിമം നടപ്പാക്കും. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച കോൺക്ലേവിൽ ഉയർന്ന പ്രതിഷേധം പൂർണമായും അടങ്ങിയിട്ടില്ലെന്നും ഘട്ടംഘട്ടമായി പരിഹരിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താനുള്ള ഇത്തരം നടപടികളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പൊതുപരീക്ഷയിൽ വിഷയ മിനിമം നടപ്പാക്കുന്നതിനും നിരന്തര മൂല്യനിർണയത്തിൽ തികഞ്ഞ ജാഗ്രത പുലർത്തുന്നതിനും മെറിറ്റ് മാത്രം പരിഗണിക്കുന്നതിനായി പ്രത്യേക മാനദണ്ഡങ്ങൾ പുറപ്പെടുവിക്കുന്നതിനും അനുമതി നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. മിനിമം മാർക്ക് നേടാൻ കഴിയാത്തവർക്ക് പരിഹാരബോധനവും തുടർന്ന് പരീക്ഷയും നടത്തുമെന്നും മന്ത്രി പറഞ്ഞു.
സ്കൂൾ വാർഷിക പരീക്ഷകളുടെ തീയതികൾ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. ഹൈസ്കൂളുകൾക്കൊപ്പമുള്ള എൽ.പി വിഭാഗം പരീക്ഷ 2025 ഫെബ്രുവരി 28 മുതൽ മാർച്ച് 27 വരെ നടത്തും.
ഹൈസ്കൂളുകൾക്കൊപ്പമുള്ള യു.പി വിഭാഗം പരീക്ഷ ഫെബ്രുവരി 27 മുതൽ മാർച്ച് 27 വരെ നടത്തും. എട്ടാം ക്ലാസിലെ പരീക്ഷ ഫെബ്രുവരി 24 മുതൽ മാർച്ച് 20 വരെയും ഒമ്പതാം ക്ലാസ് പരീക്ഷ ഫെബ്രുവരി 24 മുതൽ മാർച്ച് 27 വരെയും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.