തൊടുപുഴ: 15 വയസ്സുള്ള ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മാതാവിന്റെ സുഹൃത്തിന് 106 വർഷം കഠിന തടവും 2,60,000 രൂപ പിഴയും ശിക്ഷ. തൃശൂർ ചേലക്കര പുലാക്കോട് വാക്കട വീട്ടിൽ പത്മനാഭൻ എന്ന പ്രദീപിനെയാണ് (44) ശിക്ഷിച്ചത്. പിഴസംഖ്യ അടക്കാതിരുന്നാൽ 22 മാസംകൂടി അധിക കഠിനതടവും കോടതി വിധിച്ചു.
ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോർട്ട് പോക്സോ ജഡ്ജി പി.എ. സിറാജുദ്ദീനാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് 22 വർഷം അനുഭവിച്ചാൽ മതി. പിഴസംഖ്യ അടച്ചാൽ തുക പെൺകുട്ടിക്ക് നൽകാനും കൂടാതെ ഇടുക്കി ഡിസ്ട്രിക്ട് ലീഗൽ സർവിസസ് അതോറിറ്റിയുടെ വിക്ടിം കോമ്പൻസേഷൻ സ്കീമിൽനിന്ന് നഷ്ടപരിഹാരം അനുവദിക്കാനും കോടതി ഉത്തരവായി.
2022ലാണ് കേസിനാസ്പദമായ സംഭവം. പ്രതി പെൺകുട്ടിയുടെ മാതാവിനോടൊപ്പം ഹോട്ടലിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നു.
പെൺകുട്ടിയുടെ മാതാവും സഹോദരങ്ങളും വീട്ടിൽ ഇല്ലാതിരുന്ന അവസരങ്ങളിലാണ് പീഡനം നടന്നത്. സംഭവം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അടിമാലി പൊലീസ് ഇൻസ്പെക്ടർ ക്ലീറ്റസ് കെ. ജോസഫ് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സ്മിജു കെ. ദാസ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.