തൃശൂർ: ട്രെയിനിൽ അച്ഛനൊപ്പം യാത്രചെയ്ത 16കാരിക്കു നേരെ സംഘംചേർന്നുള്ള ലൈംഗികാതിക്രമം. തൃശൂർ സ്വദേശികളായ അച്ഛനും മകൾക്കും നേരെയാണ് 50 വയസ്സിനു മേൽ പ്രായം തോന്നിക്കുന്നവർ ഉൾപ്പെട്ട സംഘത്തിന്റെ അതിക്രമമുണ്ടായത്. കുട്ടിയുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും അശ്ലീലം പറയുകയും ചെയ്തെന്ന് തൃശൂർ റെയിൽവേ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
അഞ്ചുപേരാണ് അക്രമിസംഘത്തിൽ ഉണ്ടായിരുന്നതെന്നാണ് പെൺകുട്ടിയും പിതാവും നൽകിയ മൊഴിയിലുള്ളത്. എറണാകുളത്തുനിന്ന് യാത്ര പുറപ്പെട്ട ട്രെയിനിൽ ഇരിങ്ങാലക്കുട വരെയുള്ള വിവിധ സ്റ്റേഷനുകളിലായി ഇവർ ഇറങ്ങിപ്പോയെന്നും പരാതിക്കാർ പറഞ്ഞു. ശനിയാഴ്ച രാത്രി 7.50ന് എറണാകുളം ജങ്ഷനിൽനിന്ന് ഗുരുവായൂരിലേക്ക് പുറപ്പെട്ട സ്പെഷൽ എക്സ്പ്രസ് ട്രെയിനിലാണ് അതിക്രമമുണ്ടായത്. ട്രെയിൻ എറണാകുളം നോർത്ത് സ്റ്റേഷൻ പിന്നിട്ടതോടെ അഞ്ചംഗ സംഘം പെൺകുട്ടിയുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും അശ്ലീലം പറയുകയും ചെയ്തു.
പെൺകുട്ടിയുടെ പിതാവ് ഇതിനെ എതിർത്തപ്പോൾ ഇവർ ഭീഷണിപ്പെടുത്തി. തുടർന്ന് ഇടപ്പള്ളി സ്റ്റേഷനിൽ വെച്ച് പിതാവ് ട്രെയിനിലെ ഗാർഡിനെ വിവരമറിയിച്ചു. സംഭവം പൊലീസിൽ അറിയിക്കാമെന്നും തൊട്ടടുത്ത സ്റ്റേഷനിൽനിന്ന് പൊലീസ് നടപടിയുണ്ടാകുമെന്നുമായിരുന്നു ഗാർഡിന്റെ മറുപടി. എന്നാൽ, ആലുവ സ്റ്റേഷനിലെത്തിയിട്ടും പൊലീസുകാർ വന്നില്ല.
രാത്രിയായതിനാൽ ട്രെയിനിൽ യാത്രക്കാർ കുറവായിരുന്നു. പെൺകുട്ടിക്കു നേരെയുള്ള ഉപദ്രവത്തിനെതിരെ മലപ്പുറം സ്വദേശിയായ യുവാവ് പ്രതികരിച്ചപ്പോൾ ഇയാളെ അക്രമിസംഘം കൂട്ടമായി മർദിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പെൺകുട്ടി മൊബൈൽ ഫോണിൽ പകർത്തിയത് പൊലീസിന് കൈമാറി. മറ്റുള്ളവരാരും വിഷയത്തിൽ ഇടപെട്ടില്ലെന്ന് പിതാവും പെൺകുട്ടിയും പറയുന്നു.
യുവാവ് പ്രതികരിച്ച് രംഗത്തെത്തിയതോടെ ഇരിങ്ങാലക്കുട വരെയുള്ള വിവിധ സ്റ്റേഷനുകളിലായി സംഘത്തിലെ അഞ്ചുപേരും ഇറങ്ങിപ്പോവുകയായിരുന്നു. ട്രെയിൻ തൃശൂരിൽ എത്തിയപ്പോഴാണ് അച്ഛനും മകളും റെയിൽവേ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പ്രതികളായ അഞ്ചുപേർക്കെതിരെയും പോക്സോ നിയമപ്രകാരം റെയിൽവേ പൊലീസ് കേസെടുത്തു. പ്രതികളെല്ലാം ട്രെയിനിൽ പതിവായി യാത്രചെയ്യുന്ന സീസൺ ടിക്കറ്റുകാരാകാമെന്നാണ് പൊലീസിന്റെ നിഗമനം. സീസൺ ടിക്കറ്റുകാരുടെ വിവരങ്ങളും വിവിധ സ്റ്റേഷനുകളിലെ സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ചുവരുകയാണ്. പ്രതികളിൽ ഒരാളെ പൊലീസ് തിരിച്ചറിഞ്ഞതായി സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.