കൊച്ചി: മദ്യശാലകൾക്കുമുന്നിലെ നീണ്ട വരി അവസാനിപ്പിക്കാൻ സംസ്ഥാനത്ത് പുതിയ 175 വില്‍പന ശാലകള്‍ കൂടി ആരംഭിക്കുന്നത് പരിഗണനയിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിക്ക് നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യം സര്‍ക്കാര്‍ അഭിഭാഷകൻ അറിയിച്ചത്.
ഇത് സംബന്ധിച്ച ബെവ്കോ നൽകിയ ശുപാര്‍ശ എക്സൈസ് വകുപ്പിന്‍റെ പരിഗണനയിലാണന്ന് സത്യവാങ്മൂലത്തിൽ അറിയിച്ചു. വാക്ക് ഇന്‍ മദ്യവില്‍പന ശാലകള്‍ തുടങ്ങണമെന്ന കോടതിയുടെ നിര്‍ദേശവും സജീവ പരിഗണനയിലാണെന്ന് അഭിഭാഷകൻ അറിയിച്ചു. നിലവിൽ കേരളത്തില്‍ കൺസ്യൂമർ ഫെഡ്, ബെവ്കോ ഉടമസ്ഥതയിൽ 306 മദ്യ വിൽപന ശാലകളാണുള്ളത്. 1.12 ലക്ഷം പേര്‍ക്ക് ഒരു മദ്യവില്‍പന ശാല എന്നതാണ് അനുപാതം. 175 എണ്ണംകൂടി പുതുതായി തുടങ്ങിയാൽ 71,000 പേർക്ക് ഒരു മദ്യശാല എന്നായി മാറും. സ്വകാര്യബാറുകൾ ഇതിനുപുറമെയാണ്.
കർണാടകയിൽ 7,851 പേർക്ക് ഒരു മദ്യശാല എന്നതാണ് അനുപാതമെന്ന് റിേപ്പാർട്ടിൽ പറയുന്നു. അവിടെ ആകെ 8737 മദ്യശാലകളാണുള്ളത്. തമിഴ്നാട്ടിൽ 12,705 പേർക്ക് ഒരു ഷാപ്പ് എന്നതാണ് അനുപാതം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ സർക്കാർ വിൽപനശാലകൾ കുറവാണെന്നും കോടതിയെ അറിയിച്ചു.
ബെവ്കോ ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ ആൾക്കൂട്ടം സംബന്ധിച്ച് കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഈ ഘട്ടത്തിലാണ് മദ്യവിൽപ്പന ശാലകളുടെ എണ്ണം വർധിപ്പിക്കുന്ന കാര്യം അഭിഭാഷകൻ വിശദീകരിച്ചത്. സമീപവാസികള്‍ക്ക് ശല്യമാകാത്ത തരത്തില്‍ വേണം മദ്യവില്‍പനശാലകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കേസ് മറ്റൊരു ദിവസം പരിഗണിക്കാനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.