തൊടുപുഴ: കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതോടെ കേരളത്തിലെ വിനോദസഞ്ചാര മേഖലയുടെ പ്രതാപം തിരിച്ചുപിടിക്കാൻ വിപുല പദ്ധതികളുമായി വിനോദസഞ്ചാര വകുപ്പ്. ഒന്നര വർഷത്തോളം അകന്നുനിന്ന ആഭ്യന്തര, വിദേശ സഞ്ചാരികൾക്ക് കേരള കാഴ്ചകൾ പരിചയപ്പെടുത്താനും അവരെ മടക്കിക്കൊണ്ടുവരാനും 20 കോടിയോളം രൂപയുടെ പ്രചാരണ പരിപാടികൾക്കാണ് രൂപം നൽകിയിട്ടുള്ളത്. ഇതുസംബന്ധിച്ച് ടൂറിസം വകുപ്പ് സമർപ്പിച്ച നിർദേശങ്ങൾക്ക് സർക്കാർ അംഗീകാരം നൽകി.
വിദേശ സഞ്ചാരികളെ ലക്ഷ്യമിട്ട് ജനുവരി-മാർച്ച് കാലയളവിൽ നടത്താൻ നിശ്ചയിച്ച 11.72 കോടിയുടെ കാമ്പയിന് സർക്കാർ അനുമതി നൽകിയിരുന്നു. രാജ്യാന്തര ടൂറിസം വ്യാപാര റോഡ് ഷോ, ബി ടു ബി മീറ്റുകൾ, രാജ്യത്തിനകത്തും പുറത്തും വിവിധ മാധ്യമങ്ങൾ വഴിയുള്ള പരസ്യ പ്രചാരണം, രാജ്യാന്തര ടൂറിസം വ്യാപാര മേളകളിൽ കേരളത്തിെൻറ പങ്കാളിത്തം എന്നിവയാണ് കാമ്പയിെൻറ ഭാഗമായി രൂപം നൽകിയ പരിപാടികൾ. എന്നാൽ, ഇതിനിടെ ഒമിക്രോൺ ആശങ്ക മൂലം വിദേശ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള കാമ്പയിൻ ജനുവരിയിൽ തുടങ്ങേണ്ടെന്നാണ് തീരുമാനം. ആഗോളതലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി ഫെബ്രുവരിയിലാകും തുടങ്ങുക.
ആഭ്യന്തര സഞ്ചാരികളെ ലക്ഷ്യമിട്ട് കേരളത്തിലെ വിനോദസഞ്ചാര സാധ്യതകളെയും പ്രധാന കേന്ദ്രങ്ങളെയും കുറിച്ച് ഒ.ടി.ടി ചാനലുകൾ, റേഡിയോ, ഒാൺലൈൻ, എയർപോർട്ട്, സിനിമ ഹാൾ എന്നിവ കേന്ദ്രീകരിച്ച് 10 കോടി രൂപയുടെ പ്രചാരണ പരിപാടികൾക്ക് രൂപം നൽകിയതായി ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ജി.എൽ. രാജീവ് 'മാധ്യമ'ത്തോട് പറഞ്ഞു. ഇതുവഴി വരും നാളുകളിൽ കൂടുതൽ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാനാകുമെന്നാണ് പ്രതീക്ഷ. രാജ്യാന്തര തലത്തിൽ നടത്തുന്ന പരിപാടികളിൽ മാഡ്രിഡ്, ബാഴ്സലോണ, മിലാൻ, ബെർലിൻ, മ്യൂണിച്ച്, മോസ്കോ, സെൻറ് പീറ്റേഴ്സ് ബർഗ് എന്നിവിടങ്ങളിൽ ടൂറിസം വ്യാപാര റോഡ് ഷോ, ബി ടു ബി മീറ്റ്, രാജ്യാന്തര പത്രങ്ങൾ, ടി.വി പോർട്ടലുകൾ എന്നിവ വഴി പരസ്യ പ്രചാരണം, മാഡ്രിഡ്, ടെൽ അവീവ്, മിലൻ, ബെർലിൻ, മോസ്കോ, പാരീസ് എന്നിവിടങ്ങളിലെ രാജ്യാന്തര ടൂറിസം വ്യാപാര മേളകളിൽ കേരളത്തിെൻറ പങ്കാളിത്തം എന്നിവ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.