എയ്ഡ്സ് പ്രതിരോധം: ഇനി കേന്ദ്രസര്‍ക്കാര്‍ ഫണ്ട് നല്‍കില്ല; ആശ്രയം ലോകബാങ്ക് ഫണ്ട് മാത്രം

കോഴിക്കോട്: മാരകരോഗമായി കണക്കാക്കുന്ന എയ്ഡ്സ് പ്രതിരോധപ്രവര്‍ത്തനത്തിന് ഫണ്ട് അനുവദിക്കുന്നതില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങി. ലോകബാങ്ക് ഫണ്ട് മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തനത്തിന് ആശ്രയം. എല്ലാ സംസ്ഥാനങ്ങളിലും ലോകബാങ്ക് സഹായത്തോടെ 1996 മുതല്‍ പ്രവര്‍ത്തിക്കുന്ന പ്രോജക്ടുകളാണ് കേന്ദ്രസര്‍ക്കാറിന്‍െറ ധനസഹായമില്ലാത്തതിനാല്‍ പ്രതിസന്ധി നേരിടുന്നത്. സാമ്പത്തിക പ്രയാസം ചൂണ്ടിക്കാണിച്ചാണ് പദ്ധതിക്ക് ഫണ്ട് നിര്‍ത്തിയത്. ലോകബാങ്ക് 50 ശതമാനവും കേന്ദ്രസര്‍ക്കാര്‍ 50 ശതമാനവും എന്ന തോതിലായിരുന്നു  ഫണ്ട്  അനുവദിച്ചിരുന്നത്. എന്നാല്‍, മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം, 50 ശതമാനം സംസ്ഥാനങ്ങള്‍ വഹിക്കണമെന്നാണ് നിര്‍ദേശം.  ഇതിനോട് സംസ്ഥാന സര്‍ക്കാറുകള്‍ വിയോജിപ്പ് അറിയിച്ചിരിക്കുകയാണ്. ഒക്ടോബറില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍െറ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍, 15 മുതല്‍ 25  വരെ ശതമാനം മാത്രമേ വഹിക്കാനാകൂ എന്നായിരുന്നു  മുഖ്യമന്ത്രിമാരുടെ നിലപാട്. ഇതോടെ പ്രശ്നത്തില്‍ പരിഹാരമാവാതെ തുടരുകയാണ്.  
കേരളത്തിന് 2014ല്‍ 13 കോടിയാണ് ലഭിച്ചത്. രണ്ടു തവണയായി 5.75 കോടി മാത്രമാണ് ഈവര്‍ഷം അനുവദിച്ചത്. ഈ വര്‍ഷത്തെ 30 ശതമാനം ഫണ്ട് വെട്ടിക്കുറച്ചതായി  കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ മുഖേന സംസ്ഥാനങ്ങളെ അറിയിക്കുകയും ചെയ്തു. ഉള്ള ഫണ്ട്തന്നെ വൈകുകയാണ്. ഓണത്തിന്  ലഭിച്ച ശേഷം രണ്ടാഴ്ചക്ക് മുമ്പാണ് രണ്ടാം ഗഡു ലഭിച്ചത്. ഫണ്ട് ലഭ്യത കുറഞ്ഞതോടെ ഒരു വര്‍ഷത്തിനിടെ 35 ശതമാനത്തോളം പേരാണ് സംസ്ഥാനത്തെ പ്രോജക്ടുകളില്‍നിന്ന് കൊഴിഞ്ഞുപോയത്. ചില പ്രോജക്ടുകള്‍ അടുത്ത മാര്‍ച്ചോടെ നിര്‍ത്തേണ്ടിവരും. എയ്ഡ്സ് രോഗികള്‍ക്കുള്ള മരുന്നുകിറ്റ് മൂന്ന് മാസം മുടങ്ങിയിരുന്നു. എന്നാല്‍, ഫണ്ട് വിനിയോഗം ട്രഷറികള്‍ വഴിയായതിനാലുള്ള സാങ്കേതിക തടസ്സം കാരണമാണ് ഫണ്ട് വൈകുന്നതെന്നാണ് കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ വിശദീകരണം.  


എച്ച്.ഐ.വി: ചികിത്സാ സഹായം വര്‍ധിപ്പിക്കും –മന്ത്രി
തിരുവനന്തപുരം: എച്ച്.ഐ.വി ബാധിതര്‍ക്ക് നല്‍കുന്ന ചികിത്സാ സഹായം 520ല്‍നിന്ന് 1000 രൂപയായി വര്‍ധിപ്പിക്കുമെന്ന് മന്ത്രി വി.എസ് ശിവകുമാര്‍. ലോക എയ്ഡ് ദിനാചരണത്തിന്‍െറ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. എയ്ഡ്സ് ബോധവത്ക്കരണത്തിന് മികച്ച സംഭാവനകള്‍ നല്‍കിയവരെ ചടങ്ങില്‍ ആദരിച്ചു. എസ്.ബി.ടി ഏര്‍പ്പെടുത്തിയ 10 കുട്ടികള്‍ക്കുള്ള പഠന സഹായത്തിന്‍െറ ചെക് മാനേജര്‍ ദേവിപ്രസാദ് മന്ത്രിക്ക് കൈമാറി. സിനിമ-സീരിയല്‍ താരം ദിനേശ് പണിക്കര്‍, എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി അസി. ഡയറക്ടര്‍ ജി. അഞ്ജന, പ്രോജക്ട് ഡയറക്ടര്‍ എസ്. ജയകുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്‍. രമേശ്, സംസ്ഥാന ടി.ബി ഓഫിസര്‍ എ.പി. പാര്‍വതി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കെ. വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.