പേയാട്: ക്ലാസ് കട്ട് ചെയ്ത് മുങ്ങുന്ന വിരുതന്മാർ ജാഗ്രതൈ. വിവരം ഉടൻ വീട്ടിലറിയിക്കാൻ സ്കൂൾ അധികൃതർ സംവിധാനമൊരുക്കി. പേയാട് സെൻറ് സേവ്യേഴ്സ് ഹയർസെക്കൻഡറി സ്കൂളാണ് പദ്ധതി നടപ്പാക്കിയത്. രാവിലെ ക്ലാസിൽ ഹാജരാകാത്ത കുട്ടിയുടെ രക്ഷിതാവിെൻറ മൊബൈൽ ഫോണിലേക്ക് ശബ്ദസന്ദേശം, എസ്.എം.എസ് എന്നിവ നൽകുന്ന പദ്ധതിയാണ് ആരംഭിച്ചത്.
കുട്ടികൾ സ്കൂളിലേക്കെന്നുപറഞ്ഞ് വീട്ടിൽനിന്നിറങ്ങുകയും സ്കൂളിലെത്താതെ തിയറ്റർ, മറ്റ് വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കറങ്ങി നടക്കുകയും ചെയ്യുന്നത് ഒഴിവാക്കാനാണിത്. ഇത്തരം നിരവധി പരാതികൾ ലഭിച്ചിരുന്നു. പി.ടി.എ മീറ്റിങ്ങുകളിൽ ഇതുസംബന്ധിച്ച് പല അഭിപ്രായങ്ങളും ഉയർന്നിരുന്നു. ദിവസേന രക്ഷിതാക്കളെ ഫോണിൽ ബന്ധപ്പെട്ട് കുട്ടി ക്ലാസിൽ എത്തിയിട്ടില്ലെന്ന് അറിയിക്കുക എന്നതിൽ ധാരാളം പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. മറ്റൊരു ഉപാധി തേടി നടക്കുന്നതിനിടെയാണ് എയ്ഡഡ് സ്കൂൾ പ്രിൻസിപ്പൽമാരുടെ ജില്ലാതല യോഗത്തിൽ ജി.എസ്.എം സംവിധാനത്തിൽ മൊബൈൽ സന്ദേശം നൽകാൻ തീരുമാനിച്ചത്.
സ്വകാര്യ കമ്പനി സൗജന്യ സാങ്കേതിക സംവിധാനം സ്കൂളിന് നൽകാൻ തയാറായതോടെ പദ്ധതി യാഥാർഥ്യമാവുകയായിരുന്നു. അതത് ക്ലാസ് ടീച്ചർമാർ ഹാജർനില പരിശോധിച്ചശേഷം മൊബൈൽ ആപ്ലിക്കേഷൻ വഴി ക്ലാസിലെത്താത്ത കുട്ടിയെക്കുറിച്ച് രക്ഷിതാക്കൾക്ക് സന്ദേശം നൽകും. ഉച്ചക്കുശേഷവും ഈ രീതി തുടരും. കഴിഞ്ഞ ഒരുമാസമായി ഈ സംവിധാനം സ്കൂളിൽ വിജയകരമായി നടത്തിവരുകയാണെന്ന് പ്രിൻസിപ്പൽ ഡോ. ആർ.എസ്. റോയ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.