മൂന്നാറിലെ ഭൂമി കൈയേറ്റം: ആര്‍.ഡി.ഒ നാളെ റിപ്പോര്‍ട്ട് കൈമാറും

മൂന്നാര്‍: മൂന്നാര്‍, ചിന്നക്കനാല്‍, ദേവികുളം, പള്ളിവാസല്‍ പഞ്ചായത്തുകളിലായി നടന്ന ഭൂമി കൈയേറ്റങ്ങളെക്കുറിച്ചുള്ള മൂന്നാര്‍ റവന്യൂ ഡിവിഷനല്‍ ഓഫിസറുടെ അന്വേഷണം പൂര്‍ത്തിയായി.  ആര്‍.ഡി.ഒ സബിന്‍ സമീര്‍ തയാറാക്കിയ റിപ്പോര്‍ട്ട് തിങ്കളാഴ്ച ജില്ലാ കലക്ടര്‍ക്ക് കൈമാറും. വിവിധ പഞ്ചായത്തുകളിലായി 250ല്‍ അധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
ചെറുതും വലുതുമായ മൂന്നാറിലെ കൈയേറ്റങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍ ഹൈകോടതി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഐ.ജി ശ്രീജിത്തിനാണ് ചുമതല നല്‍കിയത്. ഐ.ജിയുടെ നിര്‍ദേശാനുസരണമാണ് ഇപ്പോള്‍ ആര്‍.ഡി.ഒ റിപ്പോര്‍ട്ട് തയാറാക്കിയത്. ചിന്നക്കനാലിലും പള്ളിവാസലിലുമാണ് ഏറ്റവും കൂടുതല്‍ കൈയേറ്റങ്ങള്‍. ഇതില്‍ വന്‍കിട കൈയേറ്റങ്ങളും ഉള്‍പ്പെടും. മൂന്നാര്‍ പൊലീസ് സ്റ്റേഷനില്‍ മാത്രം 61 കേസുകളാണ് കൈയേറ്റവുമായി ബന്ധപ്പെട്ടുള്ളത്. ഇതില്‍ 51 എണ്ണം സ്വകാര്യ വ്യക്തികള്‍ കൈയേറിയതാണ്.
വന്‍കിട കമ്പനിയായ കെ.ഡി.എച്ച്.പിക്ക് എതിരെ മൂന്നാറില്‍ ഏഴു കേസുകളുണ്ട്. ദേവികുളം, ശാന്തമ്പാറ, മറയൂര്‍ എന്നിവിടങ്ങളിലായി ഓരോ കേസും കമ്പനിക്കെതിരെയുണ്ട്. ഇരവികുളം ദേശീയോദ്യാനത്തിന്‍െറ ഒരു ഭാഗം കമ്പനി കൈയേറിയതായി റവന്യൂ വകുപ്പ് കണ്ടത്തെിയിരുന്നു. ഇതില്‍ തുടര്‍നടപടിയൊന്നും ഇല്ല. ഏറിയ പങ്കും കൈയേറ്റങ്ങള്‍ തെറ്റായ രേഖകള്‍ സമര്‍പ്പിച്ചും വ്യാജരേഖകള്‍ ചമച്ചുമാണ്. കാര്‍ഷിക മേഖലയായ കോവിലൂര്‍, വട്ടവട എന്നിവിടങ്ങളിലും വ്യാപകകൈയേറ്റങ്ങള്‍ നടന്നതായി ആരോപണമുണ്ട്.
തമിഴ്വംശജരെ കബളിപ്പിച്ച് രാഷ്ട്രീയ പാര്‍ട്ടി പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ ഭൂമി കൈക്കലാക്കിയെന്ന് നിവേദിത പി. ഹരന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.