ഒൗഷധവിപണിയില്‍ മറിമായം: മറുനാട്ടില്‍നിന്ന് ഗുണനിലവാരമില്ലാത്ത മരുന്നൊഴുക്ക്

മലപ്പുറം: ഒൗഷധങ്ങളുടെ ഗുണനിലവാരം നിര്‍ണയിക്കുന്നതിലെ വീഴ്ച മുതലെടുത്ത് ഇതര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ ഒഴുകുന്നു. ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഗുജറാത്ത്, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നാണ് പ്രധാനമായും ഇത്തരം ഒൗഷധങ്ങളത്തെുന്നത്. ഇത്തരം ഒൗഷധങ്ങള്‍ വില്‍ക്കുമ്പോള്‍ വന്‍ ലാഭം ലഭിക്കുന്നതാണ് ഈ കുത്തൊഴുക്കിന് പ്രധാന കാരണം.
1948ല്‍ നിലവില്‍വന്ന ഫാര്‍മസി നിയമം അനുസരിച്ചാണ് ഒൗഷധവില്‍പനയെങ്കിലും അതിലെ വ്യവസ്ഥകള്‍ പലതും പാലിക്കപ്പെടുന്നില്ല. ബ്രിട്ടീഷ് കാലത്തുതന്നെ കൊണ്ടുവന്ന ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ട്, ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് റൂള്‍സ്, 1956ലെ ഇന്ത്യന്‍ മെഡിക്കല്‍ ആക്ട് എന്നിവയും ജീവന്‍രക്ഷാ ഒൗഷധങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള വ്യവസ്ഥകള്‍ നിഷ്കര്‍ഷിക്കുന്നുണ്ടെങ്കിലും പേരിന് മാത്രമേ നടപ്പാക്കുന്നുള്ളൂ. ആരോഗ്യവകുപ്പും ഒൗഷധനിയന്ത്രണ വിഭാഗവും ഫാര്‍മസി കൗണ്‍സിലും ഒരേപോലെ കണ്ണടക്കുകയാണ്.
ഗുണനിലവാരം ഇല്ളെന്നും പാര്‍ശ്വഫലങ്ങളുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം പലപ്പോഴായി ചില മരുന്നുകള്‍ നിരോധിക്കാറുണ്ട്. എന്നാല്‍, ആ മരുന്നുകള്‍ രണ്ടു വര്‍ഷത്തോളം വിപണിയില്‍ കറങ്ങിയശേഷമാണത്രെ ഈ നിരോധം വരുന്നത്. അതുവരെ മരുന്ന് കുറിച്ചുനല്‍കിയവരും വില്‍പനക്കാരും കമ്പനികളും അതുപയോഗിച്ച രോഗികളെ കാണാറില്ല. അവര്‍ക്ക് നഷ്ടപരിഹാരത്തിനും നടപടിയില്ല. എന്നാല്‍, നിരോധിച്ച അതേ മരുന്നുകള്‍ മറ്റു കമ്പനികളുടെ പേരില്‍ വിപണിയില്‍ എത്തുന്നുമുണ്ട്. ഇതു പരിശോധിച്ച് പുതിയ ഫലം വരുമ്പോഴേക്കും പിന്നെയും രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കും. അധികം ലാഭം കിട്ടുന്ന മരുന്നുകള്‍ കുറിപ്പടിപോലും ഇല്ലാതെയാണ് പല കടകളിലും വില്‍ക്കുന്നത്. വില്‍പനാനുമതിയുണ്ടെങ്കിലും ഈ മരുന്നുകളുടെ ഗുണനിലവാരത്തെക്കുറിച്ച് ഫാര്‍മസിസ്റ്റുകള്‍ക്കുപോലും ആശങ്കയുണ്ട്. മൂന്നര രൂപ വിലയുള്ള പനി, വേദനസംഹാരി ഗുളികക്ക് 10 രൂപ വരെയാണ് ഈടാക്കുന്നത്. കഫക്കെട്ടിനുള്ള അമോക്സിലിന് 17-20 രൂപയാണെങ്കിലും വില്‍ക്കുന്നത് 60-70 രൂപക്ക്. പല മരുന്നുകളും അമിത വിലക്കാണ് വില്‍ക്കുന്നത്.
ഒൗഷധവിതരണ, വില്‍പനരംഗം കാര്യക്ഷമമാക്കാന്‍ കഴിഞ്ഞ ജനുവരി 15ന് ദേശീയ ഫാര്‍മസി കൗണ്‍സില്‍, ഫാര്‍മസി പ്രാക്ടിസ് റെഗുലേഷന്‍സ് പ്രകാരം കര്‍ശന വ്യവസ്ഥകള്‍ കൊണ്ടുവന്നെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് അനക്കമില്ല. പണം നല്‍കിയാല്‍ ആര്‍ക്കും ഉത്തരേന്ത്യയിലെ ചില കമ്പനികള്‍ പുതിയ പേരില്‍ മരുന്നുകള്‍ കേരളത്തില്‍ ഇറക്കിത്തരുമെന്നും  ഒരു കൂട്ടം ഡോക്ടര്‍മാരുടെ സഹായത്തോടെ കമീഷനും പാരിതോഷികങ്ങളും നല്‍കി വിറ്റഴിക്കാനുള്ള സംവിധാനമുണ്ടെന്നും കേരള ഫാര്‍മസിസ്റ്റ്സ് അസോസിയേഷന്‍ സെക്രട്ടറി എം.പി. പ്രേംജി ചൂണ്ടിക്കാട്ടുന്നു. മരുന്നുകളുടെ വില ഏകീകരണം വന്നതോടെ കുറഞ്ഞ വിലയുണ്ടായിരുന്ന ‘ജനറിക്’ മരുന്നുകളുടെ വില കൂടിയ ബ്രാന്‍ഡുകളിലേക്ക് മാറിയിട്ടുമുണ്ട്. ചിലപ്പോഴൊക്കെ 200ഉം 400ഉം ഇരട്ടി വരെയാണ് കമ്പനികള്‍ ലാഭമെടുക്കുന്നത്.
ആയിരക്കണക്കിന് മെഡിക്കല്‍ ഷോപ്പുകളില്‍ വിറ്റഴിക്കുന്നതിന്‍െറ നാലിരട്ടിയാണ് ആശുപത്രി ഫാര്‍മസികള്‍ വഴി വില്‍ക്കുന്നത്. ഡോക്ടര്‍മാര്‍ സാധാരണ നിര്‍ദേശിക്കാത്ത ‘പ്രൊപഗാന്‍ഡ’ മരുന്നുകള്‍ കമ്പനികള്‍ കച്ചവടക്കാരെ സ്വാധീനിച്ച് വില്‍പന നടത്തുന്നുണ്ട്. ഈ മരുന്നുകളുടെ ഗുണനിലവാരമറിയാന്‍ ഒരു സംവിധാനവുമില്ല.
മരുന്ന് കുറിപ്പടികള്‍ ചുരുങ്ങിയത് അഞ്ചു വര്‍ഷമെങ്കിലും മെഡിക്കല്‍ ഷോപ്പുകളിലും ആശുപത്രികളിലും സൂക്ഷിക്കണമെന്നാണ് പുതിയ ഫാര്‍മസി പ്രാക്ടിസ് റെഗുലേഷന്‍സില്‍ പറയുന്നതെങ്കിലും കേരളത്തില്‍ ഇതിന്‍െറ ഒരുക്കങ്ങള്‍ എവിടെയും എത്തിയിട്ടില്ല.
കടകളില്‍ മരുന്നുകള്‍ സൂക്ഷിക്കാന്‍ ആവശ്യമായ ഊഷ്മാവ് നിയന്ത്രണ സംവിധാനങ്ങള്‍ പാലിക്കപ്പെടുന്നുമില്ല. പൊതുജനങ്ങള്‍ക്ക് അവബോധം ഉണ്ടാക്കുന്നതിനായി ഓരോ വര്‍ഷവും ഫാര്‍മസി വാരാഘോഷം ദേശീയതലത്തില്‍തന്നെ നടത്തണമെന്ന് നിര്‍ദേശമുണ്ടെങ്കിലും ഫാര്‍മസി കൗണ്‍സിലോ ഒൗഷധനിയന്ത്രണ വിഭാഗമോ ഇതില്‍ താല്‍പര്യം കാണിക്കാറില്ളെന്ന ആക്ഷേപമുണ്ട്.
ചില സംഘടനകള്‍ മാത്രമാണ് വാരാഘോഷം സംഘടിപ്പിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.