കരുണാകരന്‍ ഉണ്ടായിരുന്നെങ്കില്‍ വര്‍ഗീയ ശക്തികള്‍ക്ക് ഇടം കിട്ടുമായിരുന്നില്ല –വി.ഡി. സതീശന്‍

തൃശൂര്‍: കെ. കരുണാകരന്‍ ഉണ്ടായിരുന്നെങ്കില്‍ സാമുദായിക-വര്‍ഗീയ ശക്തികള്‍ക്ക് ഇന്നത്തെപ്പോലെ ഇടം കിട്ടുമായിരുന്നില്ളെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ഡി. സതീശന്‍ എം.എല്‍.എ. എല്ലാ സമുദായ നേതാക്കളുമായും അദ്ദേഹത്തിന് നല്ല ബന്ധമായിരുന്നു. പിന്നീടുള്ളവര്‍ സാമുദായിക നേതാക്കളുടെ പടിക്കല്‍ കാത്തുകിടന്നതിന്‍െറ ഫലമാണ് ഇന്ന് അനുഭവിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.
ഐ.എന്‍.ടി.യു.സി തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കെ. കരുണാകരന്‍ അനുസ്മരണത്തിലാണ് വര്‍ഗീയതയോടുള്ള കോണ്‍ഗ്രസിന്‍െറ മൃദുസമീപനത്തെ സതീശന്‍ വിമര്‍ശിച്ചത്.
ശത്രുക്കള്‍ പോലും ലീഡര്‍ എന്ന് വിളിച്ച കരുണാകരനെപ്പോലെ മറ്റൊരു നേതാവില്ല. വികസനത്തില്‍ കരുണാകരനോളം ദീര്‍ഘവീക്ഷണം മറ്റാര്‍ക്കുമില്ല. നെടുമ്പാശേരി വിമാനത്താവളവും കലൂര്‍ സ്റ്റേഡിയവും ഉദാഹരണങ്ങളാണ്.
  മാവോവാദികള്‍ക്കും നക്സലുകള്‍ക്കും ഏറ്റവും പാകപ്പെടുന്ന സംസ്ഥാനമാണ് കേരളം. അതിനെ അദ്ദേഹം മുളയിലേ നുള്ളി. കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കും കെ.പി.സി.സി പ്രസിഡന്‍റിനും ചില ഉത്തരവാദിത്തങ്ങളുണ്ട്. രാഷ്ട്രീയ കാലാവസ്ഥയെ അനുകൂലമാക്കേണ്ടത് അവരാണ്. ഇ.എം.എസിനെയും കരുണാകരനെയും പോലെ പരിണിതപ്രജ്ഞരായ നേതാക്കളുടെ അഭാവം കേരളം അനുഭവിക്കുന്നു. സംഘ്പരിവാറിന്‍െറ വര്‍ഗീയ അജണ്ട അകറ്റി നിര്‍ത്തുന്നതില്‍ കരുണാകരന്‍െറ പങ്ക് വലുതാണ്.
സമുദായ നേതാക്കളും മതമേലധ്യക്ഷരും പറയുന്നവരെ സ്ഥാനാര്‍ഥികളാക്കുന്നതായിരുന്നില്ല കരുണാകരന്‍െറ രീതി. വര്‍ഗീയതക്കെതിരായ നിലപാടാണ് പ്രധാനം. തെരഞ്ഞെടുപ്പും വിജയവും അതുകഴിഞ്ഞേ ഉള്ളൂ.
ഈ വെല്ലുവിളി കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുത്തില്ളെങ്കില്‍ തിരുത്താന്‍ രണ്ടാം നിരയുണ്ടെന്നത് മറക്കരുതെന്നും സതീശന്‍ പറഞ്ഞു.
ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്‍റ് സുന്ദരന്‍ കുന്നത്തുള്ളി അധ്യക്ഷത വഹിച്ചു. പി. രാമന്‍ മേനോന്‍ സ്വാഗതവും സോമന്‍ മൂത്രത്തിക്കര നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.