തൃശൂര്‍: നൂറ് വര്‍ഷത്തോളം പഴക്കമുള്ള കാത്തലിക് സിറിയന്‍ ബാങ്ക് തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് ജീവനക്കാര്‍. സാമ്പത്തിക സ്ഥിതി കണക്കിലെടുക്കാതെയുള്ള ധൂര്‍ത്തും കെടുകാര്യസ്ഥതയും മൂലം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 53 കോടി നഷ്ടമുണ്ടായതായും വായ്പകള്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ക്ക് നല്‍കിയതിന്‍െറ ഭാഗമായി കിട്ടാക്കടം 475 കോടിയില്‍ എത്തിയതായും ബാങ്കിലെ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. ആശങ്കാകുലമായ അവസ്ഥയില്‍ ബാങ്കിനെ എത്തിച്ചത് മാനേജ്മെന്‍റിന്‍െറ കെടുകാര്യസ്ഥതയാണ്. ഇത് പരിഹരിക്കുന്നതിനുള്ള ഒരു നടപടിയും ഉണ്ടാകുന്നില്ല. സാമ്പത്തിക പ്രതിസന്ധി തുടരുമ്പോഴും ഡയറക്ടര്‍ ബോര്‍ഡ് യോഗം ഉള്‍പ്പെടെ മുന്തിയ ഹോട്ടലുകളില്‍ നടത്തി ബാങ്ക് ധൂര്‍ത്ത് തുടരുകയാണ്. പകരം ബാങ്കിന്‍െറ ഭൂമിയും കെട്ടിടങ്ങളും വിറ്റഴിക്കാനാണ് നീക്കം. എറണാകുളം ജില്ലയിലെ ബാങ്കിന്‍െറ സ്ഥലങ്ങള്‍ വില്‍ക്കാന്‍ പത്രപരസ്യം നല്‍കിയിരിക്കുകയാണ്.
മതിയായ യോഗ്യതയോ കഴിവോ ഇല്ലാത്തവരെ പ്രധാന തസ്തികകളില്‍ നിയോഗിച്ചതാണ് ബാങ്കിന്‍െറ ദുരവസ്ഥക്ക് പ്രധാനകാരണം.പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനോ ലാഭമുണ്ടാക്കുന്നതിനോ ശ്രമിക്കാതെ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുക മാത്രമാണ് ഈ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. സ്വകാര്യ ബാങ്കുകളില്‍ 74 ശതമാനം വരെ ഏത് തരം വിദേശ ഓഹരി പങ്കാളിത്തവുമാകാമെന്ന കേന്ദ്ര അനുമതി ഉപയോഗിച്ച് വിദേശികള്‍ക്ക് വന്‍തോതില്‍ ഓഹരികള്‍ കൈമാറാനുള്ള ശ്രമം നടക്കുകയാണ്. എന്നാല്‍, സാധാരണക്കാര്‍ക്ക് ഓഹരി വാങ്ങാന്‍ സാധിക്കും വിധം സ്റ്റോക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാനോ പൊതുജന പങ്കാളിത്തത്തോടെ മൂലധനം വര്‍ധിപ്പിക്കാനോ ഉത്തരവാദിത്തപ്പെട്ടവര്‍ ശ്രമിച്ചിട്ടില്ല.
ഈ സാഹചര്യത്തില്‍ ബാങ്കിനെ സംരക്ഷിക്കാന്‍ പ്രക്ഷോഭത്തിലിറങ്ങാന്‍ ജീവനക്കാര്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. പൊതുസമൂഹത്തിന്‍െറയും പിന്തുണയോടെയാകും പ്രക്ഷോഭം.ബാങ്കിനെ രക്ഷിക്കാനുള്ള നടപടികള്‍ റിസര്‍വ് ബാങ്കില്‍ നിന്നുണ്ടാകണമെന്ന് സംഘടനാപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇതിനോടകം പ്രതിഷേധം ആരംഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.