കണ്ണുതുറന്നപ്പോള്‍ അറിഞ്ഞു, ഈ ദൂരം അത്ര അകലെയല്ല

കാസര്‍കോട്: ഒച്ചയില്ലാതെ കരയുന്ന കുഞ്ഞുങ്ങളുടെ നിലവിളി കാതങ്ങള്‍ക്കപ്പുറം കാതുകളില്‍ ചെന്നിടിച്ചപ്പോള്‍ കാസര്‍കോട്ടേക്കുള്ള ദൂരമായിരുന്നു പത്തില്‍ താഴെമാത്രം പ്രായമുള്ള റിമിഷയുടെയും കൂട്ടുകാരുടെയും സങ്കടം. ആ സങ്കടം കോട്ടയത്തെ  മുണ്ടക്കയം സി.എം.എസ് ലോവര്‍ പ്രൈമറി സ്കൂള്‍ മുഴുവനായി ഏറ്റുവാങ്ങിയപ്പോള്‍ അവര്‍ വടക്കോട്ട് വണ്ടികയറി. സ്വര്‍ഗമെന്നും ദേവലോകമെന്നും പേരുള്ള അദ്ഭുതനാട്ടില്‍ കാലെടുത്തുവെച്ച് കണ്ണുതുറന്ന് കണ്ണുതകരുന്ന കാഴ്ച കണ്ടപ്പോള്‍ മനസ്സിലായി ഈ (നരകത്തിലേക്കുള്ള) ദൂരം അത്ര അകലെയല്ല എന്ന്.

വിഷമഴ നരകംതീര്‍ത്ത സ്വര്‍ഗത്തില്‍ അവര്‍ ഇന്ന് അവിസ്മരണീയമായ ശിശുദിനം ആചരിക്കും. അതിനായി അവര്‍ കൊണ്ടുവന്നത് കാഴ്ചയുടെ കൗതുകവും ഗൗരവും തീര്‍ത്ത ഒരു  പാവനാടകം. ‘ജീവനുള്ള പാവകളു’ടെ പ്രശ്നങ്ങള്‍ കേരളത്തിനു മുന്നില്‍ അവതരിപ്പിച്ച് സഹായം ചോദിക്കാനുള്ള സാമൂഹിക യജ്ഞം -പേര് കണ്ണീര്‍ പള്ളിക്കൂടം. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്‍െറ പുതിയ കുഞ്ഞുങ്ങളും പ്രായമായ ‘കുഞ്ഞുങ്ങളും’ താമസിക്കുന്ന ബഡ്സ് സ്കൂളുകളിലെ  ജീവിതത്തെ കേട്ടറിഞ്ഞ സ്കൂള്‍ അധികൃതരില്‍ ഏതാനും പേര്‍ രണ്ടാഴ്ച മുമ്പ് കാസര്‍കോട്ടെ സ്കൂളുകള്‍ സന്ദര്‍ശിച്ചിരുന്നു. കൗതുകകരമായ പേരുകളും ഒട്ടേറെ ഭാഷകളും ആചാരങ്ങളും രസകരമായ സ്ഥലനാമങ്ങളും കാണാനുള്ള പിക്നിക് കൂടിയായിരുന്നു അത്.

എന്നാല്‍, അതിലേറെ അദ്ഭുതരൂപികളായ കുട്ടികളെ കണ്ടതോടെ മനസ്സില്‍വീണ പേരാണ് കണ്ണീര്‍ പള്ളിക്കൂടം. ഇതുകണ്ട് കണ്ണുനനഞ്ഞ് ഇവര്‍ നാട്ടിലേക്ക് മടങ്ങിയപ്പോള്‍ ബഡ്സ് സ്കൂളുകളിലെ കുട്ടികള്‍ തീരാവേദനയായി മാറി. ഈ വേദനയില്‍ നിന്നുമാണ് പാവനാടകം രൂപപ്പെടുന്നത്്. ബഡ്സ് സ്കൂളുകളുടെ ദുരിതം വിഷയമാക്കി പ്രഫ. എം.ജി. ചന്ദ്രശേഖരനാണ് രചന നിര്‍വഹിച്ചത്. ഇന്ന് ശിശുദിനത്തില്‍ പെര്‍ള ബഡ്സ് സ്കൂളിലും പഞ്ചായത്ത് ഹാളിലും പാവനാടകം അരങ്ങേറും.

തുടര്‍ന്ന് കോട്ടയം ജില്ലയിലെ വിവിധ സ്കൂളുകളില്‍ നാടകം അവതരിപ്പിച്ച് സ്കൂളുകള്‍ക്ക് പണം സമാഹരിക്കുമെന്ന് സി.എം.എസ് സ്കൂളിലെ പ്രിന്‍സിപ്പല്‍ റെജിമോന്‍ ചെറിയാന്‍ മാധ്യമത്തോട് പറഞ്ഞു. റിമിഷക്ക് പുറമെ അനഘ, അജയ്, റീമ, ഗൗരി നന്ദ, എയ്ഞ്ചല്‍, നിഖില്‍, വൈഗ, ക്രിസ്റ്റീന, ദിയ എന്നിവരാണ് പാവനാടകത്തില്‍ വേഷമിടുന്നത്. 30 വിദ്യാര്‍ഥികളും 12 അധ്യാപകരും എട്ട് രക്ഷകര്‍ത്താക്കളുമാണ് ശിശുദിനം ആഘോഷിക്കാനത്തെിയത്. കോട്ടയം ജില്ലയില്‍ പാവനാടകം അരങ്ങേറ്റി പാവകളും കളിപ്പാട്ടങ്ങളുമായി അവര്‍ വീണ്ടുമത്തെും. ഈ കുഞ്ഞുങ്ങളെ അക്ഷരനഗരി കൈവെടിയില്ല എന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.