തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സിലില്‍ കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) സെനറ്റിന്‍െറ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ആളെ ഉള്‍പ്പെടുത്തുന്നത് വൈസ് ചാന്‍സലര്‍ തടഞ്ഞു. കേരളത്തിലെ സര്‍വകലാശാലകളുടെ കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെ പൊതുവേദിയായ ഫെഡറേഷന്‍ ഓഫ് യൂനിവേഴ്സിറ്റി എംപ്ളോയീസ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയും സെറ്റോ സംസ്ഥാന ട്രഷററുമായ എന്‍.എല്‍. ശിവകുമാറിനെയാണ് കാര്‍ഷിക സര്‍വകലാശാല വി.സി വിലക്കിയിരിക്കുന്നത്. വ്യക്തിവിരോധമാണത്രേ കാരണം. കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളായണി കാര്‍ഷിക കോളജില്‍ സെക്ഷന്‍ ഓഫിസറായ ശിവകുമാര്‍ സര്‍വകലാശാല ജീവനക്കാരുടെ പ്രതിനിധിയായി കുസാറ്റ് സെനറ്റില്‍ അംഗമാണ്.
കഴിഞ്ഞ ആഗസ്റ്റ് 22നാണ് കുസാറ്റ് സെനറ്റ് എന്‍.എല്‍. ശിവകുമാറിനെ കാര്‍ഷിക സര്‍വകലാശാലയിലേക്ക് പ്രതിനിധിയായി തെരഞ്ഞെടുത്തത്. സെപ്റ്റംബര്‍ ഒന്നിന് വിജ്ഞാപനം ഇറക്കി കാര്‍ഷിക സര്‍വകലാശാലയെ അറിയിക്കുകയും ചെയ്തു.
കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സിലില്‍ ശിവകുമാറിനെ ഉള്‍പ്പെടുത്തി ഉത്തരവ് ഇറക്കുന്നതിന് പകരം വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രന്‍ അത് തടയുകയാണ് ചെയ്തത്. 2013, 2014 വര്‍ഷങ്ങളില്‍ കുസാറ്റ് പ്രതിനിധിയായി കാര്‍ഷിക സര്‍വകലാശാലയിലേക്ക് നാമനിര്‍ദേശം ചെയ്തത് ശിവകുമാറിനെയാണ്.
അന്ന് അദ്ദേഹത്തെ ഇതേ വൈസ് ചാന്‍സലര്‍ ജനറല്‍ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയിരുന്നു.
കഴിഞ്ഞ രണ്ടുതവണയും കാര്‍ഷിക സര്‍വകലാശാലയിലെ സ്ത്രീപീഡനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ശിവകുമാര്‍ ജനറല്‍ കൗണ്‍സിലില്‍ വി.സിക്കെതിരെ നിലപാട് എടുത്തിരുന്നു. ഇതില്‍ പ്രകോപിതനായി ഡോ. രാജേന്ദ്രന്‍ ശിവകുമാറിനെ മേലില്‍ നാമനിര്‍ദേശം ചെയ്യരുതെന്ന് കാണിച്ച് ചാന്‍സലറായ ഗവര്‍ണര്‍ക്ക് കത്തെഴുതിയിരുന്നു. അത് അവഗണിച്ചാണ് ഇത്തവണയും നാമനിര്‍ദേശമുണ്ടായത്.
ശിവകുമാറിനെ ജനറല്‍ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി ഉത്തരവിറക്കാന്‍ വി.സിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് എഫ്.യു.ഇ.ഒ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ നിവേദനത്തില്‍ അനക്കമുണ്ടായില്ല. സര്‍വകലാശാല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായ ഒല്ലൂര്‍ എം.എല്‍.എ ഇതേ ആവശ്യം ഉന്നയിച്ചപ്പോഴും വി.സി വഴങ്ങിയില്ല.
ശിവകുമാറിന്‍െറ ഹരജിയില്‍ ഹൈകോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചപ്പോള്‍ അതിനെതിരെ വി.സി അപ്പീല്‍ നല്‍കിയിരിക്കുകയാണ്.
കോണ്‍ഗ്രസ് അനുകൂല അധ്യാപക-അനധ്യാപക സംഘടനാ നേതാക്കളെ വി.സി ഡോ. പി. രാജേന്ദ്രന്‍ തിരെഞ്ഞുപിടിച്ച് പകപോക്കുന്നുവെന്ന അമര്‍ഷം സംഘടനകള്‍ക്കിടയില്‍ പുകയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.