കൊച്ചി: സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടനാപ്രവർത്തനം അവധി ദിവസങ്ങളിൽ മാത്രമാക്കണമെന്നും ജീവനക്കാരുടെ അവധി വെട്ടിക്കുറക്കണമെന്നും ശമ്പള കമീഷൻ ശിപാർശ ചെയ്യുമെന്ന് ശമ്പളകമീഷൻ ചെയർമാൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ. ഉദ്യോഗസ്ഥർ കലാ–സാംസ്കാരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് അവരുടെ കാര്യക്ഷമതയെ ബാധിക്കും. പത്താം ശമ്പളകമീഷെൻറ അന്തിമ റിപ്പോർട്ട് ഇതടക്കമുള്ള നിർദേശങ്ങളോടെ ഉടൻ സമർപ്പിക്കുമെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
ഉദ്യോഗസ്ഥരുടെ കാര്യക്ഷമത, പ്രമോഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട രണ്ടാംഘട്ട റിപ്പോർട്ടാണിത്. ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ടതാണ് നേരത്തേ സമർപ്പിച്ചത്. ഇത് മന്ത്രിസഭാ ഉപസമിതി പരിഗണനയിലാണ്. കാര്യക്ഷമത പ്രധാനമാണ്. ജീവനക്കാരും അധ്യാപകരും ജോലികളഞ്ഞ് ഡയറിയും കക്ഷത്തിൽ വെച്ച് നടക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. ജനാധിപത്യത്തിെൻറ ഇത്രയും മോശമായ നടത്തിപ്പ് നമ്മുടെ നാട്ടിൽ മാത്രമെയുള്ളൂ. നേതാക്കൾ ഒരു ജോലിയും ചെയ്യേണ്ട. സംഘടന പ്രവർത്തനം മാത്രം മതി എന്നതാണ് അവസ്ഥ. അവരെ സ്ഥലം മാറ്റാൻ പോലും കഴിയില്ല. സീറ്റിലിരുന്ന് ജോലിചെയ്യേണ്ട ഉദ്യോഗസ്ഥർ ഇങ്ങനെ നടന്നാൽ അവരുടെ ജോലി ആരു ചെയ്യുമെന്നും ജസ്റ്റിസ് രാമചന്ദ്രൻ നായർ ചോദിച്ചു.
അധ്യാപകരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കണം. പകരം വിരമിച്ചവരെയോ മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരെയോ ഉപയോഗിക്കണം. സ്കൂൾ–കോളജ് കലോത്സവകാലം അവധിയാക്കണം. അതേസമയം, അധ്യയന ദിവസം കുറയുകയുമരുത്. മൃഗസംരക്ഷണം, ജലസേചനം തുടങ്ങിയ വകുപ്പുകളിൽ ധാരാളം ഉദ്യോഗസ്ഥർ വെറുതെയിരിക്കുന്നുണ്ട്. ഒരു പശുപോലുമില്ലാത്ത ഗ്രാമങ്ങളിൽ മൃഗസംരക്ഷണ വകുപ്പിന് ഉദ്യോഗസ്ഥരുണ്ട്. ജോലി കുറവുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് മറ്റു വകുപ്പുകളിലേക്കോ ജോലിയുള്ള സ്ഥലങ്ങളിലോ പുനർനിയമനം നൽകണമെന്ന് കമീഷൻ നിർദേശിക്കുന്നു.
സർക്കാർ സ്കൂളുകളിൽ പലതിലും കുട്ടികൾ കുറവാണ്. എന്നാൽ, അധ്യാപകരുടെ എണ്ണം ഇത്തരം സ്കൂളുകളിൽ ആവശ്യത്തിലധികമാണുതാനും. ഈ സാഹചര്യത്തിൽ കുട്ടികൾ കുറവുള്ള സർക്കാർ സ്കൂളുകൾ സംയോജിപ്പിക്കണം. കുട്ടികളുടെ പഠനത്തെ ബാധിക്കുന്ന കല–സാംസ്കാരിക പ്രവർത്തനങ്ങൾ അവധി സമയങ്ങളിലേക്ക് മാറ്റണമെന്നാണ് തെൻറ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കമീഷെൻറ ശിപാർശകൾ പലതും സർക്കാർ കണക്കിലെടുക്കുമെന്ന് പ്രതീക്ഷയില്ലെന്നും സംഘടനാനേതാക്കളെ സർക്കാറിന് ഭയമാണെന്നും ജസ്റ്റിസ് രാമചന്ദ്രൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.