കെ.എസ്​.എഫ്.ഇയിൽ പ്രായപരിധി ലംഘിച്ച് കരാർ നിയമനം

കോഴിക്കോട്: കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻറർപ്രൈസസിൽ (കെ.എസ്.എഫ്.ഇ) കരാർ വ്യവസ്ഥയിൽ പ്രായപരിധി കഴിഞ്ഞവരെ നിയമിക്കുന്നു. പി.എസ്.സി ലിസ്റ്റ് നിലവിലിരിക്കെയാണ് 58 വയസ്സ് കഴിഞ്ഞ നിരവധി വിമുക്തഭടന്മാർ സംസ്ഥാനത്തെ വിവിധ ബ്രാഞ്ചുകളിൽ അനധികൃതമായി ജോലിയെടുക്കുന്നത്.
കരാർ നിയമനത്തിന് വിമുക്തഭടന്മാരുടെ സംഘടനകളുമായി കെ.എസ്.എഫ്.ഇ ഉണ്ടാക്കിയ വ്യവസ്ഥകൾപോലും കാറ്റിൽപ്പറത്തിയാണ് നിയമനം. അസിസ്റ്റൻറ്, പ്യൂൺ, സെക്യൂരിറ്റി ഗാർഡ് തസ്തികകളിലെ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് കേരള സ്റ്റേറ്റ് എക്സ് സർവിസ് ലീഗ്, കേരള സ്റ്റേറ്റ് ഡിഫൻസ് സർവിസ് ഹൗസിങ് കോഓപറേറ്റിവ് സൊസൈറ്റി, ആദർശ് സെക്യൂരിറ്റി ഡിവിഷൻ ആൻഡ് പേഴ്സനൽ സർവിസസ് എന്നീ വിമുക്തഭട സംഘടനകളുമായാണ് കെ.എസ്.എഫ്.ഇ കരാറുള്ളത്.

അസിസ്റ്റൻറിന് 10,000 രൂപയും പ്യൂണിന് 9000 രൂപയും സെക്യൂരിറ്റി ഗാർഡിന് 8500 രൂപയുമാണ് പ്രതിമാസ വേതനം. നിയമിക്കപ്പെടുന്ന വിമുക്തഭടെൻറ പരമാവധി പ്രായം 58 ആയിരിക്കുമെന്ന് കരാറിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇത് ലംഘിച്ചാണ് നിരവധി പേരെ നിയമിച്ചിട്ടുള്ളത്. കോഴിക്കോട് ജില്ലയിൽ മാത്രം 40ലധികം പേർ വിവിധ ബ്രാഞ്ചുകളിൽ ജോലിചെയ്യുന്നുണ്ട്.

പ്രായപരിധി കഴിഞ്ഞതിെൻറ പേരിൽ താമരശ്ശേരി ബ്രാഞ്ചിൽനിന്ന് ഒഴിവാക്കിയ ആളെ നഗരത്തിലെ മറ്റൊരു ബ്രാഞ്ചിൽ നിയമിച്ച സംഭവവും ഉണ്ടായി.
വിമുക്തഭടന്മാരുടെ പ്രായം സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ആരായുമ്പോൾ കരാർ നിയമനത്തിന് വിമുക്തഭടന്മാരെ നാമനിർദേശം ചെയ്യുന്നത് വിമുക്തഭടന്മാരുടെ സംഘടനകളാണെന്നും അവരുടെ പ്രായം, യോഗ്യത എന്നിവ സംബന്ധിച്ച രേഖകൾ ഓഫിസിൽ ലഭ്യമല്ലെന്നുമാണ് കെ.എസ്.എഫ്.ഇ കോർപറേറ്റ് ഓഫിസിൽനിന്നും വിവിധ ബ്രാഞ്ചുകളിൽനിന്നും നൽകുന്ന മറുപടി. നാമനിർദേശം ചെയ്യുന്ന സമയത്ത് വിമുക്തഭടെൻറ ബയോഡാറ്റയും രേഖകളും വിമുക്തഭട സംഘടന കെ.എസ്.എഫ്.ഇക്ക് സമർപ്പിക്കണമെന്ന് കരാറിൽ വ്യവസ്ഥയുണ്ടായിരിക്കെ ഇത്തരത്തിൽ മറുപടി നൽകുന്നത് അനധികൃത നിയമനം മൂടിവെക്കാനാണെന്ന് ഉദ്യോഗാർഥികൾ പരാതിപ്പെടുന്നു.

കെ.എസ്.എഫ്.ഇയിലെ ഒരുവിഭാഗം ഉദ്യോഗസ്ഥ മേധാവികളും വിമുക്തഭടന്മാരുടെ സംഘടനകളും തമ്മിലുള്ള ഒത്തുകളിയാണ് ഒഴിവുകൾ യഥാസമയം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാത്തതിനു പിന്നിൽ. വൻ അഴിമതി ഇതിനുപിന്നിലുണ്ടെന്നും ഉദ്യോഗാർഥികൾ ആരോപിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.