വനിതാ എസ്.പിയോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട മന്ത്രി തന്നെ ഒടുവില്‍ ഇറങ്ങിപ്പോയി

ഫത്തേഹബാദ്: ഹരിയാനയിലെ ആരോഗ്യ മന്ത്രി അനില്‍ വിജും വനിതാ ജില്ലാ പൊലീസ് മേധാവിയുമായി വാക്കുതര്‍ക്കം. തര്‍ക്കം മൂത്ത് യോഗത്തില്‍ ഇറങ്ങിപ്പോകാന്‍ മന്ത്രി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥ അനുസരിച്ചില്ല. ഒടുവില്‍ മന്ത്രിതന്നെ ഇറങ്ങിപ്പോയി.

ഡെപ്യൂട്ടി കമീഷണര്‍ എന്‍.കെ. സോളങ്കിയും പങ്കെടുത്ത ജില്ലാതല പരാതി പരിഹാര അദാലത്തിലായിരുന്നു സംഭവം. ഗ്രാമങ്ങളിലെ അനധികൃത മദ്യ വില്‍പനയെക്കുറിച്ചുള്ള മന്ത്രിയുടെ ചോദ്യത്തിന് പൊലീസ് സൂപ്രണ്ട് സംഗീത കാലിയ നല്‍കിയ മറുപടി മന്ത്രിക്ക് തൃപ്തികരമായിരുന്നില്ല. ഇതു സംബന്ധിച്ച് ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ  അസ്വസ്ഥനായ മന്ത്രി സൂപ്രണ്ടിനോട് ‘ഗെറ്റ് ഒൗട്ട്’ പറയുകയായിരുന്നു. എന്നാല്‍, മന്ത്രിയുടെ പെരുമാറ്റത്തിലെ അതൃപ്തി വ്യക്തമാക്കിയ പൊലീസ് സൂപ്രണ്ട് പുറത്തുപോവാന്‍ വിസമ്മതിച്ചു.

തുടര്‍ന്ന് മന്ത്രിയും അദ്ദേഹത്തിന്‍െറ അനുയായികളായ രാഷ്ട്രീയക്കാരും ഇറങ്ങിപ്പോക്കു നടത്തുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാറിനെതിരെ മുദ്രാവാക്യം മുഴക്കി. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.