മതസ്പര്‍ധയുണ്ടാക്കുന്നവിധം  പ്രസംഗിച്ചെന്ന്; കെ.സി. അബുവിന് എതിരെ യുവമോര്‍ച്ചയുടെ പരാതി


കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മതസ്പര്‍ധയുണ്ടാക്കുന്ന പ്രസംഗം നടത്തിയെന്നാരോപിച്ച് ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബുവിനെതിരെ തെരഞ്ഞെടുപ്പ് കമീഷനും പൊലീസിനും പരാതി നല്‍കുമെന്ന് യുവമോര്‍ച്ച. കഴിഞ്ഞദിവസം ബേപ്പൂര്‍ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സമുദായംതിരിച്ച് വോട്ട് അഭ്യര്‍ഥിക്കുന്നവിധം അബു പ്രസംഗിച്ചെന്നാണ് പരാതി. 
ഏറക്കാലത്തെ കാത്തിരിപ്പിനുശേഷമാണ് കോഴിക്കോടിന് മുസ്ലിം മേയറുണ്ടായതെന്ന് തന്നോട് ഒരു മുസ്ലിം സംഘടനാനേതാവ് പറഞ്ഞതായി കണ്‍വെന്‍ഷനില്‍ അബു പ്രസംഗിച്ചെന്നാണ് ആരോപണം. കോണ്‍ഗ്രസിനോട് താല്‍പര്യമില്ളെങ്കിലും ആദം മുല്‍സി ജയിക്കമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കിയത്രെ. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ.സി. മമ്മദ്കോയ ജയിക്കുകയാണെങ്കില്‍ മേയര്‍സ്ഥാനം രാജിവെക്കേണ്ടിവരും. ഇത് ഒഴിവാക്കി ആദം മുല്‍സി ജയിച്ചാല്‍ മേയറും എം.എല്‍.എയും മുസ്ലിം പ്രതിനിധികളാവുമെന്നും മുസ്ലിം സംഘടനാനേതാവ് തന്നോട് പറഞ്ഞുവെന്ന് അബു പ്രസംഗിച്ചുവെന്ന് യുവമോര്‍ച്ച ചൂണ്ടിക്കാട്ടി. 
ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനവും വിഭാഗീയതയുണ്ടാക്കുന്നതുമായതിനാലാണ് പരാതി നല്‍കുന്നതെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് അഡ്വ. കെ.പി. പ്രകാശ് ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.