ആ വെടിക്കെട്ടൊച്ചയില്‍ ലോകവും നടുങ്ങി

ലണ്ടന്‍: കേരളംകണ്ട ഏറ്റവും വലിയ വെടിക്കെട്ടപകടത്തില്‍ ഇന്ത്യയെ പിടിച്ചുകുലുക്കിയ നടുക്കം ലോകവും പങ്കുവെക്കുന്നു. കേരളത്തിലെ ചെറിയ ഒരു ഗ്രാമത്തില്‍ നടന്ന ദുരന്തം വലിയ പ്രാധാന്യത്തോടെയാണ് ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇസ്രായേല്‍, ശ്രീലങ്ക, നേപ്പാള്‍, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ദിനപത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകളില്‍ വന്‍ പ്രാധാന്യത്തോടെയാണ് വാര്‍ത്ത നല്‍കിയത്. പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ പൊട്ടിത്തെറിയുടെ ദൃശ്യങ്ങളും വാര്‍ത്തക്കൊപ്പം നല്‍കിയിട്ടുണ്ട്.

കൊല്‍ക്കത്തയില്‍ അടുത്തിടെ ഫൈ്ള ഓവര്‍ തകര്‍ന്ന് നിരവധിപേര്‍ കൊല്ലപ്പെട്ട ദുരന്തത്തിനു പിന്നാലെ ഉണ്ടായ വെടിക്കെട്ടപകടവും ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ പൊതുജനങ്ങളുടെ സുരക്ഷ അപകടകരമായ നിലയിലാണെന്ന് ‘ദ ന്യൂയോര്‍ക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ബി.ബി.സി’ ഇന്ത്യയില്‍ മതാനുഷ്ഠാന ചടങ്ങുകള്‍ക്കിടയില്‍ സമീപകാലത്തുണ്ടായ ദുരന്തങ്ങളുടെ പട്ടിക സഹിതമാണ് വാര്‍ത്ത നല്‍കിയത്. ‘ദ ഗാര്‍ഡിയ’നും വലിയ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനമടക്കമാണ് ഗാര്‍ഡിയന്‍െറ വാര്‍ത്ത.

ംസൗദി അറേബ്യയില്‍നിന്നിറങ്ങുന്ന ‘അറബ് ന്യൂസി’ലെ പ്രധാന വാര്‍ത്തയാണ് വെടിക്കെട്ടുദുരന്തം. മതിയായ സുരക്ഷയും മുന്‍കരുതലുമില്ലാതെയാണ് വെടിക്കെട്ട് നടത്തിയതെന്ന് പ്രധാന വാര്‍ത്തയായി ദുരന്തം റിപ്പോര്‍ട്ട് ചെയ്ത ‘അല്‍ജസീറ’ പറയുന്നു. ഇസ്രായേലിലെ പ്രധാന പത്രമായ ‘ഹാരെറ്റ്സ്’, വാര്‍ത്താ ഏജന്‍സിയായ ‘റോയിട്ടര്‍’, പാകിസ്താനിലെ പ്രധാന ദിനപത്രമായ ‘ഡോണ്‍’ തുടങ്ങിയ ലോകമാധ്യമങ്ങളെല്ലാം പ്രാധാന്യപൂര്‍വം വാര്‍ത്ത നല്‍കിയിട്ടുണ്ട്.
കലക്ടര്‍ അനുമതിനല്‍കാതിരുന്നിട്ടും വെടിക്കെട്ട് നടത്തിയെന്ന പ്രത്യേക പരാമര്‍ശം മിക്കമാധ്യമങ്ങളും പ്രത്യേകമായി നല്‍കിയിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.