പങ്കജാക്ഷിയമ്മയുടെ പരാതി മാത്രം കത്തിയില്ല...

പരവൂര്‍: കമ്പത്തിന്‍െറ തീവ്രത കുറക്കണമെന്നാവശ്യപ്പെട്ട് അധികാരികളെ സമീപിക്കാന്‍ ഈ വയോധിക ധൈര്യപ്പെട്ടിരുന്നു. പരാതിപ്പെട്ടതിന്‍െറ പേരില്‍ ഏറെ പ്രയാസങ്ങള്‍ സഹിക്കേണ്ടി വന്നുവെന്നും ഇവര്‍ പറയുന്നു. ക്ഷേത്ര മൈതാനത്തിനു സമീപം താമസിക്കുന്ന പങ്കജാക്ഷിയമ്മയാണ് ആ വൃദ്ധ. ഇവരുടെ വീടും ഭാഗികമായി തകര്‍ന്നനിലയിലാണ്.

മകള്‍ക്കും മരുമകനുമൊപ്പം യു.കെയിലാണ് താമസമെങ്കിലും എല്ലാ ഉത്സവകാലത്തും പങ്കജാക്ഷിയമ്മ പുറ്റിങ്ങലിലത്തെും. ഇവിടെ ജനിച്ച് വളര്‍ന്നതിനാല്‍ അതൊരു ചിട്ട പോലെ ജീവിതത്തില്‍ കൊണ്ടുനടക്കുന്നു. നാലുവര്‍ഷമായി ഇവിടെ വീടുവെച്ചിട്ട്.  ആദ്യം മുതലേ കമ്പമുണ്ടാകുമ്പോള്‍ വീടിനു കേടുപാടുണ്ടാകാറുണ്ടെന്ന് ഇവര്‍ പറയുന്നു. ഒരിക്കല്‍ കമ്പം കഴിഞ്ഞ് ഭാരവാഹികളെയെല്ലാം വീട് കൊണ്ടുവന്ന് കാണിച്ചിരുന്നു. നഷ്ടപരിഹാരം തരാമെന്ന് പറഞ്ഞെങ്കിലും ഇതുവരെയുണ്ടായിട്ടില്ല. ഉത്സവത്തിനോ വെടിക്കെട്ടിനോ എതിരല്ളെന്നും അതു മയപ്പെടുത്തണമെന്നുമായിരുന്നു തങ്ങളുടെ ആവശ്യം. പലതവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകാതായതോടെയാണ് ഇക്കുറി കലക്ടറെ സമീപിച്ചത്. ഏപ്രില്‍ രണ്ടിനാണ് പരാതി നല്‍കിയത്.

തഹസില്‍ദാറുടെ നിര്‍ദേശപ്രകാരം വില്ളേജ് ഓഫിസര്‍ വീട്ടിലത്തെി മൊഴിയെടുത്തിരുന്നു. പിന്നീട് നടപടികളൊന്നും ഉണ്ടായതായി അറിയില്ല. കമ്പം ദിവസം വൈകീട്ട് പൊടിയും മറ്റ് വെടിക്കെട്ടിന്‍െറ അവശിഷ്ടങ്ങളുമുണ്ടാകുമെന്നതിനാല്‍ അടുക്കള സാധനങ്ങളടക്കം ടാര്‍പോളിനും മറ്റ് പ്ളാസ്റ്റിക് ഷീറ്റുകളുംകൊണ്ടു മൂടിയ ശേഷം മക്കള്‍ക്കൊപ്പം സമീപത്തെ മറ്റൊരു വീട്ടിലേക്ക് മാറിയിരുന്നു. പുലര്‍ച്ചെ മൂന്നോടെ ഉഗ്ര ശബ്ദത്തോടെ മണ്ണും പാറക്കഷണങ്ങളും വന്നുവീഴുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് പന്തികേട് തോന്നിയത്. അന്വേഷിച്ചപ്പോഴാണ് വലിയ പൊട്ടിത്തെറിയുണ്ടായതെന്നും പലരും മരിച്ചെന്നും അറിയാന്‍ കഴിഞ്ഞതെന്നും പങ്കജാക്ഷി പറഞ്ഞു. ആ സമയത്തൊന്നും വീടിനടുത്തേക്ക് വരാന്‍ പോലും കഴിഞ്ഞില്ല. നാലോടെ ഇങ്ങോട്ടത്തെുമ്പോള്‍ കണ്ടത് പറയാനാവാത്ത കാഴ്ചകളാണ്.

വീടിന്‍െറ ടെറസിന് മുകളില്‍ ആരുടെയോ കൈപ്പത്തി അറ്റുകിടക്കുന്നു. പലയിടങ്ങളിലും ശരീരഭാഗങ്ങള്‍ ചിതറിക്കിടക്കുന്നു. വലിയൊരു കോണ്‍ക്രീറ്റ്ഭാഗം പതിച്ചതിനെ തുടര്‍ന്ന് വീടിന്‍െറ ഒരു ഭാഗം തകര്‍ന്നു. മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് പാളികള്‍ പോലും ഇളകിയനിലയിലാണ്. ഇത്രയും പേരുടെ ജീവന്‍ പൊലിഞ്ഞത് എങ്ങനെ കണ്ടുനില്‍ക്കുമെന്ന് ഇവര്‍ ചോദിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.