തൃശൂരില്‍ വന്‍സ്ഫോടക ശേഖരം; അനുമതി തേടി അമ്പതിലധികം അപേക്ഷകള്‍

തൃശൂര്‍: വെടിക്കെട്ട് കമ്പക്കാരുടെയും പൂരത്തിന്‍െറയും നാടായ ജില്ലയില്‍ കരുതി വെച്ചിരിക്കുന്നത് വന്‍ വെടിമരുന്ന് ശേഖരമാണ്. തൃശൂര്‍ പൂരം, പാവറട്ടി പെരുന്നാള്‍ തുടങ്ങി വിവിധ മതങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ ഭാഗമായുള്ള വെടിക്കെട്ടിനായി ജില്ലാ ഭരണകൂടത്തിന്‍െറ അനുമതി കാത്തിരിക്കുന്നത് അമ്പതോളം അപേക്ഷകളാണ്. 15നാണ് തൃശൂര്‍ പൂരത്തോടനുബന്ധിച്ചുള്ള സാമ്പിള്‍ വെടിക്കെട്ട്, 17നാണ് തൃശൂര്‍ പൂരവും പാവറട്ടി പെരുന്നാളും. കോടികളാണ് രണ്ട് ആഘോഷങ്ങളുടെയും വെടിക്കെട്ടിന് മാത്രം ചെലവിടുന്നത്. വെടിക്കെട്ടിന് അനുമതി തേടി തലപ്പിള്ളി താലൂക്കില്‍ നിന്നാണ് കൂടുതല്‍ അപേക്ഷകര്‍. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വെടിക്കെട്ടുകള്‍ നടക്കുന്നതും തലപ്പിള്ളി താലൂക്കിലെന്ന് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. വിവിധ താലൂക്കുകളിലായി ലഭിച്ച അപേക്ഷകളില്‍ എത്ര എണ്ണത്തിനാണ് ഇതുവരെ അനുമതി നല്‍കിയതെന്നതില്‍ വ്യക്തതയില്ല. 

ഈ കണക്കുകള്‍ ശേഖരിക്കാന്‍ നിര്‍ദേശം നല്‍കിയതായി എ.ഡി.എം കെ. ശെല്‍വരാജ് വ്യക്തമാക്കി. വെടിക്കെട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഇന്ന് വൈകീട്ട് മൂന്നിന് കലക്്ടര്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. റവന്യൂ, പൊലീസ്, എക്സ്പ്ളോസീവ് വിഭാഗങ്ങളും ദേവസ്വംബോര്‍ഡ് ഭാരവാഹികളും ചര്‍ച്ചയില്‍ പങ്കെടുക്കും. കൊല്ലം പരവൂര്‍ വെടിക്കെട്ട് അപകടത്തിന്‍െറ പശ്ചാത്തലത്തില്‍ ജില്ലയിലും വെടിക്കെട്ടിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് നീക്കം.കുറച്ച് വര്‍ഷങ്ങളായി വെടിക്കെട്ടിനായുള്ള  അപേക്ഷകളില്‍ വലിയ വര്‍ധന ഉള്ളതായി ഉദ്യോഗസ്ഥര്‍ പറയുന്നു. ക്ഷേത്ര-പള്ളി കമ്മിറ്റികള്‍ പുതിയ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിനാലാണ് അനുമതിക്കായി കൂടുതല്‍ അപേക്ഷ  ലഭിക്കുന്നത്. 

ആരാധാനാലയങ്ങള്‍ നല്‍കുന്ന അപേക്ഷകളായതിനാല്‍ നിരസിക്കാന്‍ അധികൃതര്‍ക്കുള്ള ഭയം വെടിക്കെട്ട് നടത്തുന്നവര്‍ക്ക് തുണയാവുകയാണ്. ആചാരങ്ങള്‍ക്കപ്പുറം  ആഘോഷക്കമ്മിറ്റി ഭാരവാഹികള്‍ക്ക് മേനി നടിക്കുന്നതിനാണ് വെടിക്കെട്ടിന്‍െറ ഗാംഭീര്യം കൂട്ടുന്നത്. ജനവാസകേന്ദ്രങ്ങളില്‍ നിന്നും 200 മീറ്റര്‍ വിട്ടായിരിക്കണം വെടിക്കെട്ട് പുരയെന്ന മാനദണ്ഡവും ജില്ലയില്‍ പലപ്പോഴും പാലിക്കപ്പെടാറില്ല. ചെറിയ ഉത്സവങ്ങള്‍ക്ക് 15 കിലോ വരെ വെടിക്കെട്ട് സാമഗ്രികള്‍ ഉപയോഗിക്കാനാണ് കലക്ടര്‍ അനുമതി നല്‍കുക. തൃശൂര്‍ പൂരത്തിന്‍െറ പ്രാധാന്യം കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷം വരെ 2000 കിലോ വെടിക്കെട്ട് സാമഗ്രികള്‍ക്ക് അനുമതി നല്‍കിയിരുന്നു. പല ഉത്സവങ്ങള്‍ക്കും അനുമതി ലഭിച്ചതിലും കൂടുതല്‍ വെടിമരുന്നുകള്‍ സൂക്ഷിക്കാറുണ്ട്. വെടിക്കെട്ട് അപകടങ്ങളുടെ തീവ്രത കൂട്ടുന്നതും ഇതാണ്. എന്നിരുന്നാലും സംസ്ഥാനത്ത് വെടിക്കെട്ട് അപകടങ്ങളിലും മരണനിരക്കിലും തൃശൂര്‍ മുന്നില്‍ തന്നെയുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.