തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിപുലമായ ചികിത്സാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. വിവിധ ആശുപത്രികളിലായി 305 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ആകെ പരിക്കേറ്റത് 879 പേര്‍ക്കാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലത്തെിച്ച 134 പേരില്‍ 61പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. മറ്റ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവര്‍: തിരുവനന്തപുരം ജില്ല -കിംസ് 22, അനന്തപുരി മൂന്ന്, എസ്.പി ഫോര്‍ട്ട് ഒമ്പത്, എസ്.യു.ടി ഒന്ന്, കണ്ണാശുപത്രി മൂന്ന്, ശ്രീചിത്ര ഒന്ന്, ഗോകുലം മെഡിക്കല്‍ കോളജ് നാല്. കൊല്ലം ജില്ല -ജനറല്‍ ആശുപത്രി 30, നെടുങ്ങോലം ആശുപത്രി 27, വര്‍ക്കല ആശുപത്രി രണ്ട്, മെഡിസിറ്റി 63, ഹോളിക്രോസ് 56, കിംസ് എട്ട്, ഇ.എസ്.ഐ പാരിപ്പള്ളി ആറ്, എന്‍.എസ് ആശുപത്രി 11, ബെന്‍സിഗര്‍ ഏഴ്, അസീസിയ 11.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ബേസ് യൂനിറ്റില്‍ പ്രവേശിപ്പിച്ച ഏഴുപേര്‍ക്ക് 60 ശതമാനത്തിലേറെയും നാലുപേര്‍ക്ക് 40 ശതമാനത്തിലേറെയും പൊള്ളലേറ്റിട്ടുണ്ട്. തലക്ക് ഗുരുതര പരിക്കേറ്റ 27 പേരുണ്ട്. ഇവിടെ ചികിത്സയിലുള്ള ഒമ്പത് പേരുടെയും കൊല്ലം മെഡിസിറ്റിയിലെ 15 പേരുടെയും നില ഗുരുതരമാണ്. ഡല്‍ഹിയിലെ എയിംസ്, രാംമനോഹര്‍ ലോഹ്യ ആശുപത്രികളില്‍നിന്ന് 20ഉം കൊച്ചി അമൃത ആശുപത്രിയില്‍നിന്ന് ആറും കോയമ്പത്തൂര്‍ ഗംഗാ ഹോസ്പിറ്റലില്‍നിന്ന് നാലും വിദഗ്ധഡോക്ടര്‍മാരുടെ സേവനം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളജിലെ സൂപ്പര്‍ സ്പെഷാലിറ്റി ബ്ളോക്കില്‍ ചേര്‍ന്ന അവലോകനയോഗശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
അപകടസ്ഥലത്ത് ആംബുലന്‍സ് സഹിതമുള്ള പ്രത്യേക മെഡിക്കല്‍ സംഘത്തിന്‍െറ സേവനം 24 മണിക്കൂറും ലഭ്യമാണ്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ സഹായത്തിന് ആരോഗ്യ-റവന്യൂ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, ഡയറക്ടര്‍ ഡോ. ആര്‍. രമേഷ്, എന്‍.ആര്‍.എച്ച്.എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ജി.ആര്‍. ഗോകുല്‍ എന്നിവരുള്‍പ്പെടെ ഉദ്യോഗസ്ഥര്‍ വിവിധ ആശുപത്രികളിലത്തെി ചികിത്സാസൗകര്യങ്ങള്‍ വിലയിരുത്തിവരുകയാണ്. തിരുവനന്തപുരം ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ ആവശ്യങ്ങള്‍ക്കായി അഞ്ചുകോടി രൂപ അനുവദിച്ചെന്ന് കലക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.