മുന്‍ അനുഭവമില്ളെന്ന് പഴമക്കാരും; രാപ്പകലുരുകി കരിമ്പന നാട്

പാലക്കാട്: സൂര്യന്‍ ഉയര്‍ന്നുപൊങ്ങുമ്പോഴേക്കും വിജനമാകുന്ന റോഡുകള്‍, അത്യാവശ്യങ്ങള്‍ക്കുപോലും രാവിലെ 11 കഴിഞ്ഞാല്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങാത്തവര്‍, വീട്ടകങ്ങളില്‍ ഫാനുകള്‍ സദാസമയവും കറങ്ങിയിട്ടും ചൂടിന് ലവലേശം ശമനമില്ലാതെ വീര്‍പ്പുമുട്ടുന്നവര്‍...  കഴിഞ്ഞ ഏതാനും ദിവസങ്ങളായി നാടെന്നോ, നഗരമെന്നോ വ്യത്യാസമില്ലാതെ പാലക്കാടിന്‍െറ കാഴ്ചകളാണിത്. ഇത്രയും കത്തുന്ന വെയില്‍ മുമ്പ് കണ്ടതായി പഴമക്കാര്‍ ഓര്‍ക്കുന്നില്ല. ഇതുവരെ ഈ സീസണില്‍ ഒരു വേനല്‍മഴ പോലെ ലഭിക്കാത്ത ദുരവസ്ഥക്ക് പരിഹാരമായി ആരാധനാലയങ്ങളില്‍ പ്രാര്‍ഥനയും വഴിപാടുമായി കഴിച്ചുകൂട്ടുന്ന പാലക്കാട്ടുകാരെ കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയേക്കാള്‍ കൂടുതല്‍ കുടിവെള്ള പ്രശ്നമാണ് അലട്ടുന്നത്. 
സംസ്ഥാനത്താദ്യമായി ഏപ്രില്‍ 26ന് 41.9 ഡിഗ്രി ചൂട് രേഖപ്പെടുത്തിയ മലമ്പുഴ ജലസേചന വകുപ്പിലെ താപമാപിനിയില്‍ ഇന്നലെ 41.6 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. സാങ്കേതികമായി ചെറിയ കുറവുണ്ടെങ്കിലും തീചൂടിന് ലവലേശം മാറ്റമില്ലാത്ത ഒരു ദിനം കൂടിയാണ് കടന്നുപോയത്. മുണ്ടൂരിലെ ഇന്‍റഗ്രേറ്റഡ് റൂറല്‍ ടെക്നോളജിയില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും 40.5 ഡിഗ്രി സെല്‍ഷ്യസാണ് ചൂട്. 
ഈ വേനല്‍ ആരംഭിച്ചതിനുശേഷം സൂര്യാതപം മൂലം രണ്ടുപേര്‍ മരിക്കുകയും നൂറോളം പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തെന്ന് ഒൗദ്യോഗികമായി ആരോഗ്യവകുപ്പ് അധികൃതര്‍ പറയുമ്പോള്‍ യഥാര്‍ഥ കണക്ക് ഇതിനപ്പുറമാണ്. വളര്‍ത്തുമൃഗങ്ങള്‍ക്കുണ്ടായ ദുരിതങ്ങള്‍ വേറെ. ശീതളപാനീയ വില്‍പനശാലകള്‍ക്ക് മുന്നില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെയാണ് തിരക്ക്. എളുപ്പം ദഹിക്കുന്ന വിധത്തിലുള്ള ഭക്ഷണം ശീലമാക്കണമെന്ന ഉപദേശം നിലനില്‍ക്കുമ്പോള്‍ തന്നെ ഏറെ മസാല ചേര്‍ത്ത കട്ടിയാഹാരം വില്‍ക്കുന്ന ഇടങ്ങളിലും തിരക്കുകാണുന്നു. കഴിയുന്നതും മാംസാഹാരം വര്‍ജിക്കണമെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം. 
പാലക്കാട് നഗരവും ഏഴ് ഗ്രാമപഞ്ചായത്തുകളും കുടിവെള്ളത്തിനാശ്രയിക്കുന്ന മലമ്പുഴ ഡാമടക്കം 11 ഡാമുകള്‍ സ്ഥിതി ചെയ്യുന്ന ജില്ല ഒരു കാലത്തും അഭിമുഖീകരിച്ചിട്ടില്ലാത്ത വേനലും വറുതിയുമാണ് ഇത്തവണ. ഭൂജല വകുപ്പിന്‍െറ പഠനത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂഗര്‍ഭ ജലനിരപ്പ് കുറഞ്ഞ ജില്ല പാലക്കാടാണെന്ന് കണ്ടത്തെിയിട്ടുണ്ട്. ഭൂരിഭാഗം കിണറുകളും വറ്റിവരണ്ടു. കൊയ്തുകഴിഞ്ഞ കണ്ടങ്ങള്‍ എന്നോ വിണ്ടുകീറി. കുഴല്‍കിണറുകളിലും ഭൂരിഭാഗം ശൂന്യമാണ്. 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.