മാണി നന്ദികേടിന്‍െറ മറുനാമം –വീക്ഷണം; പ്രാഗല്ഭ്യം തൊട്ടറിഞ്ഞത് –ചന്ദ്രിക

തിരുവനന്തപുരം: യു.ഡി.എഫ് വിട്ട കെ.എം. മാണിയെ നന്ദികേടിന്‍െറ മറുനാമമെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് മുഖപത്രം ‘വീക്ഷണം’. മാണി യു.ഡി.എഫ് വിടാനിടയായ സാഹചര്യം തടയാന്‍ മുന്നണിക്ക് നേതൃത്വം നല്‍കുന്നവരില്‍നിന്ന് ഫലപ്രദമായ ഇടപെടലുകള്‍ ഉണ്ടായില്ളെന്ന സന്ദേഹം അസ്ഥാനത്തല്ളെന്നാണ് മുസ്ലിം ലീഗ് മുഖപത്രം ‘ചന്ദ്രിക’. പ്രതിസന്ധി ഘട്ടങ്ങളില്‍ യു.ഡി.എഫിനെയും സര്‍ക്കാറുകളെയും ഭദ്രതയോടെയും കെട്ടുറപ്പോടെയും നയിക്കുന്നതിലെ മാണിയുടെ പ്രാഗല്ഭ്യം കേരളം തൊട്ടറിഞ്ഞതാണെന്നും ചന്ദ്രിക പറയുന്നു.  ഇരു ദിനപത്രവും മുഖപ്രസംഗത്തിലൂടെയാണ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. മാണിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ്, ലീഗ് നേതൃത്വങ്ങള്‍ പുലര്‍ത്തുന്ന വ്യത്യസ്ത സമീപനം കൂടിയാണിത് വ്യക്തമാക്കുന്നത്.

കാവി സംഘത്തില്‍നിന്നും അച്ചാരം വാങ്ങിയ മാണിക്കുള്ള ബംപര്‍ ഓഫര്‍ മകനുള്ള കേന്ദ്രമന്ത്രി പദമാണെന്ന് വീക്ഷണംആരോപിക്കുന്നു. 30 വര്‍ഷത്തെ യു.ഡി.എഫ് ബന്ധം വിടാനുള്ള കേരള കോണ്‍ഗ്രസ് തീരുമാനം രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്ത നടപടിയാണ്. ഒന്നിച്ച് ഭരിക്കുകയും മത്സരിക്കുകയും ചെയ്ത് തോറ്റശേഷം മുന്നണിയെ തള്ളിപ്പറയുന്നത് രാഷ്ട്രീയ സത്യസന്ധതയില്ലായ്മയാണ്. തന്‍െറ രാഷ്ട്രീയ ഭാവിക്കും മകന്‍െറ രാഷ്ട്രീയ ശ്രേയസ്സിനും വേണ്ടി നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും മാണി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് വിവേകശൂന്യമായ ഈ നടപടി. പുത്രന്‍െറ രാഷ്ട്രീയ മോഹങ്ങള്‍ അതിനോട് ചേര്‍ന്നപ്പോള്‍ മാണി പൂര്‍ണകുരുടനായി മാറി.

ബജറ്റ് അവതരിപ്പിക്കാന്‍ മാണിയെ നിയമസഭയില്‍ കടത്തില്ളെന്ന് വെല്ലുവിളിച്ച പ്രതിപക്ഷത്തിന് എതിരെ മാറിടം മതിലാക്കി അദ്ദേഹത്തെ സഭയില്‍ എത്തിച്ചവരാണ് യു.ഡി.എഫ് എം.എല്‍.എമാര്‍. പക്ഷേ, അതൊക്കെ മറന്ന് മാണിയും മകനും യു.ഡി.എഫില്‍ വഞ്ചന ആരോപിച്ച് ഇറങ്ങിപ്പോവുകയാണ്. ഇപ്പോള്‍ വീണത് കരയില്ലാ കയത്തിലേക്കാണെന്ന് കാലം തെളിയിക്കും. യു.ഡി.എഫിലെ പൂക്കാലം അവസാനിച്ചെന്നും ഇനി കാവിസംഘത്തിന്‍െറ മരച്ചോട്ടില്‍ കനികള്‍ പെറുക്കാമെന്നുമാണ് മാണിയുടെയും മകന്‍െറയും അതിമോഹം. തരംപോലെ രാഷ്ട്രീയശയ്യ മാറുന്ന മാണിയുടെ രാഷ്ട്രീയ അന്ത്യം അധികാരത്തിന്‍െറ ചൂളത്തെരുവിലായിരിക്കും. തിരസ്കാരത്തിന്‍െറയും നിന്ദയുടെയും ഹീനരൂപങ്ങളായി മാണിയും മകനും മാറുമെന്ന് തീര്‍ച്ചയെന്നും പത്രം ആക്ഷേപിക്കുന്നു.

എന്നാല്‍, യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് ഒറ്റക്ക് നില്‍ക്കാനുള്ള കേരള കോണ്‍ഗ്രസ് എമ്മിന്‍െറ തീരുമാനത്തില്‍ ചില പുനരാലോചനകള്‍ ഉണ്ടാവുമെന്നുതന്നെയാണ് കേരളം പ്രതീക്ഷിക്കുന്നതെന്നാണ് ചന്ദ്രിക വ്യക്തമാക്കുന്നത്. അങ്ങേയറ്റത്തെ വേദനയോടെയാണ് മുന്നണി വിടാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിയുടെ വാക്കുകളില്‍ അതിനുള്ള സാധ്യതകളും തെളിഞ്ഞുകിടക്കുന്നുണ്ട്. പൂര്‍ണ തൃപ്തിയോടെയല്ല ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിപ്പെട്ടത് എന്നതിന്‍െറ സൂചനയാണത്. മുന്നണി വിടാനുള്ള തീരുമാനത്തിലേക്ക് കേരള കോണ്‍ഗ്രസിനെ എത്തിച്ച രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉണ്ടാകാം. യു.ഡി.എഫ്- കേരള കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ തമ്മില്‍ കൂടുതല്‍ ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും വേദിയും സമയവും ഉണ്ടായിരുന്നു. അതു പ്രയോജനപ്പെടുത്തുകയും ആവാമായിരുന്നു-എഡിറ്റോറിയല്‍ പറയുന്നു. സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും തലയെടുപ്പുള്ള നേതാക്കളില്‍ ഒരാളാണ് കെ.എം. മാണിയെന്നും ലീഗ് പത്രം പുകഴ്ത്തുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.