സര്‍ക്കാര്‍ ഉത്തരവുകള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നില്ല

തിരുവനന്തപുരം: സര്‍ക്കാര്‍ ഉത്തരവുകള്‍ പുറത്തിറങ്ങി 48 മണിക്കൂറിനകം ബന്ധപ്പെട്ട വകുപ്പുകള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം നടപ്പാകുന്നില്ല. പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കാന്‍ നടപടി കൈക്കൊള്ളുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും മിക്കവകുപ്പുകളിലും സ്ഥിതി പഴയപടിതന്നെയാണ്.
മുഖ്യമന്ത്രിയുടെ കീഴിലെ ആഭ്യന്തര,വിജിലന്‍സ് വകുപ്പുകള്‍ പോലും ഇക്കാര്യത്തില്‍ വീഴ്ചവരുത്തുന്നു. സംസ്ഥാന പൊലീസ് സേനക്ക് സ്വന്തമായി (www.keralapolice.org)  എന്ന വെബ്സൈറ്റുണ്ട്.  എന്നാല്‍, സുപ്രധാന ഉത്തരവുകളൊന്നും ഇതില്‍ പ്രസിദ്ധീകരിക്കാറില്ല.
ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവുകള്‍ മാത്രണ് ലഭ്യമാകുന്നത്. അതും 48 മണിക്കൂറിനുള്ളിലല്ല, ആഴ്ചകള്‍ പിന്നിട്ടശേഷമാകും പ്രസിദ്ധീകരിക്കുന്നത്. അതേസമയം, ആധുനികവത്കരണവുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ വിവരങ്ങളും മറ്റും കൃത്യമായി അപ്ഡേറ്റ് ചെയ്യാറുണ്ട്. ജനങ്ങള്‍ക്ക് അറിയേണ്ട കാര്യങ്ങള്‍ പ്രസിദ്ധീകരിക്കാതെ വാണിജ്യസംബന്ധമായ കാര്യങ്ങള്‍ക്കു മാത്രം പ്രാധാന്യം കൊടുക്കുന്നത് ചിലരുടെ പ്രത്യേക താല്‍പര്യപ്രകാരമാണെന്നും ആക്ഷേപമുണ്ട്. സംസ്ഥാന പൊലീസ് മേധാവിക്ക് ജനങ്ങളുമായും ഉദ്യോഗസ്ഥരുമായും സംവദിക്കുന്നതിന് ഫേസ്ബുക് പേജും  തുടങ്ങിയിരുന്നു. ഇതും ഇപ്പോള്‍ ഏതാണ്ട് നിര്‍ജീവാവസ്ഥയിലാണ്. അഴിമതിവിരുദ്ധ പോരാട്ടങ്ങളില്‍ വിട്ടുവീഴ്ചയില്ളെന്ന് പ്രഖ്യാപിച്ച ഡോ. ജേക്കബ് തോമസ് നേതൃത്വം നല്‍കുന്ന വിജിലന്‍സ് വകുപ്പിലും സ്ഥിതി വിഭിന്നമല്ല.
വിജിലന്‍സ് വകുപ്പ് പുറത്തിറക്കുന്ന ഒരു ഉത്തരവും വിജിലന്‍സ് സൈറ്റില്‍ (www.vigilance.kerala.gov.in) ലഭ്യമല്ല. 1992 മുതല്‍ 97 വരെയുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ മാത്രമാണ് ഇതില്‍ ഇപ്പോഴുമുള്ളത്. 1998 മുതല്‍ 2004 വരെയുള്ള മൂന്നു സര്‍ക്കുലറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2014-15 വര്‍ഷത്തെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും ലഭ്യമാണ്. വിജിലന്‍സിന്‍െറ പ്രവര്‍ത്തനം സുതാര്യമാക്കണമെന്നും പരമാവധി വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നുമാണ് വിജിലന്‍സ് ഡയറക്ടറുടെ പ്രഖ്യാപിത നിലപാട്. പക്ഷേ, ആ വകുപ്പിന്‍െറ വിവരങ്ങള്‍ പോലും ലഭ്യമാകാത്ത സാഹചര്യമാണ് നിലവില്‍.
മന്ത്രിസഭാരേഖകള്‍ വിവരാവകാശത്തിലൂടെ നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉത്തരവുകള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. ഇതുസംബന്ധിച്ച് വകുപ്പ് മേധാവികള്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കാന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനെ ചുമതലപ്പെടുത്തുകയും ചെയ്തു. പക്ഷേ, കാര്യങ്ങള്‍ ഇപ്പോഴും പഴയപടി തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.