സീറ്റ് കിട്ടാത്തതിന് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ ചങ്ങല വലിച്ചു; ചെന്നൈ മെയില്‍ വൈകി

കോഴിക്കോട്: റിസര്‍വ് ചെയ്ത സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ട് സീനിയര്‍ മാനേജര്‍  ട്രെയിനിന്‍െറ അപായച്ചങ്ങല വലിച്ചു. മംഗലാപുരം-ചെന്നൈ മെയില്‍ വൈകിട്ട് 5.25ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട ഉടനെയാണ് സംഭവം. ഇതേതുടര്‍ന്ന് എ.കെ.ജി. ഓവര്‍ബ്രിഡ്ജ് എത്തുന്നതിന് മുമ്പെ ട്രെയിന്‍ നിന്നു. അരമണിക്കൂറോളം വൈകിയാണ് പിന്നീട് ട്രെയിന്‍ പുറപ്പെട്ടത്. റിസര്‍വ് ചെയ്ത സീറ്റില്‍ ഇരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഗത്യന്തരമില്ലാതെ യാത്രക്കാരന്‍ അപായച്ചങ്ങല വലിച്ചതെന്നാണ് വിശദീകരണം. അടിയന്തര ഘട്ടങ്ങളില്‍മാത്രം വലിക്കാറുള്ള അപായച്ചങ്ങല സീറ്റ് കിട്ടാത്തതിന്‍െറ പേരില്‍ വലിക്കുന്നത് അപൂര്‍വമാണ്.

അപായച്ചങ്ങല വലിച്ച കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് സീനിയര്‍ മാനേജര്‍ കിഴക്കുംമുറി കൊളങ്ങരപ്പറമ്പില്‍ കെ.സി. സൂരജി(37)നെതിരെ റെയില്‍വേ ആക്ട് പ്രകാരം കേസെടുത്തു. സംഭവത്തെക്കുറിച്ച് ആര്‍.പി.എഫ്. പറയുന്നതിങ്ങനെ:  കോഴിക്കോടുനിന്നാണ് യുവാവ് മംഗലാപുരത്തുനിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിനില്‍ കയറിയത്.

 ബി-3 എ.സി. ത്രീ ടയര്‍ കോച്ചിലെ സീറ്റര്‍ നമ്പര്‍ 27 ആണ് റിസര്‍വ് ചെയ്തിരുന്നത്.  സീറ്റിനടുത്തുണ്ടായിരുന്ന കുടുംബം മധ്യത്തിലുള്ള ബെര്‍ത്ത് ഉള്‍പെടെ നിവര്‍ത്തിയിട്ട് ഉപയോഗിച്ചതിനെതുടര്‍ന്ന് ഇദ്ദേഹത്തിന് റിസര്‍വ് ചെയ്തിരുന്ന താഴത്തെ സീറ്റില്‍ ഇരിക്കാനായില്ല. പലതവണ ആവശ്യപ്പെട്ടിട്ടും  ഇരിക്കാന്‍ സൗകര്യം നല്‍കിയില്ല. ടി.ടി.ഇയെ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ട്രെയിന്‍ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ടശേഷവും പ്രശ്നത്തിന് പരിഹാരമായില്ല. തുടര്‍ന്നാണ്  താന്‍ അപായച്ചങ്ങല വലിച്ചതെന്ന് ആര്‍.പി.എഫ്. അധികൃതരോട് സൂരജ് വിശദീകരിച്ചു.

സീറ്റ് കിട്ടാത്തതിന്‍െറ പേരില്‍ റെയില്‍വേ ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് പരാതി പറയുന്നതിനോ ആര്‍.പി.എഫില്‍ വിവരം അറിയിക്കുന്നതിനോ പകരം അപായച്ചങ്ങല വലിച്ച് ട്രെയിന്‍ വൈകിപ്പിച്ച് ബുദ്ധിമുട്ടുണ്ടാക്കിയ നടപടി മറ്റു യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കി. രാത്രി ഒമ്പതുമണിക്കുശേഷമേ റിസര്‍വേഷന്‍ ബര്‍ത്ത് നിവര്‍ത്തിയിടാന്‍ പാടുള്ളുവെന്നാണ് നിയമം. റിസര്‍വ് ചെയ്ത യാത്രക്കാരന് സീറ്റ് ലഭ്യമാക്കാന്‍ നടപടിയെടുക്കാത്ത ടി.ടി.ഇക്കെതിരെയും വിമര്‍ശമുയര്‍ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.