കിലയുടെ ആദിവാസി പഠന റിപ്പോര്‍ട്ടില്‍ ഗുരുതര തെറ്റുകളെന്ന് പ്ളാനിങ് ബോര്‍ഡ്

തിരുവനന്തപുരം: മൂന്നുകോടി രൂപ ചെലവഴിച്ച് കില(കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍സ്) നടത്തിയ ആദിവാസി പഠന റിപ്പോര്‍ട്ടില്‍ ഗുരുതര തെറ്റുകളെന്ന് പ്ളാനിങ് കമീഷന്‍. സര്‍വേയില്‍ ആദിവാസി കുടുംബങ്ങളില്‍ ഒരു വിഭാഗത്തെ ഒഴിവാക്കിയെന്നാണ് പ്ളാനിങ് ബോര്‍ഡിന്‍െറ പ്രധാന വിമര്‍ശം. സംസ്ഥാനത്തെ 100 ശതമാനം ആദിവാസി കുടുംബങ്ങളെയും സര്‍വേയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, ഇതു പൂര്‍ണായും അട്ടിമറിച്ചു. 2001ലെയും 2011ലെയും സെന്‍സസ് ഡാറ്റ പരിശോധിച്ചാല്‍ 2008ലെ സര്‍വേയിലെ ഈ പോരായ്മ വ്യക്തമാണ്.
വലിയ തയാറെടുപ്പോടെ നടന്ന സര്‍വേയില്‍ തെക്കന്‍ കേരളത്തിലെ വലിയൊരു വിഭാഗം ആദിവാസി കുടുംബങ്ങള്‍ ഉള്‍പ്പെട്ടില്ല. തെക്കന്‍ ജില്ലയില്‍ പ്രത്യേകിച്ച് കാണിക്കാരും മലയരയരുമാണ് കണക്കുകളില്‍ പുറത്തായത്. അവരാകട്ടെ സാമൂഹികതലത്തില്‍ താരതമ്യേന മെച്ചപ്പെട്ട വിഭാഗവുമാണ്. ഈ പഠന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് ആദിവാസി വികസനത്തിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചത്. വാര്‍ഷിക ട്രൈബല്‍ ഉപപദ്ധതി (ടി.എസ്.പി) ഫണ്ട് സംസ്ഥാന-ജില്ലാതല വികസനത്തിന് വിതരണം ചെയ്തതും ഇതിന്‍െറ അടിസ്ഥാനത്തിലായിരുന്നു. നിയമസഭയില്‍ മന്ത്രിമാര്‍ ഉത്തരം നല്‍കിയതും ഈ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ്.  
ജില്ലാതലത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ജനസംഖ്യയിലെ അന്തരം വ്യക്തമാവും. ഉദാഹരണമായി, തിരുവനന്തപുരത്ത് 2001ല്‍ 20893 ആദിവാസികളുണ്ട്. 2008ലെ കില റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത് 16988 എന്നാണ്. ഏതാണ്ട് മൂവായിരത്തിലധികം ആദിവാസികളുടെ കുറവുണ്ടായി. 2001-2008 കാലഘട്ടത്തില്‍ ജനസംഖ്യയില്‍ 18.69 ശതമാനത്തിന്‍െ കുറവാണ് രേഖപ്പെടുത്തിയത്.
എന്നാല്‍, രണ്ടുവര്‍ഷം കഴിഞ്ഞ് 2011ല്‍ സെന്‍സസ് നടത്തിയപ്പോള്‍  ജനസംഖ്യ 26759 ആയി ഉയര്‍ന്നു. വര്‍ധന 9771 ആണ്. അതായത് തലസ്ഥാന ജില്ലയിലെ 40.79 ശതമാനം 2008ലെ കില സര്‍വേക്ക് പുറത്തായിരുന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലും ഇങ്ങനെ സംഭവിച്ചു.  ഊരുകളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ച് ശാസ്ത്രീയമായി വിശകലനം ചെയ്ത് ആദിവാസി കുടുംബങ്ങളുടെ സാമൂഹിക-സാമ്പത്തികാവസ്ഥ രേഖപ്പെടുത്തുകയായിരുന്നു സര്‍വേയുടെ ലക്ഷ്യം. ഇതിനായി  2008-2009 കാലത്ത് വിപുലമായ വിവരങ്ങള്‍ ശേഖരിച്ചു.
ജില്ലാ തലത്തില്‍ കലക്ടര്‍ ചെയര്‍മാനും ട്രൈബല്‍ വകുപ്പിന്‍െറ ജില്ലാ ഓഫിസര്‍ കണ്‍വീനറുമായ സംഘം സര്‍വേ മോണിറ്റര്‍ ചെയ്തു. ജില്ലകളില്‍ സര്‍വേ നടത്തുന്നതിന് പ്രത്യേക പരിശീലനം നല്‍കിയവരെയാണ് നിയോഗിച്ചത്. 1026 സര്‍വേ ഗ്രൂപ്പുകളിലായി 3077 പേര്‍ക്ക് പരിശീലനം നല്‍കി. ഊരുകളില്‍ മൂപ്പന്‍ അടക്കമുള്ളവരുമായി ചര്‍ച്ചചെയ്ത് പൂര്‍ണവിവരങ്ങള്‍ പുറത്തുകൊണ്ടുവരണമെന്നായിരുന്നു നിര്‍ദേശം. ഐ.ടി.ഡി.പി/ പട്ടികവര്‍ഗവകുപ്പ് ഉദ്യോഗസ്ഥരാണ് വിവരശേഖരണത്തിന്‍െറ മേല്‍നോട്ടം വഹിച്ചത്.  സര്‍വേയുടെ അന്തിമ മേല്‍നോട്ടം കിലക്കായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.