വെട്ടത്തൂര്‍ (മലപ്പുറം): നിറമുള്ള ഓര്‍മകളും ജീവിതവുമാണ് കഴിഞ്ഞ വര്‍ഷം ഒരു കറുത്ത ദിനത്തില്‍ തെരുവുനായയുടെ കടിയേറ്റ് റിഫ മോള്‍ക്ക് നഷ്ടമായത്. വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്തിന് സമീപം തേലക്കാട് അരക്കുപറമ്പന്‍ റാഷിദ്-സമീന ദമ്പതികളുടെ മകള്‍ റിഫ ഫാത്തിമയാണ് തെരുവുനായയുടെ കടിയേറ്റതിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് നാലു വയസ്സുകാരി റിഫയുടെ മുഖത്ത് നായ് പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം റമദാന്‍നോമ്പിന് തലേന്ന് രാവിലെ ഏഴ് മണിക്കാണ് കടിയേറ്റത്.
അന്ന് പ്രദേശത്ത് മറ്റു നാലുപേര്‍ക്കും തെരുവുനായ് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. എല്ലാവര്‍ക്കും ഭേദമായെങ്കിലും റിഫ മോള്‍ കിടപ്പിലാവുകയായിരുന്നു. ഇക്കാലത്തിനിടക്ക് കുഞ്ഞിനെ രക്ഷിതാക്കള്‍ കൊണ്ടുപോകാത്ത ആശുപത്രികളും കാണിക്കാത്ത ഡോക്ടര്‍മാരുമില്ല. മുറിവേറ്റ അന്നുതന്നെ മഞ്ചേരി മെഡിക്കല്‍ കോളജില്‍നിന്ന് വാക്സിന്‍ നല്‍കിയിരുന്നു.
മുഖത്ത് മുറിവേറ്റ ഭാഗത്താണ് അന്ന് കുത്തിവെപ്പെടുത്തതെന്ന് രക്ഷിതാവ് പറഞ്ഞു. തുടര്‍ന്ന്, ഒരാഴ്ചക്കിടെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍നിന്ന് രണ്ട് തവണകളിലായി വാക്സിന്‍ നല്‍കിയതോടെ മുഖത്തെ മുറിവ് ഉണങ്ങിത്തുടങ്ങി. പിന്നീട്, പനിയും ശരീരത്തിന് തളര്‍ച്ചയും തുടങ്ങിയതിനെതുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി.
പേവിഷബാധയേറ്റതാണ് ശരീരം തളരാന്‍ കാരണമെന്ന് അന്ന് ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞത്രെ. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയി വീണ്ടും ചികിത്സിച്ചു. ശരീരം കൂടുതല്‍ തളര്‍ന്നു തുടങ്ങിയതോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ ഒരു മാസം ഐ.സി.യുവില്‍ കിടന്നു. രണ്ട് മാസം ഇവിടെ കിടത്തി ചികിത്സ നടത്തിയെങ്കിലും കുട്ടിയെ പഴയ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല. ശരീരം ചലിപ്പിക്കാന്‍ പോലുമാവാത്ത സ്ഥിതിയിലാണിപ്പോള്‍. പഴയ കളിചിരികളിലേക്ക് റിഫ തിരികെ വരുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.