തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാല ലണ്ടനിലെ റോയല്‍ അഗ്രികള്‍ച്ചറല്‍ യൂനിവേഴ്സിറ്റിയുമായി വിദ്യാഭ്യാസ, ഗവേഷണ രംഗങ്ങളില്‍ സഹകരണത്തിന് തയാറെടുക്കുന്നു. റോയല്‍ അഗ്രികള്‍ച്ചറല്‍ യൂനിവേഴ്സിറ്റി പ്രതിനിധി വാനിയ തിയൊഫിലോപൊലു കേരള കാര്‍ഷിക സര്‍വകലാശാലാ അധികൃതരുമായി തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇതനുസരിച്ച് കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരെയും ഗവേഷണ വിദ്യാര്‍ഥികളെയും റോയല്‍ യൂനിവേഴ്സിറ്റിയില്‍ ഹ്രസ്വകാല പരിശീലനങ്ങള്‍ക്ക് അയക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രന്‍ അറിയിച്ചു. കാര്‍ഷിക സര്‍വകലാശാലയിലെ എം.എസ്സി വിദ്യാര്‍ഥികള്‍ക്ക് രണ്ടാംവര്‍ഷം റോയല്‍ യൂനിവേഴ്സിറ്റിയില്‍ പഠിക്കാന്‍ അവസരമൊരുക്കും. അവിടത്തെ എം.എസ്സി ഒരുവര്‍ഷമായതിനാല്‍ പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇരു സര്‍വകലാശാലകളിലെയും ബിരുദം നേടാനാവും. ഇതുസംബന്ധിച്ച് രണ്ട് സര്‍വകലാശാലകളും ധാരണാപത്രത്തില്‍ ഒപ്പിടുമെന്നും കേരള കാര്‍ഷിക സര്‍വകലാശാലയുടെ സിലബസ് ഇതിന് അനുസൃതമായി പരിഷ്കരിക്കുമെന്നും വി.സി പറഞ്ഞു.
ബ്രിട്ടനിലെ ഏറ്റവും പുരാതനമായ കാര്‍ഷിക സര്‍വകലാശാലയാണ് 1845ല്‍ സ്ഥാപിതമായ റോയല്‍ യൂനിവേഴ്സിറ്റിയെന്ന് വാനിയ തിയൊഫിലോപൊലു പറഞ്ഞു. മറ്റ് പല സര്‍വകലാശാലകളുമായും സഹകരണമുണ്ട്. നൂറിലേറേ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ അവിടെ പഠിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. കേരള കാര്‍ഷിക സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായും അധ്യാപകരുമായും വാനിയ സംസാരിച്ചു. അക്കാദമിക് ഡയറക്ടര്‍ ഡോ. ടി.ഇ. ജോര്‍ജ് പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.