ജനാധിപത്യ ഊര് വികസന മുന്നണി: നയപ്രഖ്യാപനം 19ന്

കൊച്ചി: മുത്തങ്ങ ദിനാചരണത്തിന്‍െറ ഭാഗമായി തിരുവനന്തപുരത്ത് നടക്കുന്ന രാഷ്ട്രീയ കണ്‍വെന്‍ഷന്‍ പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തി പ്രക്ഷോഭ പരിപാടിക്ക് തുടക്കം കുറിക്കുമെന്ന് ഗോത്ര മഹാസഭ അധ്യക്ഷ സി.കെ. ജാനു, കോഓഡിനേറ്റര്‍ എം. ഗീതാനന്ദന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹാരിസണ്‍ ഉള്‍പ്പെടെ 25ലേറെ എസ്റ്റേറ്റുകള്‍ നിയമവിരുദ്ധമായി കൈവശം വെക്കുന്ന ഭൂമി ഏറ്റെടുത്ത് സമഗ്ര പരിഷ്കരണം നടപ്പാക്കുക, 2006ലെ വനാവകാശം സമ്പൂര്‍ണമായി നടപ്പാക്കുക, നില്‍പുസമര തീരുമാനങ്ങള്‍ നടപ്പാക്കി ഭൂരഹിത ആദിവാസികള്‍ക്ക് ഭൂമി പതിച്ചുനല്‍കുക, ആദിവാസി സ്വയംഭരണം നടപ്പാക്കുക, നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമം യാഥാര്‍ഥ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിക്കുമെന്ന് ഗോത്ര മഹാസഭ നേതാക്കള്‍ അറിയിച്ചു.

തൊഴില്‍ സമൂഹങ്ങളെ വഴിയാധാരമാക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ കടന്നുകയറ്റം തടയാന്‍ നടപടിയെടുക്കുക, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നയം പുനരാവിഷ്കരിക്കുക, തോട്ടം തൊഴിലാളി നിയമം പരിഷ്കരിക്കുക തുടങ്ങിയ വിഷയങ്ങളും കണ്‍വെന്‍ഷന്‍ പരിഗണിക്കും.
19ന് തിരുവനന്തപുരം ഹസന്‍ മരക്കാര്‍ ഹാളില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ രാഷ്ട്രീയ ശക്തിയാകാന്‍ വേണ്ട പരിപാടിക്ക് രൂപം നല്‍കുമെന്ന് അവര്‍ വ്യക്തമാക്കി. രാഷ്ട്രീയമായ സംഘടിക്കല്‍ ഇടതു-വലതു പക്ഷത്ത് നില്‍ക്കാനോ ഹിന്ദുത്വ രാഷ്ട്രീയത്തിന്‍െറ ഭാഗമാകാനോ അല്ളെന്നും ഗീതാനന്ദന്‍ പറഞ്ഞു.

1970കളില്‍ തുടക്കം കുറിച്ച ഭൂപരിഷ്കരണ നടപടി ഇടതു-വലതു മുന്നണികള്‍ കാലക്രമേണ ദുര്‍ബലപ്പെടുത്തി. ദലിതര്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം ഭൂരഹിതരായി. ആദിവാസികളുടെ വനാവകാശവും സ്വയംഭരണവും നഷ്ടപ്പെട്ടു. ജനാധിപത്യ കേരളം നിലവില്‍ വന്നിട്ടും വ്യാജരേഖകള്‍ ഉപയോഗിച്ച് ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി വന്‍കിടക്കാര്‍ കൈവശം വെച്ചു. പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിച്ച് നെല്‍വയലുകളും ജലസ്രോതസ്സുകളും കുഴിച്ചുമൂടി. ഈ സാഹചര്യത്തിലാണ് ഭൂമിക്കും സാമൂഹിക നീതിക്കും വേണ്ടി പ്രക്ഷോഭം വിപുലീകരിക്കാന്‍ ഗോത്ര മഹാസഭ പദ്ധതി തയാറാക്കുന്നത്. ഭൂപരിഷ്കരണം, സ്വയംഭരണം, പ്രാദേശിക വികസനം എന്നിവ യാഥാര്‍ഥ്യമാക്കാന്‍ ‘ജനാധിപത്യ ഊര് വികസന മുന്നണി’യെന്ന രാഷ്ട്രീയ വേദിയുടെ നയപ്രഖ്യാപനവും 19ന് ഗോത്ര മഹാസഭ നടത്തും.

20ന് നടക്കുന്ന രോഹിത് വെമുല അനുസ്മരണ-വിദ്യാഭ്യാസ സംരക്ഷണ സമ്മേളനത്തില്‍ ദലിത്-ആദിവാസി വിദ്യാര്‍ഥികളുടെ പൗരാവകാശം സംരക്ഷിക്കാന്‍ നിയമ നിര്‍മാണത്തെക്കുറിച്ച് ചര്‍ച്ചചെയ്യും. കരട് നിയമ നിര്‍മാണ നിര്‍ദേശം മാര്‍ച്ചില്‍ നടക്കുന്ന പാര്‍ലമെന്‍റ് മാര്‍ച്ചിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും ജാനുവും ഗീതാനന്ദനും അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.