ടി.പി കേസിലും സി.ബി.ഐ; തെരഞ്ഞെടുപ്പിനുമുമ്പ് ഉത്തരവിറക്കാന്‍ കരുനീക്കം ശക്തം

കോഴിക്കോട്: സോളാര്‍, ബാര്‍കോഴ വിഷയങ്ങളില്‍ ഇടതുമുന്നണിക്കുണ്ടായ അനുകൂലസാഹചര്യത്തിന് തടയിടാന്‍ യു.ഡി.എഫ് നേതൃത്വം രംഗത്ത്. ഷുക്കൂര്‍ വധക്കേസിനു പിന്നാലെ  ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലും സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കാന്‍ അണിയറനീക്കം ശക്തം. സി.പി.എം നേതൃത്വത്തെ ദുര്‍ബലമാക്കാന്‍ ഇതിലും നല്ല ആയുധം വേറെയില്ളെന്ന നിലക്ക് നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പേ ഉത്തരവിറക്കാനാണ് അരങ്ങൊരുക്കുന്നത്.
ഇതിനുമുന്നോടിയായാണ് ടി.പി വധത്തില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും കേന്ദ്ര ആഭ്യന്തരവകുപ്പിന് കത്തയച്ചത്. സര്‍ക്കാറിന്‍െറ ആവശ്യം നേരത്തേ രണ്ടുതവണ കേന്ദ്രം നിരസിച്ചതാണ്. 2014 മാര്‍ച്ച്, മേയ് മാസങ്ങളിലാണ് സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട ഫയല്‍ കേന്ദ്രം മടക്കിയത്.

ആവശ്യം കേന്ദ്രം നിരസിച്ചെങ്കിലും സര്‍ക്കാര്‍ കാര്യമായ സമ്മര്‍ദം ചെലുത്തിയില്ളെന്നാണ് ആര്‍.എം.പി വിലയിരുത്തല്‍. കേന്ദ്രത്തിലെ മാറിയ സാഹചര്യം കണക്കിലെടുത്ത് ആര്‍.എം.പി നേതാക്കള്‍ സി.ബി.ഐ അന്വേഷണമാവശ്യവുമായി വീണ്ടും സജീവമായി. ടി.പിയുടെ ഭാര്യ കെ.കെ. രമ സംസ്ഥാന ആഭ്യന്തരവകുപ്പിന് വീണ്ടും നിവേദനം നല്‍കി. തുടര്‍ന്ന്, ആര്‍.എം.പി നേതാക്കള്‍ കുമ്മനം രാജശേഖരനുമായി ചര്‍ച്ചയും നടത്തി. സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടുള്ള ഫയല്‍ കേന്ദ്രത്തിന് കൈമാറിയാല്‍ ‘ബാക്കി ഞങ്ങളേറ്റു’ വെന്ന നിലക്ക് ബി.ജെ.പി നേതാക്കള്‍ ഉറപ്പും നല്‍കി. ആര്‍.എം.പിക്ക് ലഭിച്ച ഉറപ്പിലാണ് കെ.കെ. രമ മുഖ്യമന്ത്രിക്ക് വീണ്ടും നിവേദനം നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ളെന്ന പരസ്യപ്രസ്താവനയും ഇവര്‍ നടത്തി. ഈ സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് ആഭ്യന്തരവകുപ്പ് കഴിഞ്ഞദിവസം വീണ്ടും കേന്ദ്രത്തിന് കത്തയച്ചത്.

ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനും സി.ബി.ഐ അന്വേഷണത്തില്‍ താല്‍പര്യമുണ്ടെന്നാണ് സൂചന. പിണറായി വിജയന്‍ മുഖ്യമന്ത്രിയാവുന്ന സാഹചര്യമുണ്ടാവരുതെന്നാണ് കേന്ദ്രം സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശം. യു.ഡി.എഫ് ഭരണത്തിലുണ്ടാവുന്ന വളര്‍ച്ച, ഇടതുഭരണകാലത്ത് ബി.ജെ.പിക്കുണ്ടാവില്ളെന്ന തിരിച്ചറിവാണത്രെ ഇതിനുപിന്നില്‍. ആര്‍.എം.പിയും പിണറായിയുടെ വരവാണ് ഏറ്റവുംകൂടുതല്‍  ഭയക്കുന്നത്. ടി.പി വധത്തില്‍ സി.പി.എം സെക്രട്ടറിയുള്‍പ്പെടെയുള്ളവര്‍ക്ക് പങ്കുണ്ടെന്നും ഗൂഢാലോചന പുറത്തുവരണമെങ്കില്‍ സി.ബി.ഐ അന്വേഷണം വഴി മാത്രമേ കഴിയൂവെന്നാണ് ആര്‍.എം.പിയുടെ നിലപാട്. കതിരൂര്‍ മനോജ്, ഷുക്കൂര്‍ വധക്കേസുകളില്‍ എന്നപോലെ ടി.പി കേസിലും സി.ബി.ഐ അന്വേഷണം വന്നാല്‍ സി.പി.എമ്മിനുണ്ടാക്കുന്ന ആഘാതം വലുതാകുമെന്നും ഭരണതുടര്‍ച്ചയുണ്ടാകുമെന്നാണ്  യു.ഡി.എഫ്  കണക്കുകൂട്ടല്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.