അസുഖമായിരുന്നു എന്ന കാര്യം അറിഞ്ഞിരുന്നെങ്കിലും ഒ.എന്‍.വിയുടെ അന്ത്യം തൊട്ടുമുമ്പിലുണ്ടെന്ന് പ്രതീക്ഷിച്ചില്ല. അദ്ദേഹത്തിന്‍െറ വിയോഗം വരുത്തുന്ന ആഘാതം ചെറുതല്ല. മലയാളഭാഷക്കും സാഹിത്യത്തിനും ദീപസ്തംഭമായിരുന്നു ഒ.എന്‍.വി. ദീര്‍ഘകാലത്തെ സൗഹൃദം മറക്കാന്‍ പറ്റുന്നില്ല. ഇവിടെ (തുഞ്ചന്‍പറമ്പില്‍) ഇന്ന് കാണുന്ന സൗകര്യങ്ങളൊന്നുമില്ലാത്ത കാലത്ത് ചെറിയ ലോഡ്ജ് മുറിയിലിരുന്ന് ഒരു പകലില്‍ ‘ഉജ്ജയിനി’യുടെ ഏതാനും വരികള്‍ ചൊല്ലിക്കേള്‍പ്പിച്ചിരുന്നു. അന്ന് രാത്രി ആ കവിത മുഴുവനും ചൊല്ലി. തുഞ്ചന്‍ സ്മാരകത്തിന്‍െറ എല്ലാ പ്രവര്‍ത്തനങ്ങളിലും ഒപ്പം നിന്നിരുന്ന ആളാണ് അദ്ദേഹം. സാധിക്കുമ്പോഴെല്ലാം തുഞ്ചന്‍പറമ്പിലെ പരിപാടികള്‍ക്ക് ഓടിയത്തെി. സമീപകാലത്ത് യാത്ര ചെയ്യാനുള്ള വിഷമമായിരുന്നു തുഞ്ചന്‍ സ്മാരകത്തിലെ പല പരിപാടികള്‍ക്കും വരുന്നതില്‍നിന്ന് അദ്ദേഹത്തെ തടഞ്ഞത്.
ഭാഷക്കും സാഹിത്യത്തിനും സംസ്കാരത്തിനും ആ വിയോഗം മഹാനഷ്ടമാണ്. വ്യക്തിപരമായി വളരെ അടുപ്പമുണ്ടായിരുന്നു. കുട്ടിക്കാലത്ത്, അഥവാ 1947ല്‍ പുരോഗമന സാഹിത്യസമ്മേളനം നടന്നിരുന്നു. പൊന്‍കുന്നം വര്‍ക്കിയായിരുന്നു അതിന്‍െറ അധ്യക്ഷന്‍. അന്ന് കവിതാമത്സരത്തിന് കവിതകള്‍ ക്ഷണിച്ചു. ഞാനും കവിതയെഴുതി. പിന്നീട് മത്സരത്തിനയക്കാന്‍ പറ്റിയതല്ളെന്ന് തോന്നി, അയച്ചില്ല. പൊന്‍കുന്നം വര്‍ക്കി, പാമ്പാടി, കോട്ടയം എന്നായിരുന്നു കവിത അയക്കേണ്ടിയിരുന്ന വിലാസം. പിന്നീട് രണ്ടു മാസത്തിന് ശേഷം ആ മത്സരത്തിന്‍െറ ഫലം പ്രഖ്യാപിച്ചു. അന്ന് സമ്മാനം ഒ.എന്‍.വിയെന്ന കോളജ് വിദ്യാര്‍ഥിക്കായിരുന്നു. അന്ന് ഞാന്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിയായിരുന്നു. ‘അരിവാളും രാക്കുയിലും’ ആയിരുന്നു സമ്മാനം ലഭിച്ച കവിത. അക്കാലം തൊട്ടേ അദ്ദേഹത്തിന്‍െറ ആരാധകനായി. പലപ്പോഴും കണ്ടു, ഒരുമിച്ച് സഞ്ചരിച്ചു.
ഉത്തരേന്ത്യയില്‍ നിന്നുള്ള സംഗീത സംവിധായകന്‍ ബോംബെ രവിക്ക് വേണ്ടി അദ്ദേഹം അടുപ്പിച്ച് രണ്ട് ചലച്ചിത്രങ്ങളുടെ ഗാനങ്ങള്‍ എഴുതി. എനിക്കന്ന് പാട്ടിനെക്കുറിച്ച് ഒരറിവുമുണ്ടായിരുന്നില്ല. ഒ.എന്‍.വിയുടെ ഗാനങ്ങളിലെ വരികള്‍ ഇംഗ്ളീഷിലാക്കി ബോംബെ രവിയെ കേള്‍പ്പിക്കലായിരുന്നു എന്‍െറ ജോലി. നഖക്ഷതങ്ങള്‍, പഞ്ചാഗ്നി എന്നിവ അന്നാണ് വന്നത്. കൂടെ നില്‍ക്കാന്‍ അവസരം ലഭിച്ച ദീര്‍ഘകാലത്തെ സൗഹൃദം ചെറുതല്ല. അദ്ദേഹത്തിന്‍െറ കവിതകളെ അന്നും ഞാന്‍ അകത്ത് സൂക്ഷിച്ചിരുന്നു.
കോഴിക്കോട്ട് ഗുലാം അലിയുടെ ഗസല്‍ പരിപാടിയുടെ ആരംഭത്തില്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്ന വിധത്തില്‍ ചിലരുടെ ഹ്രസ്വപ്രഭാഷണമുണ്ടായിരുന്നു. ആരാണിതെന്ന് സംശയിക്കുന്ന വിധത്തില്‍ അന്ന് ഒ.എന്‍.വിയുടെ രൂപം കണ്ടപ്പോള്‍ വിഷമം തോന്നി. അടുത്ത ദിവസം ഭാര്യയെ വിളിച്ച് സുഖവിവരങ്ങള്‍ അന്വേഷിച്ചു. മരണം മാറ്റി നിര്‍ത്താന്‍ പറ്റുന്ന അവസ്ഥയല്ല. മലയാള സാഹിത്യത്തിനും സംസ്കാരത്തിനും വഴിതെളിയിക്കാനുണ്ടായിരുന്ന ദീപസ്തംഭമാണ് അണഞ്ഞത്. തുഞ്ചന്‍പറമ്പില്‍ വന്ന് കവിത ചൊല്ലിയതും കേള്‍പ്പിച്ചതുമെല്ലാം ഈ നിമിഷത്തില്‍ ഓര്‍മകളിലൂടെ കടന്നുപോവുന്നു. അദ്ദേഹത്തിന്‍െറ വിയോഗം സൃഷ്ടിക്കുന്ന വേദന തീവ്രമായി മനസ്സിലുണ്ട്. അദ്ദേഹത്തിന്‍െറ കാവ്യങ്ങള്‍ മായാതെ നിലനില്‍ക്കും. ഒരു ദീപ്തസ്മരണയായി എന്നും അദ്ദേഹം മലയാളികള്‍ക്കിടയിലുണ്ടാകും.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.