സനയുടെ ഒറ്റ ചോദ്യം രാജ്യത്ത് വൈറലായി

കൊച്ചി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനോട് ഒറ്റ ചോദ്യത്തിലൂടെ സന നാസര്‍ രാജ്യത്തിന്‍െറ മുഴുവന്‍ ശ്രദ്ധയും പിടിച്ചുപറ്റി. സാധാരണക്കാരെ അലട്ടുന്ന വിലക്കയറ്റം സൃഷ്ടിക്കുന്ന പണപ്പെരുപ്പമാണ് ഈ കൊച്ചുമിടുക്കി ദോശക്കാര്യമായി രാജ്യത്തെ  ഏറ്റവും പ്രഗല്ഭ സാമ്പത്തിക വിദഗ്ധന്‍ കൂടിയായ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് നേരെ തൊടുത്തുവിട്ടത്. ജനുവരിയില്‍ കൊച്ചിയിലെ ഹോട്ടലില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ സന ഉയര്‍ത്തിയ ചോദ്യം രാജ്യത്തെ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ അലയൊലികള്‍ ഉയര്‍ത്തുകയാണ്. പണപ്പെരുപ്പത്തില്‍ വരുന്ന ഏറ്റകുറച്ചിലുകള്‍ക്കനുസരിച്ച് ദോശ വിലയില്‍ മാറ്റം വരാത്തതെന്തെന്നായിരുന്നു സനയുടെ സംശയം. സനയുടെ ചോദ്യവും ഗവര്‍ണറുടെ ഉത്തരവുമാണ് രാജ്യം മുഴുവന്‍ ചര്‍ച്ചയായിരിക്കുന്നത്.

പണപ്പെരുപ്പം രാജ്യത്ത് അഞ്ച് ശതമാനമായി കുറഞ്ഞിട്ടും നിത്യോപയോഗ സാധനങ്ങളുടെ വിലകുറയാത്തതിന്‍െറ കാരണമായിരുന്നു സനയുടെ ചോദ്യത്തിന്‍െറ പൊരുള്‍. പണപ്പെരുപ്പ നിരക്കിലുണ്ടാകുന്ന ഏറ്റ കുറച്ചിലുകള്‍ സാധനങ്ങളുടെ വിലയില്‍ മാറ്റമുണ്ടാക്കില്ളെന്നുള്ള വലിയ പാഠമാണ് ഗവര്‍ണര്‍ ചങ്ങില്‍ അനാവരണം ചെയ്തത്. ഗവര്‍ണറോട് സന ചോദിച്ചത് - പണപ്പെരുപ്പം കൂടുമ്പോള്‍ ദോശയുടെ വിലയും കൂടുന്നു എന്നാല്‍, മറിച്ചാണെങ്കില്‍ ദോശവില കുറയുന്നില്ല. എന്താണ് ദോശ വിലയുടെ കാര്യത്തില്‍ സംഭവിക്കുന്നതെന്നായിരുന്നു സനയുടെ സംശയം. സാമ്പത്തിക ശാസ്ത്രത്തിന്‍െറ കടിച്ചാല്‍ പൊട്ടാത്ത മറുപടിയായിരുന്നില്ല ഗവര്‍ണര്‍ നല്‍കിയത്. ദോശയുണ്ടാക്കാനുള്ള സാങ്കേതിക വിദ്യയില്‍ ഇക്കാലം വരെ മാറ്റമൊന്നുമില്ല. ദോശ ചുട്ടെടുക്കുന്ന ജീവനക്കാരന്‍െറ പ്രതിഫലം, ദോശയുടെ സാങ്കേതിക വിദ്യ വളരാത്തത് തുടങ്ങിയ കാര്യങ്ങളായിരുന്നു അദ്ദേഹത്തിന്‍െറ മറുപടി. സാങ്കേതിക വിദ്യ വളരാത്ത മേഖലകളില്‍ വിലവര്‍ധന പിടിച്ചുനിര്‍ത്തുക ബുദ്ധിമുട്ടാണെന്നായിരുന്നു ഗവര്‍ണറുടെ ഉത്തരം. അദ്ദേഹത്തിന്‍െറ സ്വന്തം തിയറിയായ ‘ദോശണോമിക്സ്’ല്‍ നിന്ന് തന്നെയാണ് സനയുടെ ചോദ്യം.

ഏതായാലും രാജ്യത്തെ ഇരുത്തി ചിന്തിപ്പിച്ച ഈ കൊച്ചു മിടുക്കി എറണാകുളം കലൂരില്‍ ഹസീന മന്‍സില്‍ അബ്ദുല്‍ നാസറിന്‍െറയും സജിത നാസറിന്‍െറയും ഏക മകളാണ്. 2015ലെ ഫെഡറല്‍ ബാങ്ക് കേരള യൂത്ത് ഐക്കണ്‍ ഓഫ് ദ ഇയര്‍ പുരസ്കാരം സനക്കായിരുന്നു. ജനസാന്ദ്രത ഏറിയ കേരളത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ മെയ്ക്ക് ഇന്‍ കേരള പോലെയുള്ള പദ്ധതികള്‍ പര്യാപ്തമാണോ എന്നതായിരുന്നു വിഷയം. 20,000ലധികം പേരില്‍നിന്ന് ഫൈനലിലേക്ക് നാലു പേരെ തെരഞ്ഞെടുത്തതില്‍ ഒന്നാമതായിരുന്നു സന നാസര്‍. കോളജ് വിദ്യാര്‍ഥികള്‍ക്കായി ബാങ്ക് സംഘടിപ്പിച്ച സ്പീക്ക് ഫോര്‍ കേരള ഡിബേറ്റ് മത്സരത്തില്‍ വിജയിച്ചാണ് മൂന്ന് ലക്ഷം രൂപയുടെ സ്കോളര്‍ഷിപ് പുരസ്കാരം നേടിയത്. അങ്കമാലി ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ എന്‍ജിനീയറിങ് പരീക്ഷ മികച്ച നിലയില്‍ വിജയിച്ച്  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റില്‍ പ്രവേശ പരീക്ഷയും വിജയിച്ച് എം.ബി.എക്ക് ചേരാനുള്ള തയാറെടുപ്പിലാണ് സന നാസര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.