കാര്യക്ഷമതാനിര്‍ദേശങ്ങള്‍ അലമാരയിലുറങ്ങും; നടപ്പാവുക ശമ്പളപരിഷ്കരണം മാത്രം

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വിസിലെ കാര്യക്ഷമത ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ക്ക് പതിവായി ഉണ്ടാകാറുള്ള ഗതിതന്നെയാകും ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ ശമ്പളകമീഷന്‍ നിര്‍ദേശങ്ങള്‍ക്കും ഉണ്ടാവുക. ശ്രദ്ധേയവും പ്രായോഗികവുമായ നിരവധി കാര്യങ്ങള്‍ ശിപാര്‍ശയിലുണ്ടെങ്കിലും തെരഞ്ഞെടുപ്പ്വര്‍ഷത്തില്‍ ജീവനക്കാര്‍ക്ക് ഹിതകരമല്ലാത്തതൊന്നും നടപ്പാക്കാന്‍ സര്‍ക്കാര്‍ മുതിരാനുമിടയില്ല. ഫലത്തില്‍, ആദ്യ റിപ്പോര്‍ട്ടിലെ ശമ്പള-പെന്‍ഷന്‍ പരിഷ്കരണനിര്‍ദേശങ്ങള്‍ മാത്രമാകും പ്രയോഗത്തിലത്തെുക. മറ്റെല്ലാം അലമാരകളിലുറങ്ങും.
പ്രാഥമിക റിപ്പോര്‍ട്ടിലെ ശമ്പളപരിഷ്കരണം 10 വര്‍ഷത്തിലൊരിക്കല്‍ മതിയെന്ന നിര്‍ദേശത്തിനെതിരെതന്നെ, കടുത്ത എതിര്‍പ്പാണ് ജീവനക്കാര്‍ ഉയര്‍ത്തിയത്. അംഗീകരിക്കാനാവാത്തവ പലതുമുണ്ടെങ്കിലും  സര്‍ക്കാര്‍ സര്‍വിസിന്‍െറ കാര്യക്ഷമത ഉയര്‍ത്താനുതകുന്ന നിരവധി നിര്‍ദേശങ്ങള്‍  റിപ്പോര്‍ട്ടിലുണ്ട്.

കാഷ്വല്‍ അവധി വെട്ടിക്കുറക്കാനുള്ള ശിപാര്‍ശ സ്വീകരിക്കപ്പെടുന്നതുമല്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ഹാജര്‍ സ്പാര്‍ക്കുമായി ബന്ധപ്പെടുത്തണമെന്ന നിര്‍ദേശം നേരത്തേ ഉയര്‍ന്നിരുന്നു. താമസിച്ചത്തെുന്നവരെയും നേരത്തേ പോകുന്നവരെയും നിയന്ത്രിക്കുകയും അങ്ങനെയുള്ളവരുടെ ശമ്പളം കുറക്കുകയുമായിരുന്നു നിര്‍ദേശം. അത് നടപ്പായിട്ടില്ല. സെക്രട്ടേറിയറ്റിലടക്കം വലിയൊരു ശതമാനം ഉദ്യോഗസ്ഥര്‍ വൈകിയത്തെുക പതിവാണ്. ഓഫിസുകളില്‍ സേവനം കിട്ടാതെ  ജനങ്ങള്‍ക്ക് പലതവണ കയറിയിറങ്ങേണ്ടിയും വരുന്നു. കഴിഞ്ഞദിവസം സര്‍ക്കാര്‍ ഓഫിസുകളില്‍ നടത്തിയ റെയ്ഡില്‍ നിരവധി ക്രമക്കേടുകളാണ് കണ്ടത്തെിയത്. പഞ്ചിങ് പലതവണ ഏര്‍പ്പെടുത്തിയെങ്കിലും അതും വിജയിച്ചില്ല. അധികാരവികേന്ദ്രീകരണം നടന്നിട്ടും തദ്ദേശസ്ഥാപനങ്ങളിലേക്ക് ജീവനക്കാരെ വിടുന്നില്ല. അതേസമയം, സെക്രട്ടേറിയറ്റ് അടക്കം കൂടുതല്‍ കെട്ടിടങ്ങള്‍ നിര്‍മിച്ച് വിശാലമാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ വൈരുധ്യം കമീഷന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

കൃഷിയും മൃഗങ്ങളും ഇല്ലാത്തിടത്ത് ഈ വകുപ്പുകളുടെ ഓഫിസും ഉള്ളിടത്ത് ഓഫിസും ജീവനക്കാരും കുറവുമാണെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടുന്നു. എല്ലായിടത്തുമല്ല, കൃഷിയും മൃഗസംരക്ഷണവും വേണ്ടിടത്ത് ഇവ അനുവദിക്കുക എന്നതാണ് കമീഷന്‍ നിലപാട്. പ്രമോഷനും മറ്റും കാര്യക്ഷമത കൂടി നോക്കണമെന്ന നിര്‍ദേശവും അനിഷ്ടം വിളിച്ചുവരുത്തും. ദിനംപ്രതി സര്‍ക്കാര്‍ വാഹനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനെതിരെ  ശ്രദ്ധേയനിര്‍ദേശമാണ്  മുന്നോട്ടുവെച്ചിട്ടുള്ളത്. ഇപ്പോള്‍ വാഹനമുള്ള വലിയൊരു ശതമാനം പേര്‍ക്ക് അലവന്‍സ് കൊടുത്താല്‍  വലിയ സാമ്പത്തിക ലാഭമുണ്ടാവും.

സ്കൂള്‍വിദ്യാഭ്യാസരംഗത്തെ സാമ്പത്തികബാധ്യതയുടെ ഞെട്ടിക്കുന്ന വിവരമാണ് നിരത്തുന്നത്. അരലക്ഷത്തിനടുത്ത് അധ്യാപകര്‍ അധികമാണ്. 1500 കോടിയോളമാണ് അധികബാധ്യത. അനാദായകരമായ സ്കൂളുകളിലെ കുട്ടികളെ മറ്റു സ്കൂളുകളുമായി ബന്ധിപ്പിച്ച് ദിവസവും അവരെ കാറില്‍ വിട്ട് പഠിപ്പിച്ചാലും  ലാഭകരമാണെന്നാണ് കമീഷന്‍  പറയുന്നത്.

ആരെയും പിരിച്ചുവിടാതെ മറ്റുമേഖലകളിലേക്ക് ഇവരുടെ സേവനം ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. സാധാരണ ശമ്പളറിപ്പോര്‍ട്ടുകളില്‍ പരിഷ്കരണനിര്‍ദേശം മാത്രമെടുത്ത് ബാക്കിയുള്ളവ ഒഴിവാക്കുകയാണ് രീതി. ഇത്തവണയും അക്കാദമിക് താല്‍പര്യത്തിനപ്പുറത്തേക്ക് റിപ്പോര്‍ട്ടിന്‍െറ ഉള്ളടക്കത്തിന്‍െറ ഗതി സംശയാസ്പദമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.