കേരളത്തിലെ സ്ത്രീകള്‍ ബാങ്കിലിട്ടത് 2829.27 കോടി രൂപ

കല്‍പറ്റ: നമ്മുടെ സ്ത്രീകള്‍ പണനിക്ഷേപത്തിന്‍െറ കാര്യത്തിലും ഏറെ മുന്നില്‍. 14 ജില്ലകളിലെയും കുടുംബശ്രീ അംഗങ്ങളായ വനിതകള്‍ ബാങ്കിലിട്ട തുക കേട്ടാല്‍ ഞെട്ടും. ആകെ 2829.27 കോടി രൂപ. ആഴ്ചകള്‍ തോറും അയല്‍ക്കൂട്ടം അംഗങ്ങളില്‍നിന്ന് നിശ്ചിത സംഖ്യ പിരിച്ചും ചെറുകിട സംരംഭങ്ങളിലെ ലാഭവിഹിതവും ബാങ്കില്‍ നിക്ഷേപിച്ചാണ് സ്ത്രീകള്‍ സാമ്പത്തിക ശക്തിയാകുന്നത്. സംസ്ഥാനത്താകെയുള്ള 2,60,491 അയല്‍ക്കൂട്ടങ്ങളിലെ 39,80,084 സ്ത്രീകളാണ് ഇത്രയും തുക ബാങ്കില്‍ നിക്ഷേപിച്ചത്. നാട്ടുമ്പുറത്തും നഗരപ്രദേശങ്ങളിലുമൊക്കെ ജീവിക്കുന്നവരാണിവര്‍. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ നിക്ഷേപം. ഇവിടത്തെ 4,85,880 കുടുബശ്രീ വനിതകള്‍ ബാങ്കിലിട്ടത് 340 കോടി രൂപ. 28,711 അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങളാണിവര്‍.
സ്ത്രീശാക്തീകരണവും ദാരിദ്യനിര്‍മാര്‍ജനവും ലക്ഷ്യമിട്ട് 1998ലാണ് സംസ്ഥാനസര്‍ക്കാര്‍ കുടുംബശ്രീ പദ്ധതി തുടങ്ങിയത്. ഇന്ന് രാജ്യത്തെ ഏറ്റവും വലിയ സ്ത്രീശാക്തീകരണപദ്ധതിയാണിത്. കേരളത്തിലെ 50ശതമാനത്തിലധികം കുടുംബങ്ങള്‍ കുടുംബശ്രീയുടെ ഭാഗമാണ്.
ചെറുകിട സംരംഭങ്ങള്‍, സംഘകൃഷി, സ്വയംതൊഴില്‍ സംരംഭങ്ങള്‍, മൃഗസംരക്ഷണം എന്നിവയിലൂടെ സ്ത്രീകള്‍ക്ക് വരുമാനം നേടിക്കൊടുക്കുകയാണ് ചെയ്യുന്നത്.
ഇത്തരം സംരംഭങ്ങളില്‍നിന്നുള്ള ലാഭവിഹിതവും ആഴ്ചതോറും അയല്‍ക്കൂട്ടങ്ങള്‍ യോഗം ചേര്‍ന്ന് അംഗങ്ങളില്‍നിന്ന് പിരിച്ചെടുക്കുന്ന ചെറിയ തുക കൂട്ടിവെച്ചുമാണ് സ്ത്രീകള്‍ ബാങ്കിലിടുന്നത്.
ഓരോ ജില്ലയിലെയും കുടുംബശ്രീ അംഗങ്ങള്‍, ബ്രാക്കറ്റില്‍ ബാങ്ക് നിക്ഷേപം കോടി രൂപയില്‍, ആകെ അയല്‍ക്കൂട്ടങ്ങള്‍ എന്നീ ക്രമത്തില്‍: തിരുവനന്തപുരം: 4,85,880, (340 കോടി), 28,711. തൃശൂര്‍: 3,67,457 (258.78),  23,468. ആലപ്പുഴ: 3,92,146 (237.80), 23,468.  മലപ്പുറം: 4,67,720 (278.79), 23,386. കോഴിക്കോട്: 4,03,230, (252.18), 26,882. പാലക്കാട്: 2,78,230 , (167.13), 19,566. കോട്ടയം: 2,33,811 (182.07), 14,894. കൊല്ലം: 3,43,753 , (203), 23,841. പത്തനംതിട്ട: 1,50,526, (104.70), 9507. എറണാകുളം: 3,22,560, (228), 21,125. കാസര്‍കോട്: 1,92,374, (37.51), 10,305. കണ്ണൂര്‍: 31,481, (160), 19,000. വയനാട്: 1,45,000, (136), 10,350. ഇടുക്കി: 1,65,916 (243.31), 10273.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.