സ്കൂള്‍ പാഠപുസ്തക അച്ചടി വീണ്ടും പ്രതിസന്ധിയില്‍

തിരുവനന്തപുരം: സ്കൂള്‍ പാഠപുസ്തക അച്ചടി വീണ്ടും താളംതെറ്റി. അച്ചടിക്ക് ആവശ്യമായ കടലാസ് വാങ്ങുന്നതിന് കെ.ബി.പി.എസിന് ധനവകുപ്പ് പണം അനുവദിക്കാത്തതും അച്ചടിക്കേണ്ട പുസ്തകങ്ങളുടെ കോപ്പി എസ്.സി.ഇ.ആര്‍.ടി കൈമാറാത്തതുമാണ് വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുന്നത്.
30ല്‍ അധികം പാഠപുസ്തകങ്ങളുടെ പകര്‍പ്പ് ഇനിയും നല്‍കാനുണ്ട്. അടുത്ത അധ്യയനവര്‍ഷം മാറുന്ന ഒമ്പത്, പത്ത് ക്ളാസുകളിലെ പാഠപുസ്തകങ്ങളാണ് അച്ചടിക്ക് പോകാനുള്ളവയില്‍ ഭൂരിഭാഗവും. ഇതില്‍ ഭൂരിഭാഗവും ഇംഗ്ളീഷ്, കന്നട, തമിഴ് മീഡിയം വിദ്യാര്‍ഥികള്‍ക്കുള്ള പകര്‍പ്പുകളാണ്.
പത്താം ക്ളാസ് പാഠപുസ്തകങ്ങള്‍ ഈ അധ്യയനവര്‍ഷം അവസാനിക്കുന്നതിന് മുമ്പ് കുട്ടികളില്‍ എത്തിക്കേണ്ടതാണ്. ഇവര്‍ക്ക് അവധിക്കാല ക്ളാസുകള്‍ നടത്താന്‍ പുതിയ പാഠപുസ്തകങ്ങള്‍ ആവശ്യവുമാണ്. പല പുസ്തകങ്ങളുടെയും പ്രൂഫ് വായനയാണ് ഇപ്പോഴും എസ്.സി.ഇ.ആര്‍.ടിയില്‍ നടക്കുന്നത്. എന്നാല്‍, പാഠപുസ്തകങ്ങള്‍ എല്ലാം അച്ചടിക്കായി കൈമാറിയെന്നാണ് എസ്.സി.ഇ.ആര്‍.ടി വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചത്.
30ല്‍ അധികം പാഠപുസ്തകങ്ങള്‍  കൈമാറുന്നത് വൈകിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഇക്കാര്യം എസ്.സി.ഇ.ആര്‍.ടി അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.
അച്ചടിക്കാവശ്യമായ പേപ്പര്‍ വാങ്ങുന്നതിനുള്ള ചുമതല ഇത്തവണ കെ.ബി.പി.എസിന് കൈമാറിയിരുന്നു. ഇതുപ്രകാരം അവര്‍  ടെന്‍ഡര്‍ ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, പേപ്പര്‍ വാങ്ങാന്‍ ആവശ്യമായ 56 കോടി രൂപ ഇതുവരെ അനുവദിച്ചിട്ടില്ളെന്ന് കെ.ബി.പി.എസ് അധികൃതര്‍ അറിയിച്ചു.
എസ്.സി.ഇ.ആര്‍.ടി കൈമാറിയ ഏതാനും പാഠപുസ്തകങ്ങള്‍ സ്റ്റോക്കുള്ള പേപ്പര്‍ ഉപയോഗിച്ചാണ് അച്ചടിക്കുന്നത്. ഈ രീതിയില്‍ അച്ചടി നടന്നാല്‍ അടുത്ത അധ്യയനവര്‍ഷം തുടങ്ങുമ്പോഴും അച്ചടി പൂര്‍ത്തിയാക്കാനാകില്ളെന്നും കെ.ബി.പി.എസ് അധികൃതര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം വരെ സ്റ്റോര്‍ ആന്‍ഡ് പര്‍ച്ചേസ് ഡിപ്പാര്‍ട്മെന്‍റ് ടെന്‍ഡര്‍ ഉറപ്പിച്ചതിലും കുറഞ്ഞ തുകക്കാണ് ഇത്തവണ കെ.ബി.പി.എസ് ടെന്‍ഡര്‍ ഉറപ്പിച്ചത്. പാഠപുസ്തകങ്ങളുടെ എത്ര എണ്ണം വേണമെന്നതു സംബന്ധിച്ചും കണക്ക് നല്‍കിയിട്ടില്ല.
സ്കൂളുകളില്‍നിന്ന് ഐ.ടി അറ്റ് സ്കൂള്‍ ആണ് ഓണ്‍ലൈന്‍ ആയി പാഠപുസ്തകങ്ങളുടെ എണ്ണം സംബന്ധിച്ച് ഇന്‍ഡന്‍റ് ശേഖരിക്കുന്നത്. ഇന്‍ഡന്‍റ് ശേഖരണ ചുമതലകൂടി കൈമാറണമെന്നാവശ്യപ്പെട്ട് കെ.ബി.പി.എസ് ചെയര്‍മാന്‍ ആന്‍ഡ് എം.ഡി ടോമിന്‍ തച്ചങ്കരി കത്ത് നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.
കഴിഞ്ഞ വര്‍ഷം തെറ്റായ കണക്ക് നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ 45 ലക്ഷം പാഠപുസ്തകങ്ങളാണ് അധികമായി അച്ചടിച്ചത്. അടുത്ത അധ്യയനവര്‍ഷം ഈ പുസ്തകങ്ങള്‍ മാറുന്നതിനാല്‍  ഇതത്രയും പാഴായി . ഈ സാഹചര്യത്തിലാണ് ഇന്‍ഡന്‍റ് ശേഖരിക്കാനുള്ള അനുമതിയും കെ.ബി.പി.എസ് തേടിയത്. കഴിഞ്ഞ അധ്യയനവര്‍ഷത്തിന്‍െറ തുടക്കത്തില്‍ പാഠപുസ്തക അച്ചടി വൈകിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഏറെ പഴികേട്ടിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.