സുഗന്ധറാണിയുടെ വിലത്തകര്‍ച്ച കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലേക്ക്

കട്ടപ്പന: ഏലം കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് ഏലക്കവില ദിനംപ്രതി കുത്തനെ താഴുന്നു. കഴിഞ്ഞവര്‍ഷം ഈസമയത്ത് കിലോക്ക് ശരാശരി 900 രൂപ വിലയുണ്ടായിരുന്ന ഏലത്തിന് ഇപ്പോള്‍ ലഭിക്കുന്നത്  500 രൂപയാണ്. കുത്തനെയുണ്ടായ വിലയിടിവ് കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലേക്കും കടബാധ്യതയിലേക്കും തള്ളിവിട്ടിരിക്കുകയാണ്. കിലോക്ക് ശരാശരി 1000 രൂപയെങ്കിലും ലഭിച്ചെങ്കിലേ കൃഷി നഷ്ടമില്ലാതെ കൊണ്ടുപോകാനാവൂ എന്നാണ് കര്‍ഷകര്‍ പറയുന്നത്.

ആഭ്യന്തര ഉല്‍പാദനത്തിലുണ്ടായ വര്‍ധനയും ഗ്വാട്ടമാല ഏലത്തിന്‍െറ അന്തര്‍ദേശീയ വിപണിയിലെ സാന്നിധ്യവുമാണ് ഇന്ത്യന്‍ ഏലത്തിന്‍െറ വിലയിടിച്ചത്.
വിലയിടിവ് തടയാന്‍ സ്പൈസസ് ബോര്‍ഡ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഏലം കര്‍ഷകര്‍ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങുകയുമാണ്. ഇതിന്‍െറ ആദ്യപടിയെന്ന നിലയില്‍  അഡ്വ. ജോയ്സ് ജോര്‍ജ് എം.പിയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ യോഗം നടന്നിരുന്നു. ഇതിനു പിന്നാലെ കാര്‍ഡമം പ്ളാന്‍േറഴ്സ് ഫെഡറേഷന്‍ നേതൃത്വത്തില്‍ 19ന് നെടുങ്കണ്ടത്ത് സമരം നടത്താനിരിക്കുകയാണ്.

ഉല്‍പാദനച്ചെലവും വില്‍പന വിലയും തമ്മിലുള്ള അന്തരമാണ് ഏലം കര്‍ഷകരുടെ നടുവൊടിക്കുന്നത്. കിലോക്ക് 750-800 രൂപ ഉല്‍പാദനച്ചെലവ് വരുന്ന ഏലത്തിന്  500-550 രൂപ മാത്രമാണ് വില കിട്ടുന്നത്. വലിയ നഷ്ടം സഹിച്ചാണ് കര്‍ഷകര്‍ കൃഷി നടത്തുന്നത്. കൃഷി പരിപാലന ചെലവും തൊഴിലാളികളുടെ കൂലിയും കുത്തനെ വര്‍ധിച്ചതാണ് ഉല്‍പാദനച്ചെലവ് ഗണ്യമായി വര്‍ധിക്കാനിടയാക്കിയത്. വളം, കീടനാശിനികളുടെ വില അഞ്ചു വര്‍ഷത്തിനിടെ  ഇരട്ടിയിലേറെയായി.

ലിറ്ററിന് 200-250 രൂപക്ക് ലഭിച്ചിരുന്ന കീടനാശിനി വില 500-800 രൂപയിലേക്കാണ് ഉയര്‍ന്നത്. വളത്തിന്‍െറ വിലയിലും ഈ അനുപാതം ദൃശ്യമാണ്.
തൊഴിലാളികളുടെ കൂലിയും വര്‍ധിച്ചതോടെ കര്‍ഷകര്‍ പിടിച്ചുനില്‍ക്കാന്‍ വിഷമിക്കുകയാണ്. തൊഴിലാളികളുടെ ദിവസ വേതന നിരക്ക് 330 രൂപയായി ഉയര്‍ന്നു. ബോണസും മറ്റ് ആനുകൂല്യങ്ങളും കൂടിയാകുമ്പോള്‍ ശരാശരി 420 രൂപയിലധികമാകും. ഇത്രയും കൂലി നല്‍കി കൃഷി നടത്താനാകാത്തതിനാല്‍ കര്‍ഷകര്‍ കൃഷിപരിപാലനം കുറച്ചിരിക്കുകയാണ്.

കയറ്റുമതിയിലുണ്ടായ ഇടിവും വിലയിടിയാന്‍ ഇടയാക്കി. ഉല്‍പാദനവും കയറ്റുമതിയും തമ്മില്‍ വലിയ അന്തരമുണ്ടായി. 1972-’73ല്‍ ഉല്‍പാദനം 3208 ടണ്ണും കയറ്റുമതി 1745 ടണ്ണുമായിരുന്നു. അതായത് മൊത്തം ഉല്‍പാദനത്തിന്‍െറ 54 ശതമാനവും കയറ്റുമതി ചെയ്തു. 1982-’83ല്‍ ഉല്‍പാദനം 3800 ടണ്ണും കയറ്റുമതി 1901 ടണ്ണുമായി. 1991 മുതല്‍ കയറ്റുമതിയില്‍ വന്‍ കുറവുവന്നു തുടങ്ങി. 1991-’92ല്‍ 4667 ടണ്‍ ഏലക്ക ഉല്‍പാദിപ്പിച്ചപ്പോള്‍ 378 ടണ്‍ മാത്രമാണ് കയറ്റുമതി ചെയ്യാനായത്.

മൊത്തം ഉല്‍പാദനത്തിന്‍െറ എട്ടു ശതമാനം മാത്രം.  2002-’03 ല്‍ 11255 ടണ്ണായി ഉല്‍പാദനം ഉയര്‍ന്നപ്പോള്‍ കയറ്റുമതി 1086 ടണ്‍ മാത്രമായി കുറഞ്ഞു. 2012-’13ല്‍ ഏലം ഉല്‍പാദനം 14000 ടണ്ണായിരുന്നപ്പോള്‍ കയറ്റുമതി 2372 ടണ്ണായിരുന്നു. ആഭ്യന്തര ഉല്‍പാദനം തീരെ കുറഞ്ഞ 2010-’11 വര്‍ഷമാണ് ഏലത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 2000 രൂപക്കടുത്തുവരെ വില ലഭിച്ചത്. ഈ സ്വപ്നവിലയാണ് കര്‍ഷകരുടെ മനസ്സില്‍ എന്നുമുള്ളത്. ഈ നിരക്കിലേക്ക് വില വീണ്ടും ഉയരുന്ന കാലമാണ് കര്‍ഷകരുടെ പ്രതീക്ഷ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.