ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലം മാറ്റം: അന്തിമ പട്ടികയായി അവ്യക്തത തുടരുന്നു

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലം മാറ്റത്തിന് അന്തിമ പട്ടികയായി. അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്‍െറ നിര്‍ദേശം കൂടി കണക്കിലെടുത്താണ് പട്ടിക തയാറാക്കിയത്. എന്നാല്‍, സ്ഥലംമാറ്റം എന്നുമുതലെന്ന് വ്യക്തമാക്കിയിട്ടില്ല. ഇതിലും ട്രൈബ്യൂണലിന്‍െറ നിര്‍ദേശം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായാണ് സൂചന.
നേരത്തേ ഹയര്‍ സെക്കന്‍ഡറി വകുപ്പ് പുറത്തിറക്കിയ കരട് സ്ഥലം മാറ്റ ലിസ്റ്റില്‍ ആക്ഷേപങ്ങള്‍ പരിഗണിച്ച ശേഷമുള്ള പട്ടികയാണ് ഇപ്പോള്‍ തയാറാക്കിയിരിക്കുന്നത്. ത്രോണ്‍ ഒൗട്ട് ആകുന്ന അധ്യാപകര്‍ക്ക് വീണ്ടും ഓപ്ഷന്‍ നല്‍കാന്‍ അവസരം നല്‍കിയിരുന്നു. സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് മാറ്റം നല്‍കിയത്. സ്ഥലം മാറ്റത്തിന്‍െറ കൂടുതല്‍ നിര്‍ദേശങ്ങള്‍ പിന്നാലെ പുറപ്പെടുവിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
വാര്‍ഷിക പരീക്ഷ വരുന്ന സാഹചര്യത്തില്‍ വടക്കന്‍ ജില്ലകളില്‍നിന്ന് തെക്കന്‍ പ്രദേശത്തേക്ക് സ്ഥലംമാറ്റം ലഭിച്ചവര്‍ വിടുതല്‍ വാങ്ങിയിരുന്നു. പല സ്കൂളുകളിലും പഠിപ്പിക്കാന്‍ ഇപ്പോള്‍ അധ്യാപകരില്ല.
  അതേസമയം, ചില സ്കൂളുകളില്‍ നേരത്തേ ഉണ്ടായിരുന്നവരും സ്ഥലം മാറ്റം കിട്ടിയവരും ഒരുപോലെ തുടരുകയാണ്. അധ്യാപകരില്ലാതെയും പഠനം നടക്കാതെയുമാണ് പല സ്കൂളുകളും പരീക്ഷയെ നേരിടാന്‍ പോകുന്നത്. ഇപ്പോള്‍ അധ്യാപകരില്ലാത്ത സ്കൂളുകളിലേക്ക് സ്ഥലം മാറ്റം കിട്ടിയവര്‍ അടിയന്തരമായി വിടുതല്‍ വാങ്ങി ബന്ധപ്പെട്ട സ്കൂളുകളില്‍ പ്രവേശിക്കണമെന്നും അല്ലാത്തവര്‍ ഈ അധ്യയന വര്‍ഷം കഴിഞ്ഞ് പോയാല്‍ മതിയെന്നുമായിരുന്നു നേരത്തേ തീരുമാനിച്ചത്. ഇതിനെ അധ്യാപകര്‍  എതിര്‍ത്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തുടങ്ങിയ സ്ഥലംമാറ്റ തര്‍ക്കത്തില്‍ അന്തിമ പട്ടിക ആയെങ്കിലും എന്ന് നടപ്പാവുമെന്ന കാര്യത്തില്‍  അവ്യക്തത തുടരുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.