ജനസംഖ്യാനുപാതികമായി സംവിധാനങ്ങളില്ല; സാംക്രമികരോഗ നിയന്ത്രണം പാളുന്നു

തിരുവനന്തപുരം: ജനസംഖ്യാനുപാതികമായി സംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ കഴിയാത്തതാണ് ഡിഫ്തീരിയ പോലുള്ള സാംക്രമികരോഗങ്ങള്‍ തലപൊക്കാന്‍ കാരണമെന്ന് ആരോഗ്യവിദഗ്ധര്‍. ആരോഗ്യമേഖലയിലെ ഈ അസന്തുലിതാവസ്ഥ മലപ്പുറം പോലുള്ള ജില്ലകളില്‍ വളരെ പ്രകടമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സംവിധാനങ്ങളുടെ അപര്യാപ്തത പ്രതിരോധ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. കാസര്‍കോട്ടും ഈ അവസ്ഥയാണ്. ജില്ലയുടെ ഭൂമിശാസ്ത്രപരമായ കിടപ്പാണ് പ്രശ്നമാവുന്നത്. പരിമിത സംവിധാനങ്ങള്‍ കാരണം പൊതുജനാരോഗ്യപ്രവര്‍ത്തകര്‍ക്ക് കൃതമായി ഉള്‍ഗ്രാമങ്ങളിലേക്ക് എത്താന്‍ കഴിയുന്നില്ല. പ്രതിരോധ കുത്തിവെപ്പിനുള്ള ചില രക്ഷാകര്‍ത്താക്കളുടെ വിസമ്മതം മലപ്പുറത്ത് പ്രശ്നം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും  ബോധവത്കരണത്തിലെ അപര്യാപ്തതയും  പ്രതികൂല ഘടകമായി.

43 ലക്ഷത്തോളമാണ് മലപ്പുറത്തെ ജനസംഖ്യ. എന്നാല്‍ മറ്റ് ജില്ലകളിലെ പൊതുജനാരോഗ്യ സംവിധാനങ്ങള്‍ ജനസംഖ്യാനുപാതികമായി ഇവിടെയില്ല. 5000 പേര്‍ക്ക് മൂന്ന് സബ്സെന്‍ററുകള്‍ വേണമെന്നാണ് ദേശീയ ആരോഗ്യനയം ശിപാര്‍ശ ചെയ്യുന്നത്. ആദിവാസിമേഖലയില്‍ ഇത് 3000 പേര്‍ക്ക് മൂന്ന് സബ്സെന്‍ററാണ്. പക്ഷേ, 15000 പേര്‍ക്ക് ഒരു സബ്സെന്‍ററാണ് മലപ്പുറത്തുള്ളത്.  ഇത്രയും ജനസംഖ്യയുള്ള ജില്ലയില്‍ 150-200 വീടുകള്‍ മാത്രമേ സന്ദര്‍ശിക്കാനാവൂ. ഇതും വലിയ തിരിച്ചടിയായെന്ന് ഡോക്ടര്‍മാരും സമ്മതിക്കുന്നു. ഒരു ലക്ഷത്തോളം പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ വേണ്ടിടത്ത് സംസ്ഥാനത്ത് ഇപ്പോഴുള്ളത് 30,000 ത്തോളമാണ്. ഇക്കാര്യത്തിലും ജനസംഖ്യാനുപാതികമായ പരിഗണനയില്ല.

12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് ഏറെയും രോഗം  ബാധിച്ചിരിക്കുന്നത്. ഇവരില്‍ 99 ശതമാനം പേരും പ്രതിരോധ വാക്സിനേഷന്‍ സ്വീകരിച്ചിട്ടില്ളെന്ന് വ്യക്തമായിട്ടുണ്ട്. നിലവിലെ അവസ്ഥ മനസ്സിലാക്കി ശക്തമായ സംവിധാനങ്ങള്‍ ഇനിയും നടപ്പാക്കുന്നില്ളെങ്കില്‍ പകര്‍ച്ചവ്യാധികള്‍ പടരുകയും സംസ്ഥാനം അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. ആരോഗ്യസംവിധാനങ്ങളുടെ കുറവ് കൂടുതല്‍ ബാധിക്കുന്നത് ചേരികളിലും തീരദേശ-ആദിവാസിമേഖലകളിലുമാണ്. പകര്‍ച്ചവ്യാധികളും സാംക്രമികരോഗങ്ങളും പൊട്ടിപ്പുറപ്പെടുന്നത് മിക്കവാറും ഈ പ്രദേശങ്ങളില്‍നിന്നുമാണ്. മലേറിയ, ഡെങ്കി, ചികുന്‍ഗുനിയ, ഡിഫ്തീരിയ എന്നിവ ഈ മേഖലകളില്‍ വളരെ കൂടുതലെന്നാണ് ആരോഗ്യവകുപ്പിന്‍െറ കണക്കുകള്‍ വ്യക്തമാക്കുന്നത്.

പൊതുജനാരോഗ്യമേഖലക്ക് പ്രത്യേകം വകുപ്പ് വേണമെന്ന 2002ലെ ദേശീയ ആരോഗ്യനയത്തിന്‍െറ ശിപാര്‍ശ കേരളം ഇതുവരെ നടപ്പാക്കിയിട്ടില്ല. തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഈ മേഖലക്ക് പ്രത്യേകം വകുപ്പ് രൂപവത്കരിച്ചിട്ടുണ്ട്. തമിഴ്നാട് മോഡല്‍ നടപ്പാക്കണമെന്നാണ് ദേശീയ ആരോഗ്യനയം തന്നെ ശിപാര്‍ശ ചെയ്യുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.