മലയാളികളുടെ തിരോധാനം : ഐ.ബി സൂചന നല്‍കി, തെളിവ് ലഭിച്ചിട്ടില്ല –ഡി.ജി.പി

തിരുവനന്തപുരം: സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് കാണാതായവരില്‍ ചിലര്‍ തീവ്രവാദസംഘടനകളില്‍ ചേര്‍ന്നുവെന്ന സംശയം സ്ഥിരീകരിക്കാന്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. വിദേശരാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്സില്‍ (ഐ.എസ്) മലയാളികള്‍ ചേര്‍ന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായി കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ അറിയിച്ചിട്ടുണ്ട്. എന്നാലിത് സാധൂകരിക്കത്തക്ക തെളിവുകള്‍ ലഭ്യമായില്ല. ഈ സാഹചര്യത്തില്‍ ആരെയും സംശയത്തിന്‍െറ നിഴലില്‍ നിര്‍ത്താനാകില്ളെന്നും ബെഹ്റ ‘മാധ്യമ’ത്തോട് പറഞ്ഞു.

അതേസമയം, കാസര്‍കോട്ടുനിന്ന് കാണാതായ 12 പേരുടെ കാര്യത്തില്‍ കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോയില്‍ (ഐ.ബി) നിന്ന് ചില വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍നിന്ന് കാണാതായവരെക്കുറിച്ച് സ്ഥിരീകരണമായിട്ടില്ല. മറ്റുള്ളവര്‍ ചില വിദേശ രാജ്യങ്ങളിലുള്ളതായി കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടത്രെ. ഇപ്പോള്‍ കാണാതായവര്‍, മാസങ്ങളായി ഇന്‍റര്‍നെറ്റിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര, സംസ്ഥാന ഏജന്‍സികള്‍ നിരീക്ഷിച്ചുവരുകയാണ്. സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള ഐ.എസിന്‍െറ ആശയപ്രചാരണങ്ങളില്‍ ആകൃഷ്ടരായാണ് പലരും ഐ.എസിലേക്ക് ചേക്കേറിയതെന്ന് ഐ.ബി സംശയിക്കുന്നു.
കാണാതായവര്‍ ഐ.എസിന്‍െറ ശക്തിമേഖലകളായ സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍ ഉണ്ടാകാമെന്നാണ് കരുതപ്പെടുന്നത്. എന്നാലിക്കാര്യത്തിലൊന്നും സ്ഥിരീകരണമായിട്ടില്ല. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ അതീവജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നാണ് ലോക്നാഥ് ബെഹ്റ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. കേന്ദ്ര ഏജന്‍സികളില്‍നിന്ന് ലഭ്യമായ വിവരങ്ങള്‍ക്കുപുറമെ സംസ്ഥാന പൊലീസ് സമാന്തരമായി വിവരങ്ങള്‍ ശേഖരിക്കുകയാണ്.

കേന്ദ്രത്തില്‍നിന്നുള്ള വിവരങ്ങള്‍ പൂര്‍ണമായി വിശ്വസനീയമല്ളെന്നും കരുതുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയശേഷം അന്വേഷണത്തിന് കേന്ദ്ര ഏജന്‍സിയുടെ സഹായം തേടാനാണ് സംസ്ഥാനം ആലോചിക്കുന്നത്. ഞായറാഴ്ച രഹസ്യാന്വേഷണവിഭാഗം ഉന്നതരുമായി ബെഹ്റ ചര്‍ച്ച നടത്തിയിരുന്നു. യുവാക്കളുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം.
അതേസമയം, കേന്ദ്രത്തില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഡി.ജി.പിയുടെ ശിപാര്‍ശ ലഭ്യമായ ശേഷം തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്ന് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ‘മാധ്യമ’ത്തോട് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.