കാസര്‍കോട്: തൃക്കരിപ്പൂര്‍ സ്വദേശികളടക്കമുള്ളവരെ സംസ്ഥാനത്തുനിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ എന്‍.ഐ.എ അന്വേഷണം തുടങ്ങി. എന്‍.ഐ.എ കൊച്ചി യൂനിറ്റ് ഡിവൈ.എസ്.പി പി. വിക്രമന്‍െറ നേതൃത്വത്തിലാണ് കാസര്‍കോട്ട് അന്വേഷണം ആരംഭിച്ചത്. മൂന്നംഗ എന്‍.ഐ.എ സംഘം പടന്ന-തൃക്കരിപ്പൂര്‍ മേഖലയിലെ കാണാതായവരുടെ കുടുംബങ്ങളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. കാണാതായവരെ തിരിച്ചുകൊണ്ടുവരാനുള്ള അന്വേഷണമാണ് നടത്തുന്നതെന്നും അന്വേഷണത്തിന്‍െറ എല്ലാ ഘട്ടത്തിലും കുടുംബങ്ങളുടെ സഹായം ഉണ്ടാകണമെന്നും സംഘം ആവശ്യപ്പെട്ടു. കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ടോംസണ്‍ ജോസ്, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി സുനില്‍ബാബു കേളോത്തുംകണ്ടി എന്നിവര്‍ തൃക്കരിപ്പൂരില്‍ ക്യാമ്പ് ചെയ്ത് പൊലീസിന്‍െറ ഭാഗത്തുനിന്നുള്ള അന്വേഷണവും ഊര്‍ജിതമാക്കിയിട്ടുണ്ട്.
ജില്ലാ പൊലീസ് മേധാവിയുടെ സാന്നിധ്യത്തില്‍ ഞായറാഴ്ച എട്ടു കേസുകള്‍ കൂടി ഈ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്തതോടെ കാണാതായ പരാതികള്‍ സംബന്ധിച്ച് കാസര്‍കോട് ജില്ലയിലെ കേസുകള്‍ 10 ആയി. കാണാതായവരുടെ പാസ്പോര്‍ട്ടിന്‍െറ പകര്‍പ്പുകള്‍ ചന്തേര പൊലീസ് ശേഖരിച്ച് എന്‍.ഐ.എക്ക് കൈമാറി. പാസ്പോര്‍ട്ടിന്‍െറ വഴികള്‍ പിന്തുടര്‍ന്നാല്‍ മാത്രമേ കാണാതായവര്‍ ഏതുവഴിയാണ് പോയിരിക്കുന്നതെന്ന് പറയാനാവുകയുള്ളൂവെന്ന് അന്വേഷണ സംഘം പറഞ്ഞു. സിറിയ, അഫ്ഗാന്‍, യമന്‍ എന്നിവിടങ്ങളില്‍ എത്തിയതായ വിവരം സ്ഥിരീകരിക്കാത്തതാണ്. ‘ഐ.എസ്’ എന്നത് എളുപ്പത്തില്‍ ഊഹിക്കാവുന്ന ഒന്നായതുകൊണ്ടാണ് ഈ രീതിയില്‍ ചിന്തിക്കുന്നത്. അന്വേഷണത്തിലൂടെ മാത്രമേ യഥാര്‍ഥ വിവരം പുറത്തുകൊണ്ടുവരാനാകൂവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
കാണാതായവരെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയതായി പടന്നയിലെ പരാതിക്കാരായ കുടുംബങ്ങള്‍ പറഞ്ഞു. തന്നെ ആശ്വസിപ്പിച്ച ഉദ്യോഗസ്ഥന്‍ ഒരു ഭയവും വേണ്ടെന്ന് ഉറപ്പുനല്‍കിയതായി പരാതിക്കാരില്‍ ഒരാളായ സാജിദിന്‍െറ പിതാവ് വി.കെ.ടി. മുഹമ്മദ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.