സാകിര്‍ നായികിന്‍റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്- കോടിയേരി

തിരുവനന്തപുരം: സാകിര്‍ നായികിനെ പിന്തുണച്ച മുസ്ലിം ലീഗിന്‍റെ പ്രസ്താവനക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുസ്ലിം ലീഗിന്‍റെ ഭാഗത്തു നിന്ന് ചില നേതാക്കന്‍മാര്‍ സാകിര്‍ നായികിനെ ന്യായീകരിച്ചുകൊണ്ടുള്ള പ്രസ്താവന പുറപ്പെടുവിച്ചതായി കാണുന്നു. നായികിനെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പരിശോധിക്കേണ്ടതായിട്ടുണ്ട്- കോടിയേരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
 നായികന്‍റെ  പ്രവര്‍ത്തനങ്ങളും പ്രചരണങ്ങളും സംബന്ധിച്ച് കേരളത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചശേഷം മാത്രമേ നായികിന്‍റെ നിലപാട് എന്താണെന്ന് വിലയിരുത്തികൊണ്ട് അഭിപ്രായം പ്രകടിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം പുറപ്പെടുവിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍്റെ പ്രവര്‍ത്തനങ്ങളും മറ്റ് ആക്ഷേപങ്ങളും കൂടുതല്‍ അന്വേഷണത്തിന് വിധേയമാക്കേണ്ടതുണ്ട്. മറ്റുവിവരങ്ങള്‍ അറിഞ്ഞശേഷമേ വിഷയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കാന്‍ കഴിയൂവെന്നും കോടിയേരി പ്രതികരിച്ചു.
മുസ്ലിം ലീഗോ ഏതു തരത്തിലുള്ള പ്രസ്ഥാനമോ ആയാലും ഭീരകവാദത്തിന് അനുകൂലമായ സമീപനം സ്വീകരിക്കാന്‍ പാടില്ല. സാകിര്‍ നായികിനെ പിന്തുണച്ചത് മുസ്ലിം ലീഗിന്‍റെ അഭിപ്രായമാണോയെന്ന് വ്യക്തമല്ല. ചില നേതാക്കന്‍മാരുടെ അഭിപ്രായമാണ് വന്നിരിക്കുന്നത്. ലീഗിനുള്ളില്‍ തന്നെ അത് ഭിന്നമായ അഭിപ്രയങ്ങള്‍ പ്രകടിപ്പിച്ചതായി കാണുന്നുണ്ട്. ഭീകരവാദത്തിന് എതിരായ ശക്തമായ നിലപാടാണ് സ്വീകരിക്കേണ്ടതെന്നും കോടിയേരി പറഞ്ഞു.

കേരളത്തിലെ യുവതീയുവാക്കളെ കാണാതായ സംഭവം കേന്ദ്ര സര്‍ക്കാറും അന്വേഷണ  ഏജന്‍സിയും അന്വേഷിച്ചുകൊണ്ടിരിക്കയാണ്. ഐ.എസ്.ലോകത്തിലെ  തന്നെ ഏറ്റവും വലിയ ഭീകരവാദ പ്രസ്ഥാനമായി പ്രവര്‍ത്തിക്കുകയാണ്. കാണാതായവര്‍ ഐ.എസില്‍ എത്തിയിട്ടുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതു സംബന്ധിച്ച് കേന്ദ്ര ഏജന്‍സിക്കോ സംസ്ഥാനം സര്‍ക്കാറിനോ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.
ഇതിന്‍്റെ പേരില്‍ ഏതെങ്കിലും മതത്തെ ഒറ്റയടിക്ക് ആക്ഷേപിക്കുന്ന പ്രചാരവേല പാടില്ല. അത് വിപരീതഫലമാണ് ചെയ്യുക. ഈ സാഹചര്യമുപയോഗിച്ച് മുസ്ലിം മത വിഭാഗത്തില്‍പെട്ടവരാകെ ഭീകരവാദ പ്രവര്‍ത്തനത്തിലേക്കത്തെുവെന്ന പ്രചാരവേല ചില കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അത്തരം പ്രചാരവേല തെറ്റായ നിലയിലേക്കാണ് എത്തിക്കുന്നത്. ഏല്ലാ മതത്തിന്‍്റെ പേരിലുമുള്ള ഭീകരവാദത്തിനും സി.പി.എം എതിരാണ്. എല്ലാ ഭീകരവാദികളെയും ഒറ്റപ്പെടുത്താനുള്ള നിലപാടാണ് സ്വീകരിക്കേണ്ടതെന്നും കോടിയേരി വ്യക്തമാക്കി.

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.